| Saturday, 27th April 2019, 4:38 pm

ആനമുറിവുകളില്‍ വേദനിക്കുന്ന തൃശ്ശൂര്‍ക്കാരന്‍ വെങ്കടാചലം

ജംഷീന മുല്ലപ്പാട്ട്

ആനകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടും അവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും ചിലത് ചെയ്യാനുണ്ട് എന്ന ചിന്ത വരുന്നത് എപ്പോഴാണ്?

1997 ലാണ് ആനകള്‍ എന്ന് പറയുന്ന ജീവിവര്‍ഗത്തെ നാട്ടില്‍ കൊണ്ടുവന്നിട്ട് അതിനെ പലരീതിയില്‍ പീഡിപ്പിച്ച് സാമ്പത്തികലാഭമുണ്ടാക്കുന്നു എന്ന് ഞാന്‍ മനസിലാക്കുന്നത്. അത് 1997 ല്‍ എന്റെ വീട്ടിന്റെ തൊട്ടുമുന്‍പില്‍ തന്നെ നടന്ന ഒരു സംഭവത്തിന്റെ പുറകിലാണ്. ഒരു ആനയെ ശരീരത്തിന്റെ ഒന്നു രണ്ട് സ്ഥലത്ത് പരിക്കേല്‍പ്പിച്ചിട്ട് യാതൊരു ബോധവുമില്ലാത്ത മദ്യം കഴിച്ച പാപ്പാന്‍ ഈ ഇടവഴിയില്‍ക്കൂടി കൊണ്ടുപോകുകയായിരുന്നു. അപ്പോള്‍ ഞാന്‍ അവിടെ ട്യൂഷനെടുത്തുകൊണ്ടിരിക്കുകയാണ്. ആന ഈ തിരിവ് എത്തിയപ്പോള്‍ എങ്ങോട്ടേക്കാണ് പോകേണ്ടതെന്നറിയാതെ അവിടെ നിന്നു. ആന അനങ്ങാതെ നിന്നപ്പോള്‍ ഈ പാപ്പാന്‍ ആനയെ തല്ലുന്ന ശബ്ദം ഞങ്ങള്‍ ഇങ്ങനെ കേള്‍ക്കുന്നുണ്ട്.

എന്നാല്‍ തല്ല് കൊണ്ടിട്ടും ആന ഒരു അടിപോലും അനങ്ങുന്നില്ല. ഞാന്‍ അടുത്തേക്ക് ചെന്ന് നോക്കിയപ്പോള്‍ ആനയുടെ ശരീരമാസകലം മുറിവും അതില്‍ നിന്നും രക്തം വരികയും ചെയ്യുന്നുണ്ട്. ആനയുടെ രണ്ട് കൊമ്പിന്റെയും ഇടയിലായിട്ട് ഒരു രണ്ടാനയ്ക്ക് എടുക്കാവുന്നത്രയും പട്ട തിരുകി വെച്ചിട്ടുമുണ്ട്. ആനയുടെ പുറത്തൊരാളിരിക്കുന്നുണ്ട്, മുന്നിലൊരാളും പിറകിലൊരാളും വടിയുമായി നടക്കുന്നുമുണ്ട്. പാപ്പാന്റെ കൈയിലുള്ള വടി ഞാന്‍ വാങ്ങിച്ചു, എന്നിട്ട് അതെടുത്ത് ഞാന്‍ എന്റെ വീട്ടിനുള്ളിലേക്കിട്ടു. എന്നിട്ട് ആനയെ ഒന്നു മാറ്റിനിര്‍ത്താന്‍ പറഞ്ഞു.

ആ സമയം റോഡില്‍ അധികം ആളൊന്നുമുണ്ടായിരുന്നില്ല. അതിനിടെ ഞാന്‍ പൊലീസിനെ വിളിച്ചു. അവര്‍ വന്നു. ആനയാകുമ്പോള്‍ കുറച്ച് പരിക്കൊക്കെ ഉണ്ടാകും, പാപ്പാന്‍മാര്‍ മദ്യപിക്കൊക്കെ ചെയ്യും എന്നൊക്കെ പറഞ്ഞ് പൊലീസ് നമുക്ക് ഭയങ്കരമായ ഒരുപദേശം തന്നിട്ട് ഇവനെ (പാപ്പാനെ) അവിടെ നിന്ന് പറഞ്ഞയച്ചു. ആനയ്ക്ക് പരിക്കുണ്ടെന്നും ചോരയൊലിക്കുന്നുണ്ടെന്നുമെല്ലാം അവര്‍ക്കും അറിയാം. ഞാന്‍ അപ്പോള്‍ തന്നെ തൃശ്ശൂര്‍ എസ്.പിയെ വിളിച്ചു. ഹേമചന്ദ്രന്‍ എന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അന്ന് എസ്.പി.

