ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രാഹുല്‍ ഗാന്ധി അപക്വനായ രാഷ്ട്രീയക്കാരനെപോലെ പെരുമാറുകയാണെന്ന് സത്യപാല്‍ മാലിക് കുറ്റപ്പെടുത്തി.
കശ്മീരിലെ സ്ഥിതിഗതികള്‍ അറിയിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘എനിക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ച് സംസാരിക്കേണ്ട കാര്യമില്ല. അദ്ദേഹം പക്വതയില്ലാത്ത രാഷ്ട്രീയക്കാരെപോലെയാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് പാകിസ്താന്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഐക്യരാഷ്ട്ര സംഘടനക്ക് അയച്ച കത്തില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹം ഇങ്ങനെ ചെയ്യരുതായിരുന്നു.’ സത്യപാല്‍ മാലിക് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പാകിസ്താന്‍ കത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ജമ്മുകശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ പാക്കിസ്താനോ മറ്റ് രാജ്യങ്ങളോ ഇടപെടേണ്ട ആവശ്യമില്ലെന്നും രാഹുല്‍ ട്വിറ്റ് ചെയ്തിരുന്നു.
്
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും സത്യപാല്‍ മാലിക് പറഞ്ഞു. കശ്മീര്‍ വിഷയം ആഭ്യന്തര പ്രശ്‌നമല്ലായെന്ന് അധിര്‍രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ പറഞ്ഞതിനെ സൂചിപ്പിച്ചായിരുന്നു ഗവര്‍ണര്‍ അത്തരത്തില്‍ ആരോപണം ഉന്നയിച്ചത്.\
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആര്‍ട്ടിക്കിള്‍ 370 നെ പിന്തുണച്ചതിന് പൊതുജനങ്ങള്‍ കോണ്‍ഗ്രസിനോട് ക്ഷമിക്കില്ലെന്നും അവരെ ചെരുപ്പ് കൊണ്ട് അടിക്കുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
‘ഞാന്‍ ഇത് പറയാന്‍ പാടില്ല, പക്ഷെ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് കോണ്‍ഗ്രസിന്റെ എതിരാളികള്‍ പറയുക അവര്‍ അതിനെ അനൂകൂലിച്ചവരാണെന്നാണ്. അപ്പോള്‍ ജനങ്ങള്‍ അവരെ ചെരുപ്പ് കൊണ്ട് അടിക്കും’ എന്നും സത്യപാല്‍ മാലിക് പറഞ്ഞു.