| Saturday, 24th August 2019, 8:34 pm

രാഹുലിനെ കശ്മീരിലേക്കു ക്ഷണിച്ച ഗവര്‍ണര്‍ മലക്കം മറിഞ്ഞു; പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പ്രതിപക്ഷ നേതാക്കളുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.

നേരത്തേ രാഹുല്‍ ഗാന്ധിയെ കശ്മീരിലേക്കു ക്ഷണിച്ചത് ഗവര്‍ണറായിരുന്നു. ഇക്കാര്യം പ്രതിപക്ഷ നേതാക്കള്‍ ബദ്ഗാം ജില്ലാ മജിസ്‌ട്രേറ്റിനയച്ച പ്രതിഷേധക്കുറിപ്പില്‍ പറയുന്നുമുണ്ട്.

എന്നാല്‍ താന്‍ രാഹുലിനെ ക്ഷണിച്ചത് നല്ലതുമാത്രം ഉദ്ദേശിച്ചാണെന്നും പക്ഷേ രാഹുല്‍ അതില്‍ രാഷ്ട്രീയം കളിച്ചെന്നും മാലിക് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

‘ഈ സമയത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യതാത്പര്യത്തിനൊപ്പം നില്‍ക്കണം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കശ്മീര്‍ സന്ദര്‍ശിക്കേണ്ട കാര്യമില്ല. കശ്മീരിലെ സാഹചര്യങ്ങള്‍ വഷളാകണമെന്നാണ് ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ഇവിടെവന്ന് ദല്‍ഹിയില്‍ പറഞ്ഞ കള്ളങ്ങള്‍ ആവര്‍ത്തിക്കാം.’- അദ്ദേഹം പറഞ്ഞു.

ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്ക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.

എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവര്‍ക്ക് അനുമതി നിഷേധിച്ചു. പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാന്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ, കശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തില്‍ നിന്നും പ്രതിപക്ഷ നേതാക്കള്‍ പിന്മാറണമെന്ന് കശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

നേരത്തേ കശ്മീര്‍ സന്ദര്‍ശിക്കാന്‍ മാലിക് രാഹുലിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര് നടന്നിരുന്നു. കശ്മീരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന രാഹുലിന്റെ ആരോപണത്തിനു മറുപടിയായാണ് ഗവര്‍ണര്‍ അദ്ദേഹത്തെ അങ്ങോട്ടു ക്ഷണിച്ചത്.

ഇതിനായി വിമാനം അയക്കാമെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more