നിഖില വിമല്‍ പറഞ്ഞത് സത്യമാണ്. കണ്ണൂരിലെ മുസ്‌ലിം കല്യാണ വീടുകളില്‍ സ്ത്രീകളുടെ സ്ഥാനം അടുക്കള ഭാഗത്താണ്. പുരുഷന്മാര്‍ വീടിന്റെ മുന്നിലും.
മുസ്‌ലിങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്നുണ്ടോ..?
വിമര്‍ശനങ്ങളുണ്ടാവുമ്പോള്‍ വിമര്‍ശനങ്ങളിലെ മെരിറ്റ് പരിശോധിക്കുകയോ ആവശ്യമെങ്കില്‍ തിരുത്തുകയോ ചെയ്യുന്നതിന് പകരം വിമര്‍ശിക്കുന്നവരെ സൈബര്‍ ലിഞ്ചിങ് ചെയ്യുന്ന രീതി ജനാധിപത്യമല്ല.
വീടിന്റെ മുന്നില്‍ പുരുഷന്മാരെ ആനയിച്ച് കയറ്റി ഇരുത്തുകയും സ്ത്രീകളെ പിന്നിലേക്ക് മറക്കുകയും ചെയ്യുന്ന കാഴ്ച ഇവിടെയുള്ള ഓരോ കല്യാണ വീടുകളിലും കാണാം. വീടിന്റെ ഇരുവശങ്ങളിലും സ്‌പേസുണ്ടായാലും അടുക്കള ഭാഗത്തെ ചെറിയൊരു സ്‌പേസില്‍ സ്ത്രീകളെ ഒതുക്കുന്നത് കണ്ടിട്ടുണ്ട്.
വിവാഹത്തിനായാലും ശേഷം നടക്കുന്ന കുടുംബക്കാരുടെ വീടുകളിലെ വിരുന്നുകളായാലും സ്ത്രീകളുടെ സ്ഥാനം അവസാനമാണ്. ഘടാഘടിയരായ പുരുഷന്മാര്‍ തിന്നു കഴിഞ്ഞ് അവസാനം ബാക്കിയുള്ളത് സ്ത്രീകള്‍ കഴിക്കണം. കുടുംബത്തില്‍ പോലും സ്ത്രീകള്‍ക്കും പുരുഷനും ഒന്നിച്ചു ഭക്ഷണം കഴിക്കാനുള്ള സാമൂഹികപരിസരം ഇതുവരെ ഉണ്ടായിട്ടില്ല.
നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പറയുന്നവരെ ഒക്കെ ലിഞ്ചിങ് ചെയ്തു നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് സംഘിസമാണ്. അല്ലെങ്കില്‍ നിഖില വിമല്‍ പറഞ്ഞതിലെ പ്രശ്‌നം എന്താണെന്ന് കൂടി പറയണം. ആരോഗ്യകരമായ വിമര്‍ശനങ്ങളെ അസഹിഷ്ണതയോടെ സമീപിക്കുന്നത് ഏതായാലും നല്ലതല്ല.
നിഖില പറഞ്ഞത് നൂറ് ശതമാനം വസ്തുതയാണ്. സ്ത്രീകളെ രണ്ടാം നിരവിഭാഗമായി തന്നെയാണ് ഇവിടെ കാണുന്നത്. കല്യാണ വീടിന്റെ മുന്‍വശത്തായാലും അടുക്കള ഭാഗത്തായാലും ഒരുപോലെയല്ലെ എന്ന് ചിന്തിക്കുന്നവരുണ്ടാകും. ഞാന്‍ കണ്ട കണ്ണൂരിലെ ഒരു വിവാഹ വീട്ടിലെയും മുന്‍വശവും അടുക്കളവശവും ഒരിക്കലും ഒരുപോലെയായിരുന്നില്ല.
മുന്നിലാണെങ്കില്‍ വര്‍ണാഭമായ ലൈറ്റുകള്‍ ഉണ്ടാവും. വെള്ളത്തുണികൊണ്ട് അലങ്കരിച്ചിട്ടുണ്ടാവും ഏറ്റവും മനോഹരമായ പന്തലായിരിക്കും.
അടുക്കള ഭാഗത്ത് വരുമ്പോള്‍ ഏറ്റവും പഴകിയ പന്തലാണുണ്ടാവുക. ഡെക്കറേഷന്‍ ബള്‍ബുകള്‍ ഉണ്ടാവില്ല. പന്തലിന് താഴെ വെള്ളത്തുണിയുണ്ടാവില്ല.
ഈ രണ്ട് സ്ഥലങ്ങള്‍ക്കും തുല്യപരിഗണനയല്ല നല്‍ക്കുന്നതെന്നും അതേ വിവേചനപരമായ പരിഗണന തന്നെയാണ് അവിടെയിരുത്തുന്ന മനുഷ്യര്‍ക്ക് നല്‍കുന്നതെന്നും മനസ്സിലാക്കാന്‍ സാധിക്കാത്തവരോട് ഒന്നുംപറയാനില്ല. ആ നിങ്ങള്‍ പറയുന്ന ജാതി-സ്വത്വ രാഷ്ട്രീയം പോലും കപടമായിപോകും.