ഐ.എസ്.എല്ലിൽ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ജംഷഡ്പൂർ എഫ്.സി. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സി യെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജംഷഡ്പൂർ തകർത്തത്.
മത്സരത്തിൽ 4-2-3-1 എന്ന ഫോർമേഷനിലായിരുന്നു ഹൈദരാബാദ് പോരിനിറങ്ങിയത്. എന്നാൽ 3-4-2-1 എന്ന ശൈലിയിലായിരുന്നു ആതിഥേയർ അണിനിരന്നത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സ്കോർബോർഡ് തെളിയിക്കാൻ ഇരു കൂട്ടർക്കും സാധിച്ചില്ല. അതിനാൽ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു.
രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോളിനായി നിരന്തരം പരിശ്രമിക്കുകയും അവസാനം ആതിഥേയർ 76ാം മിനിട്ടിൽ ഗോൾ നേടുകയായിരുന്നു. ജപ്പാനീസ് താരം റീയ് ടാച്ചികൽവയാണ് ജംഷഡ്പൂരിന്റെ വിജയഗോൾ നേടിയത്. പെനാൽട്ടി ബോക്സിന്റെ പുറത്ത് നിന്നും ലഭിച്ച ഫ്രീകിക്ക് ഹൈദരാബാദിന്റെ വലയിൽ എത്തിക്കുകയായിരുന്നു താരം.
തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ഹൈദരാബാദ് മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയ ടീമിന് തിരിച്ചടിയായി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ആതിഥേയർ 1-0ത്തിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിനോട് എതിരില്ലാത്ത ഒരു ഗോളിന് ജംഷഡ്പൂർ പരാജയപ്പെട്ടിരുന്നു. എന്നാൽ ഈ മത്സരത്തിൽ ടീം തിരിച്ചുവരികയായിരുന്നു. സ്വന്തം തട്ടകത്തിലുള്ള ഈ ത്രസിപ്പിക്കുന്ന വിജയം ജംഷഡ്പൂരിന് കൂടുതൽ ആത്മവിശ്വാസമാണ് നൽകുന്നത്.
ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയും അടക്കം നാലു പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ജംഷഡ്പൂർ.
അതേസമയം ഹൈദരാബാദ് എഫ്.സി ലീഗിലെ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോടായിരുന്നു ഹൈദരാബാദ് തോറ്റത്. ടീമിന്റെ സീസണിലെ ആദ്യ വിജയത്തിനായി ആരാധകർ ഇനിയും കാത്തിരിക്കണം.
ഒക്ടോബർ 23ന് ചെന്നൈയിൻ എഫ്.സി ക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ കച്ചി ബൗലി സ്റ്റേഡിയത്തിലാണ് മത്സരം.
അതേസമയം ഒക്ടോബർ 22ന് ജംഷഡ്‌പൂർ പുതുമുഖങ്ങളായ പഞ്ചാബ് എഫ്.സി യെ നേരിടും. ജെ.ആർ.ഡി ടാറ്റ സ്റ്റേഡിയമാണ് വേദി.
Content Highlight: Jamshadpur FC beat Hyderabad FC in ISL.