റൊണാള്‍ഡോയും, മെസിയും പോയാലും ലാ ലിഗ കുലുങ്ങില്ല; അത്ലറ്റിക്കോ മാഡ്രിഡ് താരം
Football
റൊണാള്‍ഡോയും, മെസിയും പോയാലും ലാ ലിഗ കുലുങ്ങില്ല; അത്ലറ്റിക്കോ മാഡ്രിഡ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd December 2023, 9:13 am

ആധുനിക യുഗത്തിലെ ഏറ്റവും മികച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും സ്പാനിഷ് ലീഗില്‍ അവിസ്മരണീയമായ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയവരാണ്. എന്നാല്‍ ഇരു താരങ്ങളും ലാ ലിഗ വിട്ട് മറ്റു ലീഗുകളിലേക്ക് ചേക്കേറിയപ്പോള്‍ സ്പാനിഷ് ലീഗിന്റെ പ്രൗഢിക്ക് മങ്ങലേറ്റുവെന്ന് പൊതുവെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു.

ഈ സാഹചര്യത്തില്‍ ലാ ലിഗയെകുറിച്ച് സംസാരിച്ചിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഗോള്‍ കീപ്പര്‍ ജാന്‍ ഒബ്ലാക്.

റൊണാള്‍ഡോയും മെസിയും സ്പാനിഷ് ലീഗില്‍ നിന്നും പോയെങ്കിലും ലാ ലിഗയുടെ നിലവാരം നഷ്ടപ്പെട്ടിട്ടില്ലെന്നും അത് പഴയ പോലെ തുടരുന്നുണ്ടെന്നുമാന്ന് ഒബ്ലാക് പറഞ്ഞത്.

‘ലാ ലിഗ ഇപ്പോഴും മുമ്പത്തെ പോലെ തന്നെയാണ്. ഇവിടെയുള്ള എല്ലാ ടീമുകളും വളരെ മികച്ചതാണ്. ലാ ലിഗയിലെ ഓരോ മത്സരങ്ങളും വളരെ ബുദ്ധിമുട്ടുനിറഞ്ഞതാണ്. ലാ ലിഗ ഇപ്പോഴും വളരെ മത്സരാധിഷ്ഠിതമാണ്.

ഇതിന് മുമ്പാണെകില്‍ മെസിയും റൊണാള്‍ഡോയും ഇവിടെ ഉണ്ടായതുകൊണ്ട് ലോകം അവരെ രണ്ടുപേരെക്കുറിച്ചാണ് കൂടുതല്‍ സംസാരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലാ ലിഗ മുമ്പത്തേക്കാള്‍ അത്ര എളുപ്പമല്ല. ലാ ലിഗ ഇപ്പോഴും വളരെ മികച്ച താരങ്ങളും മത്സരബുദ്ധിയുള്ളതുമാണ്,’ ഒബ്ലാക് ഫുട്‌ബോള്‍ എസ്പാനയിലൂടെ പറഞ്ഞു.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ റയല്‍ മാഡ്രിനായി ഒമ്പത് സീസണുകളിലാണ് ലാ ലിഗയില്‍ ബൂട്ട് കെട്ടിയത്. ലോസ് ബ്ലാങ്കോസിനൊപ്പം 438 മത്സരങ്ങളില്‍ നിന്നും 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് റോണോ നേടിയിട്ടുള്ളത്. 2018 ലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റയല്‍ മാഡ്രിഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയത്.

അതേസമയം അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് വേണ്ടി തന്റെ കരിയറിലെ മുഴുവന്‍ സമയവും കളിച്ചത്. കറ്റാലന്‍മാരൊപ്പം 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളും 303 അസിസ്റ്റുകളും മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്.

നിലവില്‍ ലാ ലിഗയില്‍ 14 റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡ് ആണ്. അത്രതന്നെ പോയിന്റ് ഉള്ള ജിറോണയാണ് രണ്ടാം സ്ഥാനത്തുള്ളത്. റയല്‍ മാഡ്രിഡുമായി ഏഴ് ഗോള്‍ വ്യത്യാസമാണ് ജിറോണക്കുള്ളത്.

Content Highlight: Jan Oblak talks about La liga.