അധ്യാപകര്‍ ചാക്കോ മാഷാകരുത്?
ജീവിതത്തിലൊരിക്കലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള വിഷയമൊന്നും സംസാരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നതല്ല. ഞാന്‍ നിങ്ങളോട് സംസാരിക്കുന്നുണ്ടെങ്കില്‍ അതിന് ബേബി ചേട്ടനൊരു പങ്കുണ്ട്. ടീച്ചര്‍ക്കൊരു പങ്കുണ്ട്. ഇതൊന്നും ഞാന്‍ അവിടെ പോയി അവരുടെ വിദ്യാഭ്യാസരീതി പഠിച്ച് തിയറി ഇവിടെ പ്രയോഗിക്കുന്നു എന്ന മട്ടിലല്ല. ഒരു എനര്‍ജിയാണ്. ആ എനര്‍ജി എന്റെയുള്ളിലുള്ളത് കൊണ്ടാണല്ലോ നിങ്ങളെന്നോട് സംസാരിക്കാന്‍ വരുന്നത്.
കുറെ ആളുകള്‍ നമ്മളെ ശ്രദ്ധിക്കുന്നത്. ഇങ്ങനെത്തന്നെയാണ് സിസ്റ്റം മാറുന്നത്. പൊതുവിദ്യാഭ്യാസസമ്പ്രദായത്തിനകത്ത് നിന്ന് ഒരുപാട് അധ്യാപകര്‍ എന്റെ ഇന്റര്‍വ്യൂ കാണുകയും നേരിട്ട് എന്നെ കാണുമ്പോള്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണെന്നും തങ്ങളുടെ നിവൃത്തികേടുകൊണ്ട് ഇങ്ങനെ നില്‍ക്കുന്നതാണെന്നും വലിയ അധ്യാപകസംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ പോലും പറഞ്ഞിട്ടുണ്ട്. ഈ സിസ്റ്റം ഒരു ദിവസം കൊണ്ടൊന്നും ശരിയാകാന്‍ പോകുന്നില്ല. ഒരു ഡാം പൊളിക്കാന്‍ വേണ്ടി ചെറിയ തുളയിട്ട് വെള്ളം ഒഴുക്കി കളയുന്നത് പോലുള്ള പരിപാടിയാണ് നമ്മള്‍ ചെയ്യുന്നത്.
അങ്ങനയേ സിസ്റ്റം മാറൂ. അല്ലെങ്കില്‍ അത്രയും ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാര്‍ വരണം. പക്ഷെ അത് ഇച്ഛാശക്തിയല്ല, അതൊരു ഫാസിസ്റ്റ് നിലപാടായിരിക്കും അങ്ങനെയൊക്കെ മാറ്റാന്‍ പറയുന്നത്. എല്ലാവര്‍ക്കും അത് തോന്നണം. പക്ഷെ കേരളത്തിലേത് പോലൊരു സാഹചര്യത്തില്‍ എനിക്ക് തോന്നിയത് സത്യം പറഞ്ഞാല്‍ ആളുകളുടെ ഉള്ളിലൊരു തോന്നലുണ്ട് ഈ കുട്ടികളൊക്കെ വാര്‍പ്പ് മാതൃകകളാക്കപ്പെടുകയാണെന്നും അവരൊന്നും ക്രിയേറ്റീവ് അല്ലെന്നും. ബുദ്ധിജീവികളുടെ കാര്യമല്ല, സാധാരണക്കാരായ ആളുകളുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്. അവരോട് ഇത്തിരി നേരം സംസാരിച്ചിരുന്നാല്‍ അത് മനസിലാകും.
അവിടെയാണ് നിങ്ങള്‍ ചോദിച്ചതിന്റെ ഉത്തരം നില്‍ക്കുന്നത്. ഈ സിസ്റ്റം എന്താണ് മാറാത്തത് എന്നുവെച്ചാല്‍ എല്ലാരും പറയുന്നത് പഴയ സാധനം തന്നെ… മാറ്റം വേദനാജനകമാണ് എന്ന്.
മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് എന്ന് പറയുന്ന കാര്യം. 1980 കളുടെ അവസാനത്തില്‍ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി ഹവാള്‍ഡ് ഗാള്‍നര്‍ പുറത്തിറക്കുകയും 1990 കളുടെ അവസാനത്തില്‍ തന്നെ നമ്മുടെ സ്‌കൂളുകളില്‍ ഇത് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്, ബി.എഡിനൊക്കെ. എത്ര അധ്യാപകര്‍ നമ്മുടെ കുട്ടികള്‍ക്ക് ഇത് സംബന്ധിച്ച അറിവ് പകര്‍ന്നിട്ടുണ്ടാകും. ഇത് ഒരിക്കലും നമ്മുടെ പൊതുചര്‍ച്ചയില്‍ വന്നിട്ടില്ല. 2019 ലും അത് അങ്ങനെ തന്നെയാണ്. ഇന്നലെ ഒരു കുട്ടിയോട് ചോദിച്ചു. നിന്റെ ക്ലാസിലെ ഏറ്റവും നല്ല കുട്ടി ഏതാണെന്ന്… അപ്പോള്‍ അവന്‍ പറഞ്ഞു ലക്ഷ്മി, എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ അവളാണ് നന്നായി പഠിക്കുന്നതെന്നാണ് അവന്‍ പറഞ്ഞത്.
ലോകത്ത് ഏറ്റവും വലിയ വയലന്‍സ് എന്താണെന്ന് ചോദിച്ചാല്‍ നമ്മള്‍ പറയും തോക്കും വെടിവെയ്പും വ്യഭിചാരവും ഒക്കെയാണ്. തെറ്റാണത്. ലോകത്ത് ഏറ്റവും വലിയ വയലന്‍സ് അറിയേണ്ട കാര്യം അറിയിക്കാതിരിക്കുക എന്നതാണ്. അങ്ങനെയാണെങ്കില്‍ ബുദ്ധി എന്നുവെച്ചാല്‍ ഒന്നല്ല, പലതാണ്. പാടാന്‍ കഴിവുള്ളവനും തെങ്ങ് കയറാന്‍ കഴിവുള്ളവനും അവന്റെ ബുദ്ധിയാണ്. അത് വെറും കഴിവല്ല ബുദ്ധിയാണെന്ന് എന്തേ അധ്യാപകര്‍ കുട്ടികളോട് പറയാതിരുന്നത്.
എഡ്യുക്കേഷന്‍ എന്നതിനോട് എനിക്കുള്ള സംശയങ്ങള്‍ നിര്‍ത്തിക്കൊണ്ട് തന്നെ ഞാന്‍ പറയുകയാണ് ഈ സിസ്റ്റത്തിന്റെ അകത്ത് എന്തെങ്കിലും ഒരു ശുദ്ധവായു കടത്താന്‍ ഇവര്‍ ചെയ്യേണ്ട കാര്യം ഇവര്‍ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടിവരും. പക്ഷെ കഴിഞ്ഞ കുറച്ച കാലങ്ങളായിട്ട് ഈ വിഷയം സംസാരിക്കപ്പെടുന്നുണ്ട്. ഞാനും സംസ്ഥാനതലത്തില്‍ ട്രെയിനിയായിട്ട് പലപ്പോഴും പോകാറുണ്ട്. പക്ഷെ അധ്യാപകര്‍ ഇത് വര്‍ക്ക്‌ഷോപ്പിലൊക്കെ പോയിരുന്ന് കേട്ടാലും പ്രായോഗികമായിട്ട് ഇത് നടപ്പിലാക്കാന്‍ എത്രത്തോളം തയ്യാറാകും എന്നതും സംശയമാണ്.
ഞാന്‍ വിശ്വസിക്കുന്നത് ഒരു തലമുറ എന്നത് 15 വര്‍ഷം എന്നൊക്കെയാണ് പറയുക അല്ലേ… അപ്പോള്‍ ഈ അധ്യാപകര്‍ ഒരിക്കല്‍ മരിച്ച് മണ്ണടിഞ്ഞ് അടുത്ത തലമുറയൊക്കെ വന്ന് ഒരു പത്ത്-മുപ്പത് വര്‍ഷങ്ങളൊക്കെ കഴിയുമ്പോള്‍ ഒരു മാറ്റങ്ങളൊക്കെ വരുമായിരിക്കും. ആ വരാനുള്ള പണിയാണ് നമ്മള്‍ എടുക്കുന്നത്. ഏതെങ്കിലുമൊരു ടീച്ചര്‍ ജെനുവിനായുള്ള പ്രശ്‌നത്തെ മനസിലാക്കി മാറുന്നുവെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരും.