ടൗണിലേക്കാണ് ആനയെ കൊണ്ടുപോയതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പൊലീസുകാര്‍ ഒരു മയവുമില്ലാതെയാണ് ഇടപെട്ടതെന്നും എസ്.പിയോട് ഞാന്‍ പറഞ്ഞു.

പൊലീസിന് ആനയെ നിയന്ത്രിക്കാനുള്ള അധികാരമുണ്ടെന്നാണ് നിയമത്തില്‍ പറയുന്നത്. അത് പറഞ്ഞപ്പോള്‍ ഞാന്‍ അന്വേഷിക്കാമെന്ന് പറഞ്ഞ് എസ്.പി ഫോണ്‍വെച്ചു. ഇത് കഴിഞ്ഞ് ഒരു രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നെ ഉപദേശിച്ച ഈ പൊലീസുകാര്‍ തന്നെ വീട്ടിലേക്ക് വന്ന് ഒരു പരാതി എഴുതി തരണമെന്ന് പറഞ്ഞു.

സംഭവമെന്താണെന്ന് വെച്ചാന്‍ ഈ ആന രണ്ട് മണിക്കൂര്‍ നടന്ന് പടിഞ്ഞാറെക്കോട്ടെ സെന്ററിലെ ട്രാഫിക് ഐലന്റ് എടുത്തെറിഞ്ഞു. മാത്രമല്ല ഈ ആനയുടെ ഉടമസ്ഥന്റെ വീട് അതിനടുത്താണ്. ആ വീട്ടിന്റെ ഉള്ളില്‍നിന്നാണ് ആന ഓടി വന്നത്. അയാളെ കുത്താന്‍ വന്നപ്പോള്‍ അയാള്‍ പുറത്തേക്കിറങ്ങിയോടി. അപ്പോഴാണ് ആന പുറത്തേക്കിറങ്ങിയത്. തൊട്ടടുത്തൊരു ഹോട്ടലിനുള്ളില്‍ ഇയാളിരിക്കുന്നത് കണ്ടപ്പോള്‍ ഹോട്ടല്‍ ആന കുത്തിപ്പൊളിച്ചു. ചുരുക്കത്തില്‍ ആറ് റോഡും കൂടുന്ന ആ വഴി ബ്ലോക്കായി. കളക്ട്രേറ്റിലേക്കൊക്കെയുള്ള വഴിയാണത്. അതോടെ ഇത് പൊലീസിനും വലിയ വിഷയമായി. ഈ സമയവും ആനയെ ഇവര്‍ തളച്ചിട്ടില്ല.

എന്റെ കൈയില്‍ നിന്ന് പരാതി എഴുതിക്കൊണ്ടുപോയി മൂന്നുമണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് ആനയെ തളയ്ക്കുന്നത്. അങ്ങനെ പിറ്റേദിവസം പത്രത്തില്‍ വാര്‍ത്ത കണ്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പാപ്പാനെ അറസ്റ്റ് ചെയ്തു എന്ന്. എല്ലാ പത്രത്തിലും കൊടുത്ത ഫോട്ടോയിലെ ആനയുടെ കാലില് മുറിവുള്ളത് വ്യക്തമായി കാണാം.

