അതിഥി തൊഴിലാളികളെ നാടുകടത്തിയാല്‍ കുറ്റകൃത്യം ഇല്ലാതാകുമെന്ന് കരുതുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തില്‍
DISCOURSE
അതിഥി തൊഴിലാളികളെ നാടുകടത്തിയാല്‍ കുറ്റകൃത്യം ഇല്ലാതാകുമെന്ന് കരുതുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തില്‍
ജംഷിദ് പള്ളിപ്രം
Sunday, 30th July 2023, 12:26 pm

നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം ദയവായി ഓഫ് ചെയ്യണം.
ആലുവയിലെ അഞ്ച് വയസുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക എന്ന് പറയുന്നതിന് പകരം അന്യസംസ്ഥാന തൊഴിലാളികള്‍ മുഴുവന്‍ കുറ്റക്കാരായി കാണുന്ന പ്രവണത അങ്ങേയറ്റം വംശീയതയാണ്.

അന്യസംസ്ഥാന തൊഴിലാളികളെ നാടുകടത്തിയാല്‍ കേരളത്തില്‍ കുറ്റകൃത്യം ഇല്ലാതാവും എന്ന് കരുതുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗ്ഗത്തിലാണ്. അങ്ങനെ ആരെയും നാടുകടത്തിയത് കൊണ്ട് കുറ്റകൃത്യം ഇല്ലാതാവില്ല.

കൊല്ലപ്പെട്ട പെണ്‍കുട്ടി ബിഹാര്‍ സ്വദേശിയാണ്. അവരുടെ കുടുംബവും ഇവിടെ ഉപജീവനം ആഗ്രഹിച്ചുവന്നതാണ്. ആ കുടുംബമാണ് കുറ്റകൃത്യത്തിന് ഇരയായത്. ഇവിടെ ഇരയും അക്രമിയും അന്യസംസ്ഥാനക്കാരാണ്. അതായാത് കുറ്റവാളികള്‍ക്കോ കുറ്റകൃത്യങ്ങള്‍ക്കോ മതം ഭാഷ ജാതി വേര്‍തിരിവുകളില്ല.

കഴിഞ്ഞ ദിവസമാണ് വളര്‍ത്തി വലുതാക്കിയ വൃദ്ധ ദമ്പതികളെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നത്. ആ പ്രതി മലയാളിയാണ്. ഓരോ ദിവസം ഡസണ്‍ കണക്കിന് കുറ്റകൃത്യങ്ങള്‍ മലയാളികള്‍ ഇവിടെ ചെയ്യുന്നുണ്ട്.

മോഷണം മുതല്‍ കൊലപാതകം വരെയും മൈനറായി പെണ്‍കുട്ടികളെ മുതല്‍ വൃദ്ധരെ വരെയും ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ ഇവിടെ കേരളത്തിലുണ്ട്. അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം അന്യസംസ്ഥാന തൊഴിലാളികളെ നാടുകടുത്താന്‍ ആഹ്വാനം ചെയ്യുന്ന മലയാളി ദേശീയവാദികള്‍ ഏറ്റെടുക്കുമോ?

കുറ്റവാളികളുടെ മതം നോക്കി വെറുപ്പുത്പാദിപ്പിക്കുന്ന വര്‍ഗീയവാദികളെ പോലെ തന്നെ വംശീയവും വര്‍ഗീയവുമാണ് നാടും ഭാഷയും നോക്കി ആളുകളെ തരംതിരിക്കുന്നതും ഫോബിയ സൃഷ്ടിക്കുന്നതും. കേരള സ്റ്റോറി എന്ന സംഘപരവാര്‍ നിര്‍മിത സിനിമ ഇറങ്ങിയപ്പോള്‍ കേരളത്തിന് പുറത്തുണ്ടായ ദുരനുഭവങ്ങള്‍ പലരും വിവരിച്ചപ്പോള്‍ നെടുവീര്‍പ്പിട്ടവരാണ് നമ്മള്‍.

ആ സിനിമയിലൂടെ സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയാണ് നിരന്തരമുള്ള വംശീയ പ്രചാരണങ്ങളിലൂടെ നാളെ ഇവിടെ അന്യസംസ്ഥാന തൊഴിലാളികളും നേരിടേണ്ടിവരിക. അവസാനം മണിപ്പൂരുവരെ എത്തിനില്‍ക്കുന്ന ഇന്ത്യയില്‍ സംഘപരിവാര്‍ നടത്തിയ വംശീയ അക്രമങ്ങള്‍ പരിശോധിച്ചാല്‍ ഓരോ വംശീയ അക്രമങ്ങള്‍ക്ക് മുമ്പും നാളുകളായി നടത്തിയ വിദ്വേഷ പ്രചരണങ്ങളുടെയും നുണകളുടെയും വെറുപ്പിന്റെയും കഥപറയാനുണ്ടാവും.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി സംഭവത്തില്‍ സംഘപരിവാര്‍ നടത്തിയ നുണ പ്രചാരണം കുറ്റവാളികള്‍ രോഹിങ്ക്യന്‍ മുസ്‌ലിങ്ങളാണെന്നാണ്. അസമില്‍ സംഘപരിവാരം ഇരകളെ സൃഷ്ടിക്കുന്നത് ബംഗ്ലാദേശില്‍ നിന്ന് കുടിയേവരാണെന്ന മുദ്രകുത്തിയാണ്.
നിങ്ങളുടെ മതത്തിലെല്ലാത്തവരെ നിങ്ങളുടെ ഭാഷ സംസാരിക്കാത്തവരെ നിങ്ങളുടെ ജാതിയല്ലാത്തവരെ നിങ്ങളുടെ നാട്ടിലെലാത്തവരെ മാറ്റി നിര്‍ത്തുന്നതിന്റെ പേരാണ് വംശീയത. സംഘപരിവാരത്തിന്റെ പണി നിങ്ങള്‍ ചെയ്യരുത്.

Content Highlight: Jamshid Pallipram’s write up on migrant workers