എന്തുകൊണ്ട് ഈ സിസ്റ്റം ഇങ്ങനെയാകുന്നു, എന്തുകൊണ്ട് മാറ്റം കൊണ്ടുവന്നുകൂടാ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കണം. ഞാന്‍ പറയുന്നത് ഈ സിസ്റ്റം കംപ്ലീറ്റ് പൊളിക്കാനോ ജോലി വിട്ട് പോകാനോ ഒന്നുമല്ല. നിലവിലുള്ള സിസ്റ്റത്തിനകത്ത് നിന്നുകൊണ്ടുതന്നെ പലതും ചെയ്യാന്‍ പറ്റും. പക്ഷേ അത് ചോദിക്കാനുള്ള ധൈര്യം നമ്മുടെ അധ്യാപകര്‍ കാണിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയുമുണ്ട്. പൊതുവില്‍ പ്രത്യേകിച്ചും ഫീമെയില്‍ ടീച്ചേഴ്‌സിന്റടുത്തേക്ക് വരുന്ന ഒരു അപകടമാണ് ഇത്തരം കാര്യങ്ങളെ ചലഞ്ച് ചെയ്യണമെങ്കില്‍ അവര്‍ പൊതുവെ ജെന്‍ഡര്‍ ഇഷ്യൂസിലേക്ക് കടന്നുവരേണ്ടിവരും.
അതിന്റെ ഭാഗമായി കിടക്കുന്ന പാട്രിയാര്‍ക്കലിലേക്ക് വരേണ്ടിവരും, റിലീജിയനിലേക്ക് വരേണ്ടിവരും. ഒരുവശത്ത് അവര്‍ക്കറിയാം ഉള്ളിന്റെയുള്ളില്‍ എനിക്കിത് ചെയ്യാന്‍ പറ്റാത്തത്, ഞാനിങ്ങനെയൊക്കെ പെരുമാറിയാല്‍ മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്ത് കരുതും എന്നുള്ളതാണെന്ന്. ഇതൊക്കെയാണ് ഇതിന്റെ ഉള്ളില്‍ നടക്കുന്നതെന്ന് അവര്‍ക്കറിയാം. പക്ഷേ അവര്‍ക്ക് അത് ചാലഞ്ച് ചെയ്യാന്‍ പറ്റാതെയാകും. കാരണം ചാലഞ്ച് ചെയ്താല്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കേണ്ടിവരും. മാനേജ്‌മെന്റായിട്ട് പ്രശ്‌നമുണ്ടാക്കേണ്ടിവരും. ഈ പറയുന്ന സോ കാള്‍ഡ് പാട്രിയാര്‍ക്കല്‍ അധികാരത്തിനോട് പ്രശ്‌നമുണ്ടാക്കേണ്ടിവരും. ആ അടിവേരിലാണ് ഇവര്‍ നില്‍ക്കുന്നത്. ഞാന്‍ മനസിലാക്കിയിടത്തോളം ഇക്കാര്യങ്ങളൊന്നും ഇവര്‍ക്കാര്‍ക്കും അറിയാന്‍ പാടില്ലാത്തതല്ല, അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ ധൈര്യമില്ലാത്തതാണ്.
ധൈര്യം കൊടുക്കേണ്ട അധ്യാപകസംഘടനകള്‍ക്ക് അത് പറ്റുന്നുമില്ല. ഇടതുപക്ഷ അധ്യാപകസംഘടനകള്‍പോലും അക്കാര്യത്തില്‍ പരാജയമാണ്. കാരണം സംഘടനകളും അതിന്റെ ഘടനാപരമായി പാട്രിയാര്‍ക്കലാണ്.
