അര്‍ജന്റീനന്‍ ടീമില്‍ നിന്നും ലയണല്‍ മെസി വിരമിച്ചാല്‍ താരത്തിന്റെ പത്താം നമ്പര്‍ ജേഴ്‌സിയും അര്‍ജന്റീനന്‍ ടീമില്‍ നിന്നും വിരമിക്കും എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
മെസി അര്‍ജന്റീനയില്‍ നിന്നും വിരമിച്ചു കഴിഞ്ഞാല്‍ മറ്റൊരു താരത്തെയും പത്താം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയോ പറഞ്ഞത്.
പത്താം നമ്പര്‍ മെസിയുടെ വിരമിക്കലോടുകൂടി അര്‍ജന്റീനന്‍ ടീമില്‍ ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ഇതിഹാസതാരത്തിന്റെ ജേഴ്‌സി ഭാവിയില്‍ വരാന്‍ പോകുന്ന താരങ്ങള്‍ക്ക് പ്രചോദനമാവുമെന്നുമാണ് നോര്‍വീജിയന്‍ മുന്‍ താരം പറഞ്ഞത്. ബി.ബി.സി പോസ്റ്റിന് മറുപടിയായി തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു താരം പ്രതികരിച്ചത്.
‘അര്‍ജന്റീനക്ക് പത്താം നമ്പറില്‍ മറഡോണ ഉണ്ടായിരുന്നു. മറഡോണയുടെ പത്താം നമ്പര്‍ ആണ് മെസിയെ പ്രചോദിപ്പിച്ചത്. മെസിയുടെ പത്താം നമ്പര്‍ ഭാവിയിലെ യുവതാരങ്ങളെ വളരെയധികം പ്രചോദിപ്പിക്കും,’ ജാന്‍ ആഗെ പറഞ്ഞു.
1986 ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കാന്‍ ഡീഗോ മറഡോണക്ക് സാധിച്ചിരുന്നു. ആ ലോകകപ്പില്‍ അഞ്ചു ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടി മികച്ച പ്രകടനമായിരുന്നു മറഡോണ കാഴ്ചവെച്ചത്.