ജംഷേദ്പുര്‍: ഐ.എസ്.എല്‍ ആറാം സീസണിലെ മൂന്നാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരെ ജംഷേദ്പുര്‍ എഫ്.സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്. 35-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയതിനു ശേഷം പൊരുതി നേടിയ വിജയമാണ് ജംഷേദ്പുരിന്റേത്.
17-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജംഷേദ്പുരാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഒഡിഷയുടെ പ്രതിരോധ നിര താരം റാണ ഖരാമിയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. എന്നാല്‍ റാണയുടെ കാലില്‍ തട്ടിയ പന്ത് വലയിലെത്തി.
35-ാം മിനിറ്റിലാണ് ജംഷേദ്പുര്‍ 10 താരങ്ങളായി ചുരുങ്ങിയത്. ഒഡിഷ താരത്തെ ഫൗള്‍ ചെയ്തതിന് ജംഷേദ്പുരിന്റെ ബികാസ് ജെയ്‌റുവിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.
ഇതോടെ പ്രതിരോധത്തിലേക്കു വലിഞ്ഞ ജംഷേദ്പുരിനെതിരെ ഒഡിഷ 40-ാം മിനിറ്റില്‍ ഗോള്‍ നേടി. അറിഡെയ്ന്‍ സന്റാനയാണ് സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടാം പകുതിയില്‍ ഒഡിഷ ആക്രമണം അഴിച്ചുവിട്ടെങ്കിലും അതൊന്നും ജംഷേദ്പുര്‍ പ്രതിരോധത്തിനു വെല്ലുവിളിയായില്ല. മറുവശത്ത് അവസരം ലഭിച്ചപ്പോഴെല്ലാം ജംഷേദ്പുര്‍ ആക്രമിച്ചുകയറി. ഒടുവില്‍ 85-ാം മിനിറ്റില്‍ കാസ്റ്റലിലൂടെ അവര്‍ വിജയ ഗോള്‍ നേടി.