കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയാകെ ചര്‍ച്ച ചെയ്യുന്നത് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന എന്ന സിനിമയാണ്. സമകാലീക ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ പ്രാധാന്യമാണ് ചിത്രത്തിനുള്ളത്.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ നിരവധി റിയല്‍ ലൈഫ് റഫറന്‍സുകളുണുണ്ടായിരുന്നു. ഇതില്‍ പ്രധാന കഥയുടെ ഭാഗമാണ് എന്‍കൗണ്ടര്‍ കില്ലിംഗ്. കഥയുടെ ബേസിക് പ്ലോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതിനാല്‍ സ്‌പോയിലറുണ്ടാകുന്നതായിരിക്കും.
ചിത്രത്തിലെ ഒരു സ്ത്രീ കഥാപാത്രത്തെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതിന് ശേഷം ചുട്ടുകൊല്ലുന്നുണ്ട്. പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയും സ്വാധീനമുപയോഗിച്ച് ഇവര്‍ പുറത്ത് കടക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന ഭാഗങ്ങളുമുണ്ട്.
നേരത്തെ തന്നെ സ്ത്രീ കഥാപാത്രത്തിന്റെ മരണത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനാല്‍ തന്നെ ഈ പ്രതികളുടെ മരണത്തിന് പിന്നാലെ വലിയ ആഹ്ലാദ പ്രകടനങ്ങളും പൊലീസിന് പ്രശംസയും ലഭിക്കുന്നതായി ചിത്രത്തില്‍ കാണിക്കുന്നു.
ഈ രംഗങ്ങള്‍ കണ്ടപ്പോള്‍ ചിലര്‍ക്കെങ്കിലും 2019ല്‍ തെലങ്കാനയില്‍ നടന്ന എന്‍കൗണ്ടര്‍ കില്ലിംഗ് ഓര്‍മയിലേക്ക് വന്നിട്ടുണ്ടാവും. വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിന് പിന്നാലെ ജന ഗണ മനയില്‍ കാണിച്ചതിന് സമാനമായി രാജ്യത്ത് വലിയ ആഹ്ലാദപ്രകടനമാണ് നടന്നത്.
ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ 2019 നവംബര്‍ 28ന് പുലര്‍ച്ചെയാണ് യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. പിന്നാലെ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
ലോറിയില്‍ ഇഷ്ടികയുമായി വന്നതായിരുന്നു ആരിഫും ശിവയും. സാധനമിറക്കാന്‍ വൈകിയതു കൊണ്ട് അവര്‍ ടോള്‍ പ്ലാസയില്‍ കാത്തുനില്‍ക്കുമ്പോള്‍ സുഹൃത്തുക്കളായ മറ്റു പ്രതികള്‍ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു.
രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. ഈ സമയം യുവതി തന്റെ സഹോദരിയെ വിളിച്ചു വണ്ടിയുടെ ടയര്‍ പഞ്ചറായ കാര്യവും ഒപ്പം കൂടിയ അപരിചതരുടെ കാര്യവും പറഞ്ഞിരുന്നു.
സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പ്രതികള്‍ ഡോക്ടറെ സമീപത്തുള്ള വളപ്പിലേക്കു കൊണ്ടുപോയി വായില്‍ മദ്യം ഒഴിച്ചുകൊടുത്ത ശേഷം കൂട്ട ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു. ഡോക്ടര്‍ അലറിക്കരഞ്ഞതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. വാഹനത്തിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു കത്തിച്ചു.
സൈബരാബാദ് മെട്രോപൊലീറ്റര്‍ പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജ്‌നാറാണ് കേസ് അന്വേഷിച്ചത്. ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്നു സജ്ജനാര്‍ പറഞ്ഞിരുന്നു.സംഭവത്തിന് പിന്നാലെ ജനരോഷം അണപൊട്ടി. രാജ്യത്താകെ പ്രതിഷേധം ശക്തമാക്കി.
ഡിസംബര്‍ ആറിന് നാല് പ്രതികളും വെടിയേറ്റു മരിച്ചു എന്ന വാര്‍ത്തയാണ് രാജ്യം കേട്ടത്. നാലു പ്രതികളെ വെടിവച്ചു കൊന്നത് പൊലീസ് തന്നെയായിരുന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
തെളിവെടുപ്പിനിടെ തോക്ക് തട്ടിയെടുത്ത പ്രതികള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണു വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. തെളിവെടുപ്പിന്റെ ഭാഗമായി കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടെയായിരുന്നു സംഭവം.
തുടര്‍ന്ന് രാജ്യത്താകെ വലിയ ആഹ്ലാദ പ്രകടനമായിരുന്നു. ജനങ്ങള്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും പ്രതികളുടെ കൊലപാതകം ആഘോഷിച്ചു. വി.സി. സജ്ജ്‌നാറിന് ജനങ്ങള്‍ക്കിടയില്‍ വീരപരിവേഷം ലഭിച്ചു. അയാളുടെ മേല്‍ പുഷ്പ വൃഷ്ടി ഉണ്ടായി.
സമാനമായ സംഭവം തന്നെയാണ് ജന ഗണ മനയിലും ദൃശ്യവല്‍കരിച്ചിരിക്കുന്നത്. എന്നാല്‍ അതിനപ്പുറത്തുള്ള അജണ്ടകളും ജാതിയുടെ രാഷ്ട്രീയവും കൂടി മുന്നോട്ട് കൊണ്ടുവന്ന് സംഭവത്തിന്റെ മറ്റൊരു വശം തന്നെ സിനിമ കാണിച്ചു തരുന്നുണ്ട്.ജനരോഷമെങ്ങനെയാണ് പ്രതികളുടെ കൊലപാതകത്തിലേക്ക് നയിക്കുന്നതെന്നും ജന ഗണ മന കാണിച്ചു തരുന്നു.
Content Highlight: jana gana mana reminds about the encounter that took place in telangana in 2019