കറുത്ത മണവാട്ടികളില്ലാത്ത ലോകം
DISCOURSE
കറുത്ത മണവാട്ടികളില്ലാത്ത ലോകം
ജംഷിദ് പള്ളിപ്രം
Tuesday, 9th January 2024, 3:12 pm
കറുത്ത നിറമുള്ള ഒരു പെണ്‍കുട്ടിക്ക് മണവാട്ടിയായി ഇരിക്കാന്‍ സാധിക്കാത്ത വേദിയില്‍ ആര് മത്സരിച്ചാലും അവരൊക്കെ എന്നോ തോറ്റുകഴിഞ്ഞു.

ഒപ്പന കേരളത്തിലെ ജനകീയ കലാരൂപം എന്നാണ് പറയപ്പെടുന്നത് പ്രത്യേകിച്ച് മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ടത്.
മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെ അണിയിച്ചൊരുക്കി ചുറ്റും കൂടി നില്‍ക്കുന്ന സുഹൃത്തുക്കള്‍ കൈകൊട്ടി പാടി അവതരിപ്പിക്കുന്ന ഒപ്പന മലബാറിലെ മുസ്‌ലിം വീടുകളിലാണ് പ്രധാനമായും ഉണ്ടായതെന്ന് പറയപ്പെടുന്നു.

എന്നാല്‍, നമ്മുടെ കലോത്സവ വേദികളില്‍ അവതരിപ്പിക്കുന്ന ഒപ്പനകള്‍ അന്യഗ്രഹത്തിലെവിടെയോ സംഭവിക്കുന്നതാവണം. ട്രഡീഷനുമായി ബന്ധപ്പെട്ട കലാരൂപമാണെങ്കില്‍ കേരളത്തിലെ മുസ്‌ലിം വീടുകളില്‍ എവിടെയും കറുത്ത മണവാട്ടിമാരില്ലേ?

മലബാര്‍ യൂറോപ്പിലൊന്നുമല്ല. കേരളത്തിലാണ്. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ കലോത്സവ വേദികളിലെ ഒപ്പന മത്സരങ്ങളില്‍ വെളുത്ത മണവാട്ടിമാര്‍ മാത്രം ഇടം പിടിക്കുന്നത്.

തട്ടവും ആഭരണങ്ങളും തിളങ്ങുന്ന വസ്ത്രങ്ങളും കോസ്റ്റ്യൂമുകളായിരിക്കാം. കലാരൂപത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയായിരിക്കാം. ആ കോസ്റ്റ്യൂമുകളാണ് പോയിന്റുകള്‍ക്ക് പരിഗണിക്കുന്നതെന്ന് സമ്മതിച്ചാലും കറുത്ത മണവാട്ടിമാര്‍ക്ക് പോയിന്റ് നല്‍കില്ലെന്ന് ഒപ്പന മത്സരത്തിന്റെ റൂളിലിവിടെയെങ്കിലുമുണ്ടോ? അല്ല, ഇനി മണവാട്ടിയുടെ നിറം നോക്കിയാണ് പോയിന്റ് നിര്‍ണ്ണയിക്കുന്നതെങ്കില്‍ എത്രമാത്രം മോശം ജഡ്ജ്‌മെന്റാണത്.

ലോകത്താകെ നിലനില്‍ക്കുന്ന വംശീയതയെ മറ്റു രാജ്യങ്ങളിലെ കലാകാരന്മാര്‍ കലയിലൂടെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ നാം അറിഞ്ഞോ അറിയാതെയോ കലാജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന നമ്മുടെ കുട്ടികളുടെ ഇടയിലേക്ക് വരെ നിറത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുകയാണ്.

കറുത്ത നിറമുള്ള ഒരു പെണ്‍കുട്ടിക്ക് മണവാട്ടിയായി ഇരിക്കാന്‍ സാധിക്കാത്ത വേദിയില്‍ ആര് മത്സരിച്ചാലും അവരൊക്കെ എന്നോ തോറ്റുകഴിഞ്ഞു.

ഗ്രേഡ് നേടലോ പോയന്റ് നേടലോ അല്ല കല. കലയിലൂടെ സാമൂഹിക മാറ്റങ്ങളുണ്ടാക്കാന്‍ കഴിയണം.

ഒപ്പന വേദിയില്‍ കറുത്ത മണവാട്ടി ഇരുന്നാലും പ്രേക്ഷകര്‍ക്ക് കലാസ്വാദനം സാധ്യമാണെന്ന് കാണിക്കണം. ആ മണവാട്ടിയും മൊഞ്ചത്തിയാണെന്ന് അടയാളപ്പെടുത്തണം. എന്തെന്നാല്‍ ഈ ലോകം കറുത്ത മനുഷ്യരുടേത് കൂടിയാണ്.

 

Content Highlight: Jamshid Pallipram on the Oppana competition at the State School Art Festival