ദസ്‌തോവ്‌സ്‌കിയുടെ ഒരു വാചകം ചേതന കോളേജിന് മുന്‍പില്‍ എഴുതിവെച്ചിട്ടുണ്ട് ബ്യൂട്ടി വില്‍ സേവ് ദി വേള്‍ഡ് എന്ന്. എനിക്ക് അത് ഭയങ്കര ഇഷ്ടമായി. കാരണം അതാണ് സംഭവം. ബ്യൂട്ടി എന്നുവെച്ചാല്‍ ആര്‍ട്ടാണ്. ഓണ്‍ലി ദാറ്റ് വില്‍ സേവ് ദി വേള്‍ഡ്. ബ്യൂട്ടിയെ മനസിലാക്കുന്ന മനസ് അത് എംപതി അല്ലേ. ഭയങ്കര എംപതിയാണ് ആര്‍ട്ടിലൂടെ കിട്ടുന്നത്. ഒരു നല്ല സിനിമ കാണുമ്പോള്‍ നമ്മള്‍ക്ക് ആ ക്യാരക്ടറായി മാറാന്‍ തോന്നും. ഒരു ചിത്രം കാണുമ്പോള്‍ അത് സന്തോഷമായാലും ദു:ഖമായാലും വലിയ ഒരു എംപതി ഒരു കുട്ടിയുടെ ഉള്ളില്‍ വികസിപ്പിക്കുക എന്നതാണ് ആര്‍ട്ട് ചെയ്യുന്നത്.
അത്തരത്തില്‍ ആര്‍ട്ടിനെ മനസിലാക്കുന്ന രീതി കുറെ നാളായി നമ്മുടെ നാട്ടില്‍ ഇല്ല. കാരണം നമുക്കത് എപ്പോഴും മത്സരയിനം മാത്രമായി മാറുന്നു. ചിത്രം വരയ്ക്കാന്‍ പഠിക്കുന്നതിന്റേയും നാടകം പഠിക്കുന്നതിന്റേയുമെല്ലാം കാരണം മത്സരം മാത്രം മുന്നില്‍ക്കണ്ടാണ്. കുട്ടിക്കാലം തൊട്ട് കലയില്‍ ഒരു എക്‌സോപര്‍ഷര്‍ കൊടുക്കാനും അതിലൂടെ മെല്ലെ മെല്ലെ വായനയിലേക്ക് പോവുകയും ചെയ്താലേ സെന്‍സിറ്റീവ് ആവുകയുള്ളൂ. പിന്നെ ജെന്‍ഡര്‍ ഇഷ്യൂവും ഈ ആണ്‍-പെണ്‍ സൗഹൃദങ്ങളിലുള്ള പ്രശ്‌നങ്ങളും ഇപ്പറയുന്ന മുന്‍തലമുറയുടെ പരാജയമാണ്.
പിന്നെ ഇതൊക്കെ പതുക്കയേ മാറൂ… പെട്ടെന്ന് മാറണം എന്ന് വാശിപിടിക്കേണ്ട എന്നല്ല വാശിപിടിക്കണം. പക്ഷെ ആ വാശി പിടുത്തത്തില്‍ കുറച്ചൊരു റിയലിസ്റ്റിക്കവണം. ഞാന്‍ മരിച്ച് പോകുന്നതിന് മുന്‍പ് ഇത് കംപ്ലീറ്റ് നടക്കണം എന്ന് വിചാരിക്കേണ്ട കാര്യമൊന്നുമില്ല.
രക്ഷിതാക്കളോടാണ്… അവര്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കാം, പക്ഷേ നിങ്ങളുടെ ചിന്തകള്‍ അരുത്?
അധ്യാപകര്‍ കഴിഞ്ഞാല്‍ അല്ലെങ്കില്‍ അധ്യാപകരേക്കാള്‍ ഒരുവേള മുന്‍പെ നമ്മള്‍ ചിന്തിക്കേണ്ടത് രക്ഷിതാക്കളെ കുറിച്ചാണ്. രക്ഷിതാക്കളുടെ കാര്യത്തിലേക്ക് വരുമ്പോഴും ഇതൊക്കെ തന്നെയാണ്. ഈ വക കാര്യങ്ങളെ കുറിച്ചൊക്കെ സെന്‍സിറ്റീവ് ആയിട്ടുള്ള ആളുകളാണെങ്കിലും പലപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസത്തിലൊരു മാറ്റം എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാത്തതിലുള്ള കാരണം ചുറ്റുമുള്ള സമ്മര്‍ദ്ദങ്ങളാണ്. പിന്നെ ഈ കുടുംബത്തിന്റെ അകത്തുള്ള ഈ അധികാരഘടനയെ മനസിലാക്കലും ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഉള്ള സങ്കീര്‍ണ്ണതയും കുട്ടികളിലേക്ക് കടക്കും.