എന്റെ പരാതിയില്‍ മുറിവിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നെങ്കിലും പൊലീസുകാര്‍ അതൊന്നും പരിഗണിച്ചിട്ടില്ല. അങ്ങനെ ഈ പത്രവാര്‍ത്തയുമായി ഞാന്‍ അന്നച്ചെ ജില്ലാ കളക്ടറായിട്ടുള്ള ടിക്കാറാം മീണയെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ ഓഫീസിന് തൊട്ടുമുകളിലാണ് ഡി.എഫ്.ഒയുടെ ഓഫീസ്. അദ്ദേഹം ഡി.എഫ്.ഒയെ വിളിച്ചുനോക്കി. അപ്പോള്‍ ഡി.എഫ്.ഒ പറഞ്ഞു, ഇത് നാട്ടാനായാണ്… നാട്ടാനയുടെ കാര്യത്തില്‍ വനംവകുപ്പിന് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന്. അത് കഴിഞ്ഞിട്ട് അവിടെ തന്നെയുള്ള മൃഗസംരക്ഷണ ഓഫീസറെ വിളിച്ചു. നാട്ടാനയുടെ കാര്യങ്ങളൊക്കെ ആരാണോ പരിശോധിക്കുന്നത് അത് അന്വേഷിച്ച് നടപടിയെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പിന്നീടുള്ള ഏഴ് ദിവസങ്ങളില്‍ എട്ട് തവണയായി ആന ഇടയുന്നുണ്ട്. പത്രത്തില്‍ അത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നു. അതിലുള്ള എല്ലാ പടത്തിലും ആനയുടെ ശരീരത്തില്‍ പരിക്കുണ്ട്. അവസാനം ഞാന്‍ വീണ്ടും പരാതി കൊടുക്കാന്‍ പോയി. അങ്ങനെ ജില്ലാ കളക്ടര്‍ ജന്തുദ്രോഹനിവാരണസമിതിയുടെ യോഗം വിളിച്ചു.

യോഗം നടക്കുമ്പോള്‍ ഞാനും അവിടെ ചെന്നു. കളക്ടര്‍ ശക്തമായി നടപടിയെടുക്കണമെന്നൊക്കെ ആവശ്യപ്പെടുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്നുവരൊക്കെ മിണ്ടാതിരിക്കുകയായിരുന്നു. അവസാനം മീറ്റിംഗ് കഴിഞ്ഞപ്പോഴാണ് ജന്തുദ്രോഹനിവാരണസമിതിയില്‍ ഉള്ളവര്‍ തൃശ്ശൂര്‍പൂരത്തിന്റെ സംഘാടകരാണെന്ന് മനസിലായത്. അന്നത്തെ നഗരസഭാ ചെയര്‍മാനാണ് ഇതിന്റെ സെക്രട്ടറി.

ഇതൊക്കെ കഴിഞ്ഞശേഷം ആനയെ കാണാനില്ലെന്ന് പറഞ്ഞ് കളക്ടര്‍ക്ക് ഞാന്‍ വേറൊരു പരാതി കൊടുത്തു. പടിഞ്ഞാറെക്കോട്ടെയിലെ വീട്ടില്‍ നിന്ന് ഈ ആന അപ്രത്യക്ഷമായി എന്ന് ഞാന്‍ കളക്ടറോട് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ എന്നെ വിളിപ്പിച്ചു. എന്റെ മൊഴിയൊക്കെ എടുത്തു. ആനയെ കണ്ടുപിടിക്കണമെന്ന നിര്‍ദ്ദേശവും പൊലീസിന് ജില്ലാ കളക്ടര്‍ നല്‍കി. പൊലീസ് ആനയെ കണ്ടുപിടിച്ചില്ല.

അവസാനം ട്യൂഷന് വന്നൊരു കുട്ടി ചെവ്വൂര്‍ എന്ന സ്ഥലത്ത് തടിക്കമ്പനിയ്ക്ക് പുറത്ത് ഈ ആന നില്‍ക്കുന്നുണ്ട് എന്ന് എന്നോട് പറഞ്ഞു. അതുപ്രകാരം ഞാന്‍ ആ കുട്ടിയെ കൊണ്ട് അവിടെ പോയി. അവിടെയുള്ളവരോട് ആനയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുതലാളിയുടേതാണ് എന്ന് മാത്രമാണ് പറഞ്ഞത്.

മുന്‍പുള്ളതിനേക്കാള്‍ പരിക്ക് ആനയുടെ ശരീരത്തില്‍ പരിക്കുണ്ടായിരുന്നു. മുള്ളുകമ്പി കൊണ്ട് ആനയുടെ നാല് കാലും കെട്ടിയിട്ടിരിക്കുകയായിരുന്നു. ആന തീരെ അവശനിലയിലായിരുന്നു.

