| Saturday, 6th May 2023, 7:26 pm

പ്രളയനാളുകള്‍ ഓര്‍മയാണെങ്കില്‍ നമ്മള്‍ ഒന്നായിരുന്നെന്ന ഓര്‍മപ്പെടുത്തലാണ് 2018

ജംഷിദ് പള്ളിപ്രം

മനുഷ്യരെ ഒന്നിപ്പിക്കുന്നത് മാനവികതയാണ്. അപരവത്കരണവും വിദ്വേഷവും പ്രചരിപ്പിച്ച് വെറുപ്പിന്റെ പ്രചാരകര്‍ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോള്‍ നമുക്കൊരു ചരിത്രമുണ്ടെന്നും നമ്മള്‍ ഒന്നാണെന്നും ഓര്‍മ്മപ്പെടുത്തുന്ന സിനിമയാണ് 2018.

അന്യര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ ഒരു തിരമാലയുടെ രൂപത്തില്‍ മതിലുകളില്‍ നിന്ന് ഒഴികിപ്പോയ പ്രളയ കാലത്ത് സ്‌കൂള്‍ ക്യാമ്പസുകളിലും വീടുകളിലും മതസ്ഥാപനങ്ങളിലും ഒരുപാടുപേര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചും കഥപറഞ്ഞും ഒന്നിച്ചുറങ്ങിയ ദിവസങ്ങളിലേക്ക് 2018 കൂട്ടികൊണ്ടുപോവുന്നുണ്ട്.
പണമുള്ളവനും ഇല്ലാത്തവും ഒരേ തുണിത്തരങ്ങള്‍ ധരിച്ച് ഒരേ ഭക്ഷണം കഴിച്ച് ഒരേ പായയില്‍ ഉറങ്ങി. തലയോളം വെള്ളം പൊങ്ങി നില്‍ക്കുമ്പോള്‍ കൈ നീട്ടിയവനോട് നിന്റെ മതം ഏതാണെന്ന് ആരും ചോദിച്ചില്ല.

വിശന്നിരിക്കുമ്പോള്‍ ഭക്ഷണം പാകം ചെയ്തവനോട് നിന്റെ ജാതി ഏതാണെന്ന് ആരും ചോദിച്ചില്ല. അവര്‍ക്കൊരു പേരെ ഉണ്ടായിരുന്നുള്ളൂ. ആ പേര് മനുഷ്യന്‍ എന്നാണ്.
കേരള സ്റ്റോറിക്ക് ആളില്ലാതെ ആദ്യ ദിവസം തന്നെ തിയേറ്ററുകളില്‍ നിന്ന് എടുത്തുകളഞ്ഞപ്പോള്‍ ഇന്നലെയും ഇന്നുമായി 2018ന് തിയേറ്റര്‍ നിറഞ്ഞുനിറഞ്ഞതിന് ഒരൊറ്റ കാരണം വെറുപ്പിനെക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് ചേര്‍ത്തുനിര്‍ത്തലാണെന്ന് പറയാനാണ്.

തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെയുള്ള മനുഷ്യര് പരസ്പരം സഹായം എത്തിച്ച ദിവസങ്ങള്‍ നമ്മള്‍ മറന്നുപോവരുത്. മഴയത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യതൊഴിലാളികള്‍, വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഗ്രൂപ്പുകളുണ്ടാക്കി നിരന്തരം അപ്‌ഡേഷന്‍ നല്‍കിയവര്‍ അതിനായി ഉറക്കൊഴിഞ്ഞവര്‍, സാധനങ്ങള്‍ പാക്കുചെയ്തവര്‍, ഓരോ ക്യാമ്പിലും എത്തിച്ചവര്‍, പ്രവാസലോകത്ത് നിന്ന് ധനസഹായം ചെയ്തവര്‍ അങ്ങനെ ഓരോരരുത്തരും അവരവരാല്‍ കഴിയുന്ന കോണ്‍ഡ്രിബ്യൂഷന്‍ നല്‍കാന്‍ രാവും പകലുമില്ലാതെ കഷ്ടപ്പെട്ടത് ഒരു സ്‌ക്രീനില്‍ കാണാം.

പ്രളയ നാളുകള്‍ ഒരു ഓര്‍മ്മയാണെങ്കില്‍ നമ്മള്‍ ഒന്നായിരുന്നെന്ന ഓര്‍മ്മപ്പെടുത്തലാണ് സിനിമ. അങ്ങനൊരു സിനിമ ഇവിടെ അടയാളപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഗംഭീര മേക്കിങ്ങിലൂടെ അത് ഭംഗിയായി തന്നെ ജൂഡ് ആന്തണി നിര്‍വഹിച്ചിട്ടുണ്ട്.

ചിത്രത്തിലുള്ളത് പ്രളയത്തില്‍ റെസ്‌ക്യൂ പ്രവര്‍ത്തനം നടത്തുന്ന ടോവിനോ തോമസാണ്. അയാള്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത് പോലെ ഇതാണ് കേരളത്തിന്റെ യഥാര്‍ത്ഥ കഥ.

Content Highlight: Jamshid Pallipram Write up about 2018 movie

ജംഷിദ് പള്ളിപ്രം

We use cookies to give you the best possible experience. Learn more