| Friday, 11th November 2022, 7:20 pm

പള്ളി ഇമാമിന്റെ മകന്‍ ലോകം വാഴ്ത്തുന്ന ഫുട്‌ബോളറായ കഥ

ജംഷിദ് പള്ളിപ്രം

സെനഗലിലെ ബാമ്പലി എന്ന സ്ഥലത്താണ് സാദിയോ മാനെയുടെ ജനനം. അഞ്ചോ ആറോ വയസുള്ളപ്പോള്‍ തന്നെ അവന്‍ പന്തുമായി ഓടും. ദാരിദ്ര്യത്തിന് യാതൊരു കുറവുമില്ലാത്ത നാട്ടില്‍ പലപ്പോഴും കുട്ടികള്‍ പന്തുകളിച്ചിരുന്നത് തന്നെ വിശപ്പുമറക്കാനാണ്.

ഒരു ദിവസം കളിക്കുന്നതിനിടെ അവന്റെ കസിന്‍ ഓടിവന്നു പറഞ്ഞു: ‘സാദിയോ.. നിന്റെ ഉപ്പ മരണപ്പെട്ടു

ആ സത്യം അവന്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. അവന്റെ പ്രായം വെറും ഏഴ് വയസുമാത്രമാണ്. ഉപ്പയുടെ മരണത്തെക്കുറിച്ച് സാദിയോ മാനെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആഴ്ചകളോളം അസുഖ ബാധിതനായിരുന്നെങ്കിലും ചികിത്സിക്കാന്‍ ആ നാട്ടില്‍ ഒരാശുപത്രി ഉണ്ടായിരുന്നില്ല. പരമ്പരാഗത നാട്ടുമരുന്നുകളൊക്കെയാണ് ആളുകള്‍ക്ക് അസുഖം വന്നാല്‍ നല്‍കിയിരുന്നത്. ചിലപ്പോള്‍ കുറച്ചുനാള്‍ കൂടി ജീവിക്കും അല്ലെങ്കില്‍ മരിക്കും.

പതിനഞ്ചാം വയസില്‍ ഫുട്‌ബോളര്‍ ആവണമെന്ന അഭിനിവേശം കൊണ്ട് അവന്‍ ആ നാട്ടില്‍ നിന്ന് ഓടിപ്പോയി. രാജ്യ തലസ്ഥാനമായ ദാക്കറില്‍ പോയി ഫുട്‌ബോള്‍ കളിച്ചു. ആദ്യമാദ്യം പ്രാദേശിക ക്ലബ്ബുകളില്‍ കളിച്ച മാനെ പതിയെ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബുകളിലക്ക് എത്തിപ്പെട്ടു. മെറ്റ്‌സ് എന്ന ക്ലബ്ബില്‍ കളിക്കുമ്പോഴാണ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് ആ കറുത്ത മെലിഞ്ഞ പയ്യനെ ശ്രദ്ധിക്കുന്നത്.

ക്ലബ്ബില്‍ നിന്ന് വിട്ടുകിട്ടാന്‍ ആദ്യം രണ്ട് മില്യണ്‍ ചോദിച്ചിരുന്ന മെറ്റ്‌സ് പിന്നീടത് നാല് മില്യണാക്കി. ആ തുകക്ക് റെഡ്ബുള്‍ അവനെ സ്വന്തമാക്കി. കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് അവന്‍ എത്തുമ്പോള്‍ പന്ത്രണ്ട് മില്യണ്‍ യൂറോക്കാണ് സതാംപ്ടണ്‍ അവനെ സൈന്‍ ചെയ്തത്.

പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ലിവര്‍പൂര്‍ 34 മില്യണിന് അയാളെ സ്വന്തമാക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്ന മൂല്യമേറിയ ആഫ്രിക്കന്‍ ഫുട്‌ബോളറായി സാദിയൊ മാനെ മാറിയിരുന്നു.

ഇന്ന് ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് പേരില്‍ ഒരാള്‍ സാദിയോ മാനെയാണ്. അയാള്‍ അത്രയും തുക പ്രതിഫലം വാങ്ങുന്നതിന് നമ്മളെന്ത് വേണം? വെയ്റ്റ് പറയാം.