വീണ്ടും ഞാന്‍ പരാതി കൊടുത്തു. അതിന് ശേഷം ആന അവിടെനിന്നും അപ്രത്യക്ഷമായി. അങ്ങനെയിരിക്കെ പീച്ചിയില്‍ നിന്ന് വരുന്ന ഒരു കുട്ടി എന്നോട് വനംവകുപ്പിന്റെ അവിടത്തെ തടികൂപ്പില്‍ ആന തടി എടുക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ വീണ്ടും പരാതി കൊടുത്തു. പീച്ചി വൈല്‍ഡ് ലൈഫിന്റെ പരിധിയിലുള്ള സ്ഥലമാണ്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

ഈ ആനയെ ഒരു കശുമാവില്‍ ആയിരുന്നു കെട്ടിയിട്ടിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന കശുമാങ്ങയുടെ പച്ച അണ്ടി തിന്നാണ് ചത്തത് എന്നാണെന്ന് എഴുതിയിരുന്നത്. അസിഡിറ്റി മൂലം കുടലിന് പ്രശ്‌നമുണ്ടായി എന്നും സ്വാഭാവികമരണമാണ് എന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു അതിലുണ്ടായിരുന്നത്. മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നിന്ന് ഡീനായിട്ട് വിരമിച്ച ഡോക്ടറാണ് ഈ കള്ളരേഖ ഉണ്ടാക്കിയിരിക്കുന്നത്. ആനയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.

ഇതിന്റെ പേരില്‍ ഞാന്‍ വീണ്ടും പരാതി നല്‍കി. ഇതിന്റേ മേല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പിന് സാധ്യതയുണ്ടെന്ന് കണ്ട് അന്നത്തെ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പേപ്പര്‍ തടഞ്ഞുവെച്ചു. ഇത് കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി ഈ ഔദ്യോഗിക സംവിധാനങ്ങളൊക്കെ നാട്ടാനയെ പീഡിപ്പിക്കുന്നവരെ സംരക്ഷിക്കുന്നതിന് സഹായകമാണെന്ന്. ഇതിന് പരിഹാരം വേണമെങ്കില്‍ നമ്മള്‍ തന്നെ എന്തെങ്കിലും പരിപാടിയുമായി മുന്നിട്ടിറങ്ങിയാലെ നടക്കുകയുള്ളൂവെന്ന് മനസിലായി. അങ്ങനെ എന്റെ സുഹൃത്തുക്കളായ ഏഴ് പേര്‍ ചേര്‍ന്ന് ഇതിന് മുന്നിട്ടിറങ്ങുകയായിരുന്നു.

കേരളത്തിലെ നാട്ടാനകളുടെ കണക്ക്?

2018 നംവബറില്‍ ല്‍ സര്‍ക്കാര്‍ എടുത്ത കണക്ക് പ്രകാരം 521 നാട്ടാനകളാണുള്ളത്. അത് കഴിഞ്ഞാല്‍പ്പിന്നെ ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ കഴിഞ്ഞ ആഴ്ചവരെ 10 ആനകള്‍ ചത്തുപോയിട്ടുണ്ട്. നിലവില്‍ 511 ആനകളെ ഉള്ളൂ. സുപ്രീംകോടതി പറഞ്ഞിട്ടാണ് ഈ കണക്കെടുത്തത്. ഇതിന്റെ കണക്കെടുക്കാന്‍ പറയാന്‍ കാരണം 2014 ല്‍ തൃശ്ശൂര്‍പൂരത്തിന് എഴുന്നള്ളിക്കാന്‍ വന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശങ്കര്‍ എന്ന ആന 12 മണിയ്ക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ ഉള്ളില്‍വെച്ച് ഇടഞ്ഞോടി. പൂരത്തിന്റെ പിറ്റേന്ന്. പിന്നീട് അതിനെ മയക്കുവെടി വെച്ച് ലോറി കയറ്റി 12 മണിയാകുന്ന നേരത്ത് വെയിലത്ത് ഗുരുവായൂര്‍ കൊണ്ടിറക്കി.

