ജനിച്ചുവീഴുമ്പോള്‍ ദേശീയപതാക പുതപ്പിക്കുന്നത് മുതല്‍ തുടങ്ങുന്നതാണവരുടെ പോരാട്ടം
DISCOURSE
ജനിച്ചുവീഴുമ്പോള്‍ ദേശീയപതാക പുതപ്പിക്കുന്നത് മുതല്‍ തുടങ്ങുന്നതാണവരുടെ പോരാട്ടം
ജംഷിദ് പള്ളിപ്രം
Sunday, 8th October 2023, 6:16 pm

നിങ്ങള്‍ വീടില്ലാത്തവരോട് സംസാരിച്ച് നോക്കുക. കയറി കിടക്കാന്‍ ഒരു സ്ഥലമില്ല എന്നതിനൊപ്പം പ്രശ്‌നം അവര്‍ക്കൊരു മേല്‍വിലാസമില്ലാത്തത് കൂടിയാണ്.
ഗാസയിലുള്ളവരുടെ കാര്യം അതിനെക്കാള്‍ സങ്കീര്‍ണമാണ്. ജനിച്ച നാട്ടില്‍ നിന്നും ആട്ടിയോടിക്കുക. അവരെ കൊല്ലുക. കൊന്നുതീര്‍ത്ത് അവരുടെ ഭൂമി കയ്യേറുക. അവരെ അഡ്രസില്ലാത്തവരായി മാറ്റുക.

ദുബായിയില്‍ നിന്നും അബുദാബിയിലെത്തിയ ആദ്യ ദിവസം. ഓഫീസിലുണ്ടായ ഒരു മലയാളി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. ഓഫീസിനകത്ത് കയറി എല്ലാവരോടും യാത്ര പറഞ്ഞുപോകുന്നുണ്ട്. മനേജരോടും കൂടെ ഉണ്ടായിരുന്നവരോടും യാത്ര പറഞ്ഞു അയാള്‍ ഇറങ്ങി.

എന്റെ തൊട്ടടുത്ത് ഒരു അറബിയുണ്ട്. അറബി സംസാരിക്കുന്നയാള്‍ എന്നല്ലാതെ അയാളുടെ നാടോ വീടോ അറിയില്ല.

‘എനിക്ക് പോവാന്‍ ഒരു രാജ്യമുണ്ടെങ്കില്‍ ഞാനും നിങ്ങളെ പോലെ പ്രവാസം മതിയാക്കി പോവുമായിരുന്നു.’

അയാള്‍ പതിഞ്ഞ സ്വരത്തില്‍ എന്നോട് പറഞ്ഞു. ഞാന്‍ അയാളെ നോക്കി. അയാള്‍ തുടര്‍ന്നു.

‘എനിക്ക് പോവാന്‍ ഒരു രാജ്യമുണ്ടെങ്കില്‍ ഞാനും നിങ്ങളെ പോലെ പ്രവാസം മതിയാക്കി പോവുമായിരുന്നു. ഞാന്‍ എന്റെ ഉമ്മയെ കണ്ടിട്ട് പതിനഞ്ചുവര്‍ഷമായി’ 

എനിക്ക് സങ്കടം തോന്നി. ഞാന്‍ ആശ്വസിപ്പിക്കാനെങ്കിലും ചോദിച്ചു.

ഉമ്മയുടെ അടുത്തേക്ക് പോവാന്‍ മാര്‍ഗമില്ലേ..?

‘ഇല്ല, എയര്‍പ്പോര്‍ട്ട് ഇസ്രഈല്‍ ബോംബിട്ട് തകര്‍ത്തു. ഈജിപ്ത് ബോര്‍ഡര്‍ വഴി ടാക്‌സിയില്‍ പോകാം. പക്ഷെ ടാക്‌സികാരധികം അതുവഴി പോവില്ല.

‘നിങ്ങളുടെ നാട് എവിടെയാണ്..?
അയാള്‍ പറഞ്ഞു: ഗസ, ഫലസ്തീന്‍..!

ഗസയിലുള്ളവര്‍ പൊരുതി നില്‍ക്കുന്നത് കാലങ്ങളായി ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തില്‍ നിന്നും അവരുടെ മേല്‍വിലാസം സംരക്ഷിക്കാനാണ്. അവര്‍ പോരാടുന്നത് അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.

സമാധാനമായി ജീവിക്കുന്ന നിങ്ങളുടെ വീടുകളില്‍ അക്രമികള്‍ അധിനിവേശം നടത്തി നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നാല്‍ നിങ്ങള്‍ പ്രതിരോധിക്കില്ലേ..? നിങ്ങളുടെ ജീവന്‍ സംരക്ഷിക്കാനെങ്കിലും. സേ നോ ടു വാര്‍ എന്ന വാചകം മനോഹരമാണ്. ഈ വാചകം ഉടലെടുക്കുന്നത് തന്നെ പ്രതിരോധം ഉണ്ടാവുമ്പോള്‍ മാത്രമാണ്.

ഓക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ മിസൈല്‍ വീഴുന്നതിന് മുമ്പുള്ള മണിക്കൂര്‍ വരെ ഈ വര്‍ഷം നൂറുകണക്കിന് ഫലസ്തീനികളാണ് ഏകപക്ഷീയമായ ഇസ്രഈല്‍ നടത്തുന്ന ബോംബുങ്ങിലും ഫയറിങ്ങിലും ദിവസങ്ങള്‍ ഇടവെട്ട് കൊല്ലപ്പെട്ട് കൊണ്ടിരുന്നത്.

ഗാസയിലുള്ള മനുഷ്യര്‍ക്ക് മരണവും മരണവാര്‍ത്തയും നിത്യസംഭവമാണ്. പ്രതിരോധം ഉണ്ടാവുമ്പോള്‍ അല്ലാതെ മീഡിയകളിലോ ചര്‍ച്ചകളിലോ ഇരുവശത്തും മരിക്കുന്നത് മനുഷ്യരാണെന്ന ആവലാതി കാണാറില്ല.

ഫലസ്തീനികളും മനുഷ്യരാണ്. ആരുടെയും അനുകമ്പ കിട്ടിയില്ലെങ്കിലും അവര്‍ പ്രതിരോധിക്കും. അവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ജനിക്കുന്ന ഒരുകുട്ടിയുടെ മേല്‍ ആദ്യ ദിവസം ഫലസ്തീന്‍ പതാക പുതക്കുന്നത് മുതല്‍ തുടങ്ങുന്നതാണ്.

Content Highlight: jamshid pallipram write up about israel hamas issue