റിലീസിന് പിന്നാലെ മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായ സിനിമയാണ് ജന ഗണ മന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം പ്രമേയത്തിലെ രാഷ്ട്രീയം കൊണ്ട് റിലീസ് സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു.
ഏപ്രില്‍ 28നായിരുന്നു ജന ഗണ മനയുടെ തിയേറ്റര്‍ റിലീസ്. മെയ് ഒന്നിന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രം വീണ്ടും ചര്‍ച്ചകളിലേക്കുയര്‍ന്നിരിക്കുകയാണ്.
നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ജന ഗണ മന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത രണ്ടാം ദിവസമാണ് ജന ഗണ മന ഒന്നാം സ്ഥാനത്തേക്കെത്തിയത്.
ചിത്രത്തിലെ വീഡിയോ ക്ലിപ്പ് മാധ്യമ പ്രവര്‍ത്തക റാണാ അയൂബ് പങ്കുവെച്ചിരുന്നു. മലയാളം സിനിമകള്‍ എല്ലായ്‌പ്പോഴും കാണാറുണ്ട് എന്ന് പറഞ്ഞായിരുന്നു റാണ് അയൂബ് വീഡിയോ പങ്കു വെച്ചത്. ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ കോടതി മുറിയില്‍ വാദിക്കുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ രംഗങ്ങളാണ് റാണാ അയൂബ് പങ്കുവെച്ചത്.
മലയാളത്തില്‍ ഈ വര്‍ഷം ശ്രദ്ധേയ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ജന ഗണ മന. ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ആദ്യ വാരം മുതല്‍ ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്താന്‍ ജന ഗണ മനക്ക് സാധിച്ചു.
ചിത്രം 26 ദിവസങ്ങളില്‍ 50 കോടിയാണ് നേടിയത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ 2018ല്‍ സംവിധാന അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആന്റണിയുടെ രണ്ടാം ചിത്രമാണ് ജന ഗണ മന. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. തിയേറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ജന ഗണ മന.
Content Highlight: Jana Gana Mana movie has topped the Netflix top list