| Monday, 3rd September 2018, 7:42 am

ജംഷദ്പൂര്‍ രാജ്യത്തെ ആദ്യ 'ചാണക വിമുക്ത നഗര'മാകും; നടപടികള്‍ ആരംഭിച്ചതായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജംഷദ്പൂര്‍: ജംഷദ്പൂരിനെ രാജ്യത്തെ ആദ്യ “ചാണക വിമുക്ത നഗര”മാക്കി മാറ്റാനുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജംഷദ്പൂര്‍ നോട്ടിഫൈഡ് ഏരിയ കമ്മറ്റി ടെന്‍ഡര്‍ ക്ഷണിക്കുകയും, രണ്ടു സ്ഥാപനങ്ങള്‍ കരാറെടുക്കുകയും ചെയ്തതായി കമ്മറ്റിയുടെ പ്രത്യേക ഓഫീസര്‍ സഞ്ജയ് കുമാര്‍ പാണ്ഡേ പറയുന്നു.

ഇത്തരത്തിലുള്ള ഒരു പദ്ധതി രാജ്യത്തു തന്നെ ആദ്യമാണെന്നാണ് പാണ്ഡേയുടെ അവകാശവാദം. “തൊഴുത്തുകള്‍ക്കും കന്നുകാലികളുടെ ഉടമസ്ഥര്‍ക്കുമെതിരെ ധാരാളം പരാതികളാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്നത്. നഗരത്തില്‍ അങ്ങുമിങ്ങും വഴിയോരത്തു കിടക്കുന്ന ചാണകം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.” പാണ്ഡേ പറയുന്നു.

ജംഷദ്പൂരില്‍ മാത്രം 350 പശുത്തൊഴുത്തുകളാണുള്ളത്. എന്നാല്‍, മാലിന്യങ്ങള്‍ വേണ്ടരീതിയില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത എല്ലാ തൊഴുത്തുകളും യഥാര്‍ത്ഥത്തില്‍ അനധികൃതമായാണ് കണക്കാക്കുക എന്നും പാണ്ഡേ അറിയിച്ചു.

Also Read: തമിഴ്‌നാട്ടില്‍ ജനങ്ങളാണ് ഭരണം നടത്തുന്നത്, തെലങ്കാനയിലും അതുപോലെയായിരിക്കും; കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി

കരാറെടുത്തിട്ടുള്ള രണ്ടു കമ്പനികളും ദിവസേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചാണകം ശേഖരിക്കുകയും അത് ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യും. ജംഷദ്പൂരില്‍ പ്രവര്‍ത്തിക്കുന്ന പശുത്തൊഴുത്തുകളുടെ എണ്ണം, ആകെയുള്ള കന്നുകാലികളുടെ എണ്ണം, ദിവസേന ശേഖരിക്കേണ്ട ചാണകത്തിന്റെ ശരാശരി അളവ് എന്നിവയെക്കുറിച്ചുള്ള കണക്കുകളും തയ്യാറാക്കും.

തൊഴുത്തുടമകളും കന്നുകാലി ഉടമകളും കമ്പനികള്‍ക്ക് പ്രതിമാസം ഒരു നിശ്ചിത തുക നല്‍കേണ്ടിവരും. ചാണകം വില്‍ക്കാനും കമ്പോസ്റ്റുണ്ടാക്കാനുമുള്ള അധികാരം കമ്പനികള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിവര്‍ഷം ഇവരില്‍ നിന്നും ഒരു ഫീസ് ഈടാക്കുമെന്നും പാണ്ഡേ അറിയിച്ചു.

We use cookies to give you the best possible experience. Learn more