ഈ ആന അവിടെനിന്നും വീണ്ടും വിരണ്ടോടി. അവരതിനെ ഭീകരമായി മര്‍ദ്ദിച്ച് തളച്ചതിന്റെ അടിസ്ഥാനത്തില്‍ കാലിന് പരിക്കേറ്റു. അവസാനം ഈ ആന ഒന്നരമണിക്കൂര്‍ നേരത്തേക്ക് കാല് നിലത്തുവക്കാന്‍ കഴിയാതെ പൊക്കിപ്പിടിച്ച് നില്‍ക്കുന്ന ഒരു നീണ്ട ഒരു വീഡിയോ എനിക്ക് കിട്ടി. ഞാന്‍ ഈ വീഡിയോ കൊണ്ടുകാണിച്ചപ്പോഴാണ് ഗുരുവായൂര്‍ ദേവസ്വത്തിലുള്ളവര്‍ക്ക് ആനയ്ക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് മനസിലായത്. അവസാനം ഞാനത് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന് അയച്ചു.

അവസാനം അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഫുള്‍ ബോര്‍ഡ് യോഗം കൂടിയിട്ട് ഈ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്നന്വേഷിക്കാന്‍ തീരുമാനിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിലുള്ളവര്‍ പല കത്തിലും പറയാറ് ഞങ്ങള്‍ 11 തൊട്ട് 4 വരെ ആനകളെ ഉപയോഗിക്കാറില്ലെന്നാണ് പറയാറുള്ളത്. ഞങ്ങളെ അമ്പലത്തിലെ ആവശ്യത്തിന് മാത്രമെ ആനകളെ ഉപയോഗിക്കാറുള്ളൂ എന്നാണ് പറയാറുള്ളത്.

ഇവരത് ലംഘിച്ചു എന്ന് മാത്രമല്ല, ഈ 11 തൊട്ട് 4 വരെയുള്ള സമയങ്ങളിലാണ് മേല്‍പ്രശ്‌നങ്ങളുണ്ടായത്. ഇതിന്റെ പേരില്‍ ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ അന്വേഷിക്കാനായി അഞ്ചംഗ സമിതിയെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് നിയോഗിച്ചു. ഒരാഴ്ച ഈ സമിതി ഗുരുവായൂരിലെ ആനക്കോട്ടയില്‍ താമസിച്ചിട്ട് അവിടത്തെ ആനകളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചുപോയി. അതില്‍ അവര്‍ക്ക് മനസിലായ ചില കാര്യങ്ങളുണ്ട്. അതിലൊന്ന് ഈ ആനകളൊന്നും കേരളത്തില്‍ ജനിച്ചുണ്ടായതല്ല എന്നാണ്.

കേരളം വനംവകുപ്പിന്റെ ആനകളല്ല ഇത്. ഏഴ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ആനകളാണിവയെല്ലാം. ആ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നതിന് ഇതിലൊന്നിനും രേഖകളില്ല. അവിടത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റേയും ഇവിടത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റേയും കൈയില്‍ അതുമായി ബന്ധപ്പെട്ട് രേഖകളില്ല. പല സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവന്നിട്ട് ധനാഢ്യന്മാരുടെ മുന്നില്‍ കാഴ്ചവെച്ചിരിക്കുകയാണ്. മാത്രമല്ല ഈ ആനകള്‍ക്കൊക്കെ അതിഭയങ്കരമായ ശാരീരിക അസ്വസ്ഥകള്‍ക്കുള്ള മരുന്ന് കൊടുക്കുന്നുണ്ട്.

ആനകളെ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നതും വിശ്വാസവും തമ്മിലുള്ള ബന്ധം?