കാരണം ഞാനും എന്റെ പാര്‍ട്ണറും മാത്രമുള്ളതല്ല വീട്, അവിടെ മറ്റു കുടുംബാംഗങ്ങളും ഉണ്ട്. എല്ലാവരേയും നമുക്ക് എഡ്യുക്കേറ്റ് ചെയ്യാന്‍ പറ്റില്ല. കുട്ടികളുടെ ജീവിതത്തെ ഇവരൊക്കെ സ്വാധീനം ചെലുത്തുന്നുമുണ്ട്. ഈ വക കാര്യങ്ങളെ മനുഷ്യന് സെന്‍സിറ്റൈസ് ചെയ്യാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ആര്‍ട്ട്. നമുക്ക് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതില്‍ പരിമിതിയുണ്ട്.
ഉദാഹരണത്തിന് അധ്യാപകരോട് നമ്മള്‍ ഇക്കാര്യം സംസാരിക്കുമ്പോള്‍ അവര്‍ പറയുന്ന പ്രധാന സംഗതി മാഷേ നമുക്ക് ഇത് താല്‍പ്പര്യമില്ലാഞ്ഞിട്ടല്ല പി.ടി.എ സമ്മതിക്കുന്നില്ല എന്നാണ്. പി.ടി.എ എന്നുപറഞ്ഞാല്‍ രക്ഷിതാക്കള്‍ എന്നാണല്ലോ. വിദ്യാഭ്യാസത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ വരണമെങ്കില്‍ അത് ഒരുപാട് സമയമെടുക്കുമെന്നതിന്റെ കാരണമതാണ്. അതായത് ഇവരെയെല്ലാം നമ്മള്‍ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കണം. സ്‌കൂള്‍ അധികൃതരും അധ്യാപകരും മാത്രം തീരുമാനിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ മാറ്റാന്‍ പറ്റും. പക്ഷേ അതിന് തടസമാകുക പലപ്പോഴും രക്ഷിതാക്കളായിരിക്കും. അതുകൊണ്ടാണ് സര്‍ക്കാരിന് ഇതില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന് പറയുന്നത്. പോളിസി ലെവലില്‍ മാറ്റം വരാന്‍ സര്‍ക്കാര്‍ എത്രത്തോളം തയ്യാറാകും എന്നതും ഒരു വിഷയമാണ്.
ഇതിനൊക്കെയുള്ള മറുമരുന്ന് എന്നത് നല്ല ആര്‍ട്ട് ഫോമുകളാണ്. ഈ മാറ്റത്തെ ഒന്ന് സ്പീഡാക്കാന്‍ ആര്‍ട്ടിന് കഴിയും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ആല എന്ന പേരിന് പിന്നില്‍?
ആല എന്ന് പേരിട്ടതിന് പിന്നില്‍ ഞാന്‍ പറയാം മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഇതെന്റെ അങ്കിളിന്റെ വര്‍ക്ക്‌ഷോപ്പായിരുന്നു. രണ്ട് ഞാന്‍ ചെയ്യുന്ന എന്റെ പരിശീലനം എന്നത് ഒരു ക്ലാസോ സെമിനാറോ അല്ല, അതുമൊരു ശില്‍പ്പശാലയുടെ മാതൃകയിലാണ്. മൂന്ന് ആല ഒരു പ്രോലിറ്റേറിയനായിട്ടുള്ള വാക്കാണ്. ശരീരത്തിന്റെ വിയര്‍പ്പിന്റെ എനര്‍ജിയുടെ ചൂടിന്റെ ഫിസിക്കലിയുള്ള അധ്വാനത്തിന്റെ എല്ലാം ഒരു വേദിയാണ്. പിന്നെ അതൊരു ട്രാന്‍സ്‌ഫോര്‍മേഷന്റെ വേദിയാണ്. പിന്നെ ഈ പേര് കേള്‍ക്കുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട് ഇത് അടിച്ച് പരുവമാക്കി മാറ്റുകയാണോ എന്ന്. ഒരര്‍ത്ഥത്തില്‍ അത് ശരിയുമാണ്. അടിക്കുക എന്നത് പുറത്ത് അടിക്കുക എന്ന് മാത്രമല്ലല്ലോ… നമുക്കൊക്കെ ഉള്ളില്‍ നിന്നുള്ള അടിയും കിട്ടിയിട്ടുണ്ടല്ലോ.