| Saturday, 12th March 2022, 9:51 am

നിങ്ങള്‍ ആഘോഷിച്ചോളൂ... പണി ഞങ്ങള്‍ തന്നിരിക്കും; വെല്ലുവിളിയുമായി ജംഷഡ്പൂര്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിലെ ആദ്യ പാദത്തിലെ തോല്‍വിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിനെ വെല്ലുവിളിച്ച് ജംഷഡ്പൂര്‍ എഫ്.സിയുടെ മുഖ്യപരിശീലകന്‍ ഓവന്‍ കോയല്‍. പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ തോറ്റെങ്കിലും ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോളടിക്കാനുള്ള സുവര്‍ണാവസരങ്ങള്‍ നഷ്ടമാക്കിയതാണ് ടീമിന് വിനയായതെന്നും തുടക്കത്തില്‍ തന്നെ മൂന്നോളം ഓപ്പണ്‍ ചാന്‍സുകള്‍ ടീം നഷ്ടപ്പെടുത്തിയെന്നും കോയല്‍ പറയുന്നു. അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചിരുന്നുവെങ്കില്‍ മത്സരത്തിന്റെ ചിത്രം ആകെ മാറുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ വിജയം കേരളം ആഘോഷിക്കട്ടെ, ഇത് അവരുടെ രാത്രിയാണ്. എന്നാല്‍ ഒരു മത്സരം ഇനിയും ബാക്കിയുണ്ടെന്ന കാര്യം ഓര്‍ക്കണം. ജംഷഡ്പൂര്‍ സീസണിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, ചാമ്പ്യന്‍മാരുമാണ്. അടുത്ത മത്സരത്തില്‍ ഞങ്ങള്‍ തിരിച്ചു വന്നിരിക്കും,’ കോയല്‍ പറഞ്ഞു.

കേരളത്തിന്റെ സ്വന്തം സഹല്‍ അബ്ദു സമദിന്റെ ചിറകിലേറിയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന്റെ ആദ്യ പാദം കടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ജംഷഡ്പൂരിനെ മുട്ടുകുത്തിച്ചത്.

4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ 4-2-3-1 ഫോര്‍മേഷനിലാണ് ജംഷഡ്പൂര്‍ നേരിട്ടത്. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ജംഷഡ്പൂര്‍ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സമ്മര്‍ദം നല്‍കിയെങ്കിലും അത് മുതലാക്കാനാവാതെ പോവുകയായിരുന്നു.

ഈ വിജയത്തോടെ സെമിയില്‍ ജംഷഡ്പുരിനെതിരെ ലീഡ് നേടാനും കൊമ്പന്‍മാര്‍ക്കായി. മാര്‍ച്ച് 15നാണ് രണ്ടാം പാദ മത്സരം. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ പോലും കേരളത്തിന് ഫൈനലിലേക്ക് കടക്കാം.

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനല്‍ കളിച്ചത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ ജയം നേടിയതും കൂടുതല്‍ ഗോളടിച്ചതും കൂടുതല്‍ തുടര്‍ ജയങ്ങള്‍ നേടിയതുമെല്ലാം(10) ഈ സീസണിലായിരുന്നു. നാലാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ സെമിയിലേക്കെത്തിയത്.

ശനിയാഴ്ച നടക്കുന്ന രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ കരുത്തന്‍മാരുടെ പോരാട്ടത്തിനാണ് ഐ.എസ്.എല്‍ സാക്ഷ്യം വഹിക്കുന്നത്. ഹൈദരാബാദ് എഫ്. സി എ.ടി.കെ മോഹന്‍ ബഗാനെയാണ് നേരിടുന്നത്. രാത്രി 7.30ന് ജി.എം.സി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

Content Highlight: Jamshedpur FC’s coach Owen Koyle against Kerala Blasters
We use cookies to give you the best possible experience. Learn more