ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ പ്രധാൻ മന്ത്രി ജൻ ധൻ യോജന പദ്ധതിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. പദ്ധതിയുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് അറിയില്ലെന്നും പദ്ധതിയുടെ നടത്തിപ്പ് സുതാര്യമാണോ എന്ന് സംശയമുള്ളതായും കോൺഗ്രസ് പറഞ്ഞു.
ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. 2014 ഓഗസ്റ്റ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. സർക്കാർ കണക്കുകൾ അനുസരിച്ച് ആദ്യ ദിവസത്തിൽ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നിട്ടുണ്ട്.
എന്നാൽ നിലവിൽ 100 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ അക്കൗണ്ടുകളിലൂടെയായി 12,000 കോടി രൂപ ഉള്ളതായും റിപ്പോർട്ടുകൾ ഉണ്ട്. ഈ പണം ഉപഭോക്താക്കൾക്ക് പിൻവലിക്കാൻ സാധിക്കില്ലെന്നും കോൺഗ്രസ് പറഞ്ഞു.
ഈ അക്കൗണ്ടുകളുടെ ഉടമസ്ഥർ പ്രധാനമായും സ്ത്രീകളാണ്. സാക്ഷരതയില്ലായമ, ഡിജിറ്റൽ സാക്ഷരതാ ഇല്ലായ്‌മ, ബാങ്കിങ് സേവനങ്ങൾ കൃത്യമായി ലഭിക്കായ്ക തുടങ്ങിയ പ്രശ്നങ്ങൾ കാരണമാണ് പല അക്കൗണ്ടുകളും പ്രവർത്തനരഹിതമായതെന്ന് കോൺഗ്രസ് പറഞ്ഞു.
നിലവിൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ ഉള്ള 12,779 കോടി രൂപ പദ്ധതിയുടെ തകർച്ചയെ സൂചിപ്പിക്കുന്നെന്ന് കോൺഗ്രസ് വിമർശിച്ചു. നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും തടയാൻ വേണ്ടി സർക്കാർ 2016 ൽ നോട്ട് നിരോധിച്ചിരുന്നു. ഈ കാലയളവിൽ കള്ളപ്പണം മറച്ചുവെക്കാൻ ജൻ ധൻ യോജനയുടെ അക്കൗണ്ടുകൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് മുമ്പ് തന്നെ കോൺഗ്രസ് പറഞ്ഞിരുന്നു.
2016-ൽ ₹500ന്റെയും 1000ത്തിന്റെയും നോട്ടുകൾ അസാധുവാക്കിയിരുന്നു. 2017 ലെ ആർ.ബി.ഐ റിപ്പോർട്ട് അനുസരിച്ച് അസാധുവാക്കിയ നോട്ടുകൾ അടങ്ങുന്ന വലിയൊരു തുക ചില പ്രത്യേക അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. മിനിമം ബാലൻസ് ഇല്ലാത്ത സേവിങ്സ് അക്കൗണ്ടുകൾ, ജൻ ധൻ യോജന അക്കൗണ്ടുകൾ, കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി), പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെയും സഹകരണ ബാങ്കുകളുടെയും അക്കൗണ്ടുകൾ എന്നിവയിലേക്കാണ് പണം എത്തിയതെന്നാണ് ആർ.ബി.ഐ റിപ്പോർട്ട് പറയുന്നത്. ഇതും പദ്ധതിയുടെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ വർധിപ്പിക്കുന്നുണ്ട്.
Content Highlight: Jan Dhan Yojana: Why 100 million-plus inactive accounts, Congress asks govt