സാധാരണക്കാരെ കൊല്ലുന്നതിന് പകരം അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ എന്ന് തീവ്രവാദികളോട് കശ്മീര്‍ ഗവര്‍ണര്‍
ശ്രീനഗര്‍: സാധാരണക്കാരെയും ഉദ്യോഗസ്ഥരെയും കൊല്ലുന്നതിനു പകരം സംസ്ഥാനത്തെ സമ്പത്ത് കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരെ കൊല്ലൂ എന്ന് തീവ്രവാദികളോട് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കാര്‍ഗിലില്‍ നടന്ന പൊതുപരിപാടിയിലാണ് ഗവര്‍ണറുടെ വിവാദ പ്രസംഗം.
”ഇവര്‍ തോക്കെടുത്ത് സ്വന്തം ജനങ്ങളെയും സുരക്ഷാ ഓഫീസറെയും സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരേയും കൊല്ലുന്നു. എന്തിനാണ് നിങ്ങള്‍ അവരെ കൊല്ലുന്നത്, കശ്മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെ കൊല്ലൂ. നിങ്ങള്‍ അവരില്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?”- മാലിക് ചോദിച്ചു.
‘കശ്മീര്‍ ഭരിച്ച രാഷ്ട്രീയ കുടുംബങ്ങള്‍ പൊതുജനത്തിന്റെ പണം കൊള്ളയടിച്ച് ലോകത്താകമാനം സ്വത്ത് സമ്പാദിച്ചുകൂട്ടുകയാണ്. അവര്‍ക്ക് അളവില്‍ കൂടുതല്‍ സമ്പത്തുണ്ട്. അവര്‍ക്ക് ശ്രീനഗറില്‍ വസതിയുണ്ട്, ദല്‍ഹിയിലുണ്ട്, ലണ്ടനിലും മറ്റ് പല സ്ഥലങ്ങളിലുമുണ്ട്. വലിയ ഹോട്ടലുകളുടെ ഓഹരി ഉടമകളാണവരെന്നും’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രസംഗം വിവാദമായതോടെ ഗവര്‍ണര്‍ തിരുത്തുകയും ചെയ്തു. അഴിമതിക്കാരായ രാഷ്ട്രീയക്കാരോടുള്ള ദേഷ്യവും നിരാശയും കൊണ്ടാണ് അങ്ങനെയൊക്കെ സംസാരിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
‘ഒരു ഗവര്‍ണര്‍ എന്ന നിലയില്‍ ഞാന്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ അഭിപ്രായം അങ്ങനെതന്നെയാണ്. ധാരാളം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കശ്മീരില്‍ അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണ്’- സത്യപാല്‍ മാലിക് പറഞ്ഞു.
‘ഇനി വരുന്ന ദിവസങ്ങളില്‍ കാശ്മീരില്‍ രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ അത് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണെന്നു കരുതേണ്ടി വരു’മെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.