അമ്പലവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചടങ്ങുകളുടേയും മൂലരൂപം എഴുതിവെച്ചിരിക്കുന്നത് വളരെ പണ്ടാണ്. ആ കാലത്തൊന്നും ആനയെ പിടിച്ചുകൊണ്ടുവന്ന് മെരുക്കി മര്‍ദ്ദിച്ച് ക്ഷേത്രത്തില്‍ വിഗ്രഹമേന്തുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ആചാരസമ്പ്രദായങ്ങള്‍ തുടങ്ങുന്ന സമയത്ത് ആന എഴുന്നള്ളിപ്പ് ഇല്ല. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസിലായത് പണ്ട് മാര്‍ത്താണ്ഡവര്‍മ്മ ഏതോ ഒരു ബ്രാഹ്മണനെ എന്തോ ഒരു പ്രശ്‌നത്തില്‍ ശിക്ഷ വിധിച്ച് അയാളെ കൊന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ കുടുംബത്തില്‍ പിന്നീട് പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ജ്യോത്സ്യന്മാര്‍ പറഞ്ഞു ബ്രാഹ്മണനെ കൊന്നതാണ് ഇതിന് കാരണമെന്ന്. അതിന് പരിഹാരമായി ക്ഷേത്രങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയിലുള്ള ആനകളെ ദാനം ചെയ്യണമെന്ന് പറഞ്ഞു. ഇതാണ് പിന്നീട് ആചാരമായി മാറിയത്. അതായത് 300 വര്‍ഷമേ ഈ പറയുന്ന ആചാരത്തിന് പഴക്കമുള്ളൂ.

നാട്ടാനകളുടെ പുനരധിവാസം?

കാട്ടിലെ ആനകള്‍ തോന്നുന്നത് പോലെ നടക്കുകയും അതിന് തോന്നുമ്പോള്‍ വെള്ളത്തിലിറങ്ങുകയും ചെയ്യും. ഇതിനെ പാപ്പാന്‍മാര്‍ അവരുടെ ഇഷ്ടത്തിന് ഒരു വടിത്തുമ്പിലാക്കി നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് കുറച്ചുകഴിയുമ്പോള്‍ ആന പാപ്പാനെ നിയന്ത്രിക്കുകയും പാപ്പാന് മേല്‍ അധീശത്വം സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ് ആന ഇടയുന്നത്.

നിലവിലുള്ള ആനകളെ മുഴുവന്‍ എഴുന്നള്ളിപ്പ് പരിപാടി മാറ്റിയിട്ട് കാടിനുള്ളില്‍ ഒരു 50 ഏക്കര്‍ സ്ഥലത്ത് 25 ഓളം ആനകളെ വേലികെട്ടി മാറ്റിപ്പാര്‍പ്പിക്കുകയാണ് വേണ്ടത്. അവിടെ പാപ്പാന്‍മാരോടൊപ്പം ആനയുടെ സ്വച്ഛമായ പ്രകൃതിയെ സംരക്ഷിക്കുകയാണ് വേണ്ടത്.

നാട്ടാനകളെ ഉപയോഗിച്ച് ബിസിനസ്?

70 കളുടെ അവസാനം ഗള്‍ഫില്‍ പോയി പണം സമ്പാദിച്ച് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ചെറിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചെടുത്തു. അവിടെ ഉത്സവം നടത്താനായിട്ട് ബന്ധുക്കളുടെ കൈയില്‍ നിന്നും വിദേശത്ത് നിന്നും പണം പിരിച്ചുതുടങ്ങി. അങ്ങനെയാണ് ആനകള്‍ ഉപയോഗിച്ചാല്‍ ലാഭം ഉണ്ടാകുമെന്ന് കണ്ട് എഴുന്നള്ളിപ്പിന് ആനകളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഉപയോഗിക്കുന്നത്.

70 ല്‍ തുടങ്ങി 80 ലും 90 ലും ഇത് വ്യാപകമാവുകയും ചെയ്തു.

തൃശ്ശൂര്‍പൂരത്തിന്റെ സമയത്തും സമാനമായുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ട്. ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്.

ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക്?

ഈ കൊല്ലം തന്നെ ഏഴ് പാപ്പാന്‍മാരെ ആനകള്‍ കൊന്നിട്ടുണ്ട്. പാപ്പാന്‍മാരല്ലാത്ത രണ്ട് പേരെയും ആനകള്‍ കൊന്നിട്ടുണ്ട്. ഏഴ് ആനകള്‍ എട്ടുപേരെ കൊന്നിട്ടുണ്ടെന്ന് പറയാം. 1997 മുതലുള്ള കണക്കെടുത്താല്‍ 816 ആളുകള്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കൊന്നും പത്ത് പൈസ ആരും കൊടുക്കാത്ത ഒരു സാഹചര്യവുമുണ്ട്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം