| Tuesday, 7th December 2021, 12:08 pm

ജാന്‍.എ.മന്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്ത് വേണമെങ്കില്‍ റിസ്‌ക് കുറയ്ക്കാമായിരുന്നു; സംവിധായകന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡിന് ശേഷം തിയറ്ററുകളിലെത്തി വന്‍വിജയം നേടിയ ചിത്രമാണ് ജാന്‍.എ.മന്‍. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ തിയറ്ററിലെത്തിയ ചിത്രം മികച്ച കോമഡി എന്റര്‍ടെയ്‌നറായാണ് വിലയിരുത്തപ്പെട്ടത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗണപതിയുടെ സഹോദരന്‍ ചിദംബരം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ജാന്‍.എ.മന്‍. ഇരുവരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

ജാന്‍ എ മന്‍ ഒ.ടി.ടിക്ക് വേണ്ടി ചെയ്തതാണെന്നും പിന്നീട് ചെയ്തു വന്നപ്പോള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുകായിരുന്നുവെന്നും പറയുകയാണ് ചിദംബരം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം തന്റെ ആദ്യ സിനിമയെ പറ്റി മനസുതുറന്നത്.

‘സിനിമ എപ്പോഴും റിസ്‌കാണ്. കോവിഡ് കാലത്ത് റിസ്‌ക് എലമെന്റ് കുറച്ച് കൂടുതലാണ്. ജാന്‍ എ മന്‍ ഒടിടിക്കു വേണ്ടി ചെയ്തു തുടങ്ങിയ സിനിമയാണ്. പക്ഷേ ചെയ്തുവന്നപ്പോള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് എല്ലാവരും ഒരുപോലെ ആഗ്രഹിച്ചു. നിര്‍മ്മാതാക്കളും അത് സമ്മതിച്ചതുകൊണ്ട് ആദ്യ സിനിമ തിയേറ്ററില്‍ ഇറക്കാനുള്ള ഭാഗ്യമുണ്ടായി. ചിത്രം ഒ.ടി.ടി റിലീസ് ചെയ്ത് വേണമെങ്കില്‍ റിസ്‌ക് കുറക്കാമായിരുന്നു. പക്ഷേ സിനിമ, അത് എപ്പോഴും വലിയ സ്‌ക്രീനിനുവേണ്ടിയുള്ളതാണ്,’ ചിദംബരം പറഞ്ഞു.

‘ജാന്‍.എ.മനിന്റെ കഥയ്ക്കുള്ള ത്രെഡ് വന്നത് ജീവിതത്തില്‍ നിന്നുതന്നെയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രം ജോയ് മോനെ പോലെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ആഗ്രഹിച്ച ആളായിരുന്നു ഞാനും. പിറന്നാള്‍ ആഘോഷിക്കാനായി ക്ലാസ്മേറ്റ്സിനെയും ഫ്രണ്ട്സിനെയും വിളിച്ച് വീട്ടില്‍ അതിനുള്ള കാര്യങ്ങളൊക്കെ സെറ്റ് ചെയ്ത് ഇരിക്കുവായിരുന്നു. അപ്പോഴാണ് നമ്മുടെ തൊട്ടടുത്ത വീട്ടിലെ ഒരു അമ്മൂമ്മ മരിച്ചത്. പിന്നെ പറയേണ്ടല്ലോ.അവിടെ നിന്നാണ് കഥയുടെ ത്രെഡ് കിട്ടിയത്. സിനിമയില്‍ പിന്നീട് നടന്ന കാര്യങ്ങളൊക്കെ വെറും കഥകളാണ്,’ ചിദംബരം കൂട്ടിച്ചേര്‍ത്തു.

അച്ഛന്‍ സതീഷിലൂടെയാണ് ചിദംബരത്തിന്റെ സിനിമ ബന്ധം ആരംഭിക്കുന്നത്. സതീഷ് ദീര്‍ഘകാലം അസോസിയേറ്റ് ഡയറക്ടറായിരുന്നു.
ബി.സി.എ പഠിക്കാന്‍ ചേര്‍ന്ന ചിദംബരം പാതിവഴിയില്‍ പഠനം നിര്‍ത്തി സിനിമയിലേക്ക് തന്നെ തിരിയുകയായിരുന്നു. ജയരാജ്, രാജീവ് രവി, കെ.യു മോഹന്‍ എന്നിവര്‍ക്കൊപ്പമെല്ലാം ജോലി ചെയ്ത ചിദംബരം തൊണ്ടിമുതലും ദൃക്സാക്ഷിയിലും അസിസ്റ്റന്റ് ക്യാമറമാനായിരുന്നു. സംവിധാനവും ഛായാഗ്രഹണം രണ്ട് മേഖലയിലും മാറി മാറി വര്‍ക്ക് ചെയ്തിട്ടുണ്ട്.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ജാന്‍.എ.മനില്‍ അണിനിരക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വികൃതി എന്ന സിനിമക്ക് ശേഷം ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: jan-e-man-director-chidambaram-talks-about-the-film

We use cookies to give you the best possible experience. Learn more