മലയാള സിനിമയില്‍ നമുക്കൊരു പ്രകാശ് രാജില്ല
FB Notification
മലയാള സിനിമയില്‍ നമുക്കൊരു പ്രകാശ് രാജില്ല
ജംഷിദ് പള്ളിപ്രം
Tuesday, 25th April 2023, 5:01 pm

മലയാള സിനിമയില്‍ നമുക്കൊരു പ്രകാശ് രാജില്ല. ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ അപര്‍ണ ബാലമുരളിയും നവ്യ നായരും വിജയ് യേശുദാസുമൊക്കെ പങ്കെടുത്തത് അവര്‍ ആ രാഷ്ട്രീയത്തിന്റെ ഭാഗമായത് കൊണ്ടാണെന്ന് തത്കാലം വിശ്വസിക്കുന്നില്ല. അവരുടെ രാഷ്ട്രീയം സംഘപരിവാര്‍ അനുകൂല രാഷ്ട്രീയമാണെന്ന് പറയാത്ത കാലത്തോളം അവരെ സംഘിയാക്കി ടാഗ് ചെയ്യുന്നുമില്ല. അവരെ സംബന്ധിച്ച് മോദി ഒരു പ്രധാനമന്ത്രി മാത്രമാണ്.

ഒട്ടും രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തവരാണ് ഇവിടെയുള്ള ഭൂരിപക്ഷ നടീ നടന്മാരും ഗായകരും കലാകാരന്മാരും. അല്ലെങ്കില്‍ സേഫ് സോണില്‍ നിന്നുകൊണ്ട് ആരെയും പിണക്കേണ്ടതില്ല എന്ന് ചിന്തിക്കുന്നവര്‍. കൂടുതല്‍ സാധ്യതയും രണ്ടാമത് പറഞ്ഞതിനാണ്.

അപര്‍ണ ബാലമുരളിക്ക് പകരം മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിനെയോ മെഗാസ്റ്റാറിനെയോ ക്ഷണിച്ചാലും അവരും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി എന്ന ന്യായീകരണത്തില്‍ പങ്കെടുക്കും. അവര്‍ക്ക് ന്യായീകരിക്കാന്‍ വെട്ടുക്കിളി കൂട്ടങ്ങളുമുണ്ടാവും.

ഇന്ന് ഇ.ഡിയും സി.ബി.ഐയും ഒരു പാര്‍ട്ടിയുടെ കൂലിപണിക്കാരായ രാജ്യത്ത് സെലിബ്രിറ്റികള്‍ക്ക് രാഷ്ട്രീയം പറയണമെങ്കില്‍ അപാരമായ തന്റേടം വേണം. കൃത്യമായ രാഷ്ട്രീയ ബോധം ഉണ്ടാവണം. ഫാസിസത്തിനെതിരെ നിലകൊള്ളാനുള്ള കരുത്തുണ്ടാവണം. അങ്ങനെ ഒരാള്‍ ഇന്ത്യന്‍ സിനിമ മേഖലയില്‍ ഉണ്ടെങ്കില്‍ അത് പ്രകാശ് രാജാണ്.

രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിച്ച അക്ഷരോത്സവത്തില്‍ പ്രകാശ് രാജ് സംസാരിച്ചത് ഇങ്ങനെയാണ്:

‘എന്റെ വാതിലിനരികില്‍വെച്ചാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. എന്റെ സുഹൃത്തിന് വേണ്ടി എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. അതെന്റെ ഹൃദയം തളര്‍ത്തി. പരാതിപ്പെടുകയല്ല ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്. മറ്റൊരു ഗൗരി ഈ രാജ്യത്ത് ഉണ്ടാകരുത്.

പന്‍സാരെ, ധബോല്‍കര്‍, കല്‍ബുര്‍ഗി, ഗൗരി തുടങ്ങിയവര്‍ അവരുടെ പ്ലാനിന്റെ ഒരു ഭാഗം മാത്രമാണ്. വ്യക്തിപരമായിട്ടല്ല, അവരെ ഇല്ലാതാക്കുന്നതിലൂടെ മറ്റുള്ളവരുടെ ശബ്ദം കൂടി ഇല്ലാതാക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ ഒരാളെ നിശബ്ദമാക്കിയാല്‍ നൂറിലേറെപേര്‍ ശബ്ദമുയര്‍ത്തും. ഇത് അവരെ ഭയപ്പെടുത്തുന്നു. ആരാണ് കൊലപാതകി എന്ന് നമുക്ക് അറിയാം. എന്താണ് അവരുടെ അജണ്ട എന്നും നമ്മുടെ മുമ്പിലുണ്ട്.

സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നു എന്ന് ഓരോരുത്തരും തെളിയിക്കേണ്ടി വരുന്നതിന്റെ ആവശ്യമെന്താണ്. നിങ്ങളുടെ അമ്മ ആരാണെന്ന് എല്ലാ ദിവസവും തെളിയിക്കേണ്ടി വരുന്നുണ്ടോ? ഭാഷ വെറുമൊരു ശബ്ദമാണ്. ഹിന്ദി ഭാഷ വേണമെന്ന് എന്തിനാണ് അവര്‍ വാശിപിടിക്കുന്നത്?
മോദിയുടെ പ്രസംഗം മനസിലാക്കാന്‍ വേണ്ടിയിട്ടായിരിക്കും.

സാമൂഹ്യ മാധ്യമങ്ങളില്‍ ആരെങ്കിലും പരിഹസിക്കുമെന്നത് കൊണ്ട് പിന്‍മാറാന്‍ ഞാന്‍ തയ്യാറല്ല. ഈ ഭൂമിയില്‍ ഒരു അപരിചിതനായി മരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ ആരാണെന്നും ഞാന്‍ എന്താണെന്നും ജനങ്ങള്‍ അറിയണം,’ അതേ.. മലയാള സിനിമയില്‍ നമുക്കൊരു പ്രകാശ് രാജില്ല.

 Content Highlight: jamshid pallipram write up about malayalam celebrities politics