യൂത്തിനെ ലക്ഷ്യമാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കിയ കളര്‍ഫുള്‍ ഇടിപടം. അതാണ് തല്ലുമാല. മണവാളന്‍ വസീം എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുമ്പോട്ട് പോകുന്നത്. പല സാഹചര്യങ്ങളിലുണ്ടായ തല്ലിലൂടെ അവന് കിട്ടിയ സൗഹൃദങ്ങള്‍, അവര്‍ മൂലം പിന്നീട് ഉണ്ടാകുന്ന തല്ലുകള്‍, ഇതാണ് തല്ലുമാലയുടെ അടിസ്ഥാനം.
ഒരു തല്ലിലൂടെ വസീമിന് കിട്ടിയ സൗഹൃദമാണ് ജംഷി. ലുക്മാന്‍ അവറാന്‍ അവതരിപ്പിച്ച ജംഷി തല്ലുമാലയില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ച കഥാപാത്രമായിരുന്നു. തിയേറ്റര്‍ വിട്ട് പോയാലും ജംഷി എന്നുള്ള വിളി പ്രേക്ഷകരുടെ കാതില്‍ നില്‍ക്കും.
ആക്ഷന്‍ രംഗങ്ങളിലെ ലുക്മാന്റെ ടൈമിങ്ങും പെര്‍ഫോമന്‍സും ഗംഭീരമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തല്ലുമാലയില്‍ അന്യായ സ്‌കോറിങ്ങായിരുന്നു ഈ മുതല്‍. ഒമേഗ ബാബുവിനോടുള്ള ജംഷിയുടെ കലിപ്പും അത് തീര്‍ക്കാന്‍ പറ്റാത്തതിലുള്ള അമര്‍ഷവുമൊക്കെ രസകരമായാണ് ലുക്മാന്‍ അവതരിപ്പിച്ചത്.
പ്രതികാരത്തിനുള്ള അവസരം കിട്ടുമ്പോള്‍ ‘ഇന്റെ കണക്ക് തീര്‍ത്തിട്ട് മതി ബാക്കി ഒക്കെ’ എന്ന് പറയുന്ന ജംഷിയുടെ ഡയലോഗ് ഒരു പ്രധാന ഹൈലൈറ്റാണ്. കാറിലെയും ക്ലൈമാക്‌സിലേയും ഫൈറ്റ് രംഗങ്ങളിലൊക്കെ ടൊവിനോയ്‌ക്കൊപ്പം ലുക്മാനും നിറഞ്ഞുനിന്നിരുന്നു.
സ്വാതി ദാസ് പ്രഭു അവതരിപ്പിച്ച സത്താറാണ് സ്‌കോര്‍ ചെയ്ത മറ്റൊരു താരം. വസീമിനോട് ഏറ്റവും അടുപ്പമുള്ള സത്താര്‍ നമ്മുടെയൊക്കെ ഒപ്പം സദാസമയവും നടക്കുന്ന സുഹൃത്തുക്കളെ ഓര്‍മിപ്പിക്കുന്നതായിരുന്നു. അദ്രി ജോയിയുടെയും വികാസും ഓസ്റ്റിന്റെ രാജേഷും അതുപോലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച റെജിയുടെ എതിര്‍ ഗ്യാങ് എടുക്കുകയാണെങ്കില്‍ ഗോകുലനാണ് കഥാപാത്രം കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു താരം. വഴിയെ പോകുന്ന വയ്യാവേലികള്‍ വിളിച്ചുകൊണ്ടു വരുന്ന ഒരു പിരിപ്പ് പിടിച്ച കഥാപാത്രമാണ് ഗോകുലന്റെ രാജന്‍.
എല്ലാ ഗ്യാങ്ങിലും കാണും കുറച്ച് പക്വതയുള്ള, തിളപ്പുള്ള മറ്റ് കൂട്ടുകാരെ അടക്കി നിര്‍ത്തുന്ന ഒരാള്‍. റെജിയുടെ ഗ്യാങ്ങിലെ ആ പക്വത തോന്നുന്ന കൂട്ടുകാരനാണ് കളപ്പുരക്കല്‍ ഡേവിഡ്. ബിനു പപ്പുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ടൊവിനോയും ഷൈന്‍ ടോം ചാക്കോ പതിവ് പോലെ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയുണ്ട്. എങ്കില്‍ പോലും ജംഷിയും, രാജനും, സത്താറും, വികാസും രാജേഷുമൊക്കെ പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കും.
Content Highlight: Jamshi played by Lukman Avaran was the most attention-grabbing character in Thallumala