ഒരിക്കല്‍ ഒരു യാത്രക്കിടെ അയാളുടെ കയ്യില്‍ ഡിസ്‌പ്ലെ പൊട്ടിയ ഫോണ്‍ മാധ്യമങ്ങളുടെ കണ്ണില്‍പ്പെട്ടു. ആ ചിത്രം വാര്‍ത്തയായി. പിന്നീട് ഒരിക്കല്‍ ഇന്റര്‍വ്യൂയില്‍ അത് ചോദ്യമായി.
സാദിയോ മാനെ നല്‍കിയ ഉത്തരം ഇങ്ങനെയാണ്:

‘എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകള്‍? ഇരുപത് ഡയമണ്ട് വാച്ചുകള്‍? അല്ലെങ്കില്‍ രണ്ട് വിമാനങ്ങള്‍? ഈ വസ്തുക്കള്‍ എനിക്കും ലോകത്തിനും വേണ്ടി എന്തു നന്മയാണ് ചെയ്യുക.
എനിക്ക് വിശന്നപ്പോള്‍ വയലില്‍ ജോലി ചെയ്യേണ്ടിവന്നു. പ്രയാസകരമായ സമയം ഞാന്‍ അതിജീവിച്ചു. നഗ്‌നപാദനായി ഫുട്‌ബോള്‍ കളിച്ചു. ആ സമയം എനിക്ക് വിദ്യാഭ്യാസവും മറ്റ് പലതും നഷ്ടപ്പെട്ടു.
എന്നാല്‍ ഇന്ന് ഞാന്‍ ഫുട്‌ബോളിനോട് നന്ദി പറയുന്നു. എനിക്ക് എന്റെ ജനങ്ങളെ സഹായിക്കാന്‍ സാധിക്കുന്നു.

സ്‌കൂളുകളും സ്റ്റേഡിയങ്ങളും നിര്‍മിക്കാന്‍ സാധിച്ചു. കടുത്ത ദാരിദ്ര്യമുള്ള ആളുകള്‍ക്ക് ഞങ്ങള്‍ വസ്ത്രങ്ങളും ചെരിപ്പുകളും ഭക്ഷണവും എത്തിച്ചു. കൂടാതെ സെനഗലിലെ വളരെ ദരിദ്രപ്രദേശത്തുള്ള എല്ലാ ആളുകള്‍ക്കും പ്രതിമാസം 70 യൂറോ വീതം സഹായം നല്‍കുന്നു.

ലക്ഷ്വറി കാറുകളും വീടുകളും പ്രദര്‍ശിപ്പിക്കാനല്ല, എനിക്ക് കിട്ടിയ ജീവിതത്തില്‍ നിന്നും അല്‍പം എന്റെ ജനങ്ങള്‍ക്കും കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’

ഈ പറഞ്ഞത് വെറും വാക്കല്ല. സ്വന്തം പിതാവ് ചികിത്സ കിട്ടാതെ മരിച്ച ബാമ്പലി എന്ന നാട്ടില്‍ അഞ്ച് ലക്ഷം യൂറോ മുടക്കി വലിയൊരു ഹോസ്പിറ്റല്‍ പണിതു. അതിലേറെ തുക സ്‌കൂളുകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി അയാള്‍ ചെലവഴിച്ചു. ജന്മനാട്ടിലെ ഓരോ കുടുംബത്തിന്റെയും പട്ടിണി മാറ്റി.
ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ അവാര്‍ഡ് വേദിയായ ബാലണ്‍ ഡി ഓര്‍ ഈ കഴിഞ്ഞ സമ്മാനദാന ചടങ്ങില്‍ സാമൂഹിക സേവനങ്ങള്‍ക്ക് ആദ്യമായി ഉള്‍പ്പെടുത്തിയ സൊക്രറ്റസ് അവാര്‍ഡിന് സാദിയോ മാനെ അര്‍ഹനായി.

പടച്ചോന്‍ നല്‍കിയത് ചുറ്റുമുള്ള മനുഷ്യര്‍ക്കും പങ്കുവെക്കുന്ന മനുഷ്യന്‍. കഴിഞ്ഞ കളിയില്‍ പരിക്കേറ്റ് മാനെ ലോകകപ്പിനുണ്ടാവില്ല എന്ന വാര്‍ത്ത വന്നപ്പോള്‍ സെനഗലിലെ പതിനായരങ്ങള്‍ കരഞ്ഞിട്ടുണ്ടാവണം. ലോകകപ്പില്‍ ഫേവറിറ്റുകളല്ലെങ്കിലും ആ രാജ്യം അത്രത്തോളം ആ മനുഷ്യനെ സ്‌നേഹിക്കുന്നുണ്ട്. പ്രതീക്ഷ നല്‍കുന്നുണ്ട്. ഒടുവില്‍, പടച്ചോന്‍ അയാളെയും കൈവിട്ടില്ല. സദിയോ മാനെ ലോകകപ്പ് കളിക്കും.

CONTENT HHIGHLIGHT: Jamshid Pallipram’s writ up about Senegal football star Sadio Mane

ജംഷിദ് പള്ളിപ്രം

We use cookies to give you the best possible experience. Learn more