| Wednesday, 18th September 2024, 8:52 am

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. അതില്‍ 24 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 2019ല്‍ ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. നിര്‍ണായകമായ തെരഞ്ഞടുപ്പാണ് ജമ്മു കശ്മീരില്‍ ഇന്നുള്‍പ്പെടെയുള്ള ഘട്ടങ്ങളിലായി നടക്കുന്നത്.

24 സീറ്റുകളിലേക്ക് 90 സ്വതന്ത്രര്‍ ഉള്‍പ്പെടെ 219 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ജമ്മു കശ്മീരിലെ 23 ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാരാണ് 219 സഥാനാര്‍ത്ഥികളുടെയും വിധിയെഴുതുന്നത്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ വിധിയെഴുത്തിനായി ജനങ്ങള്‍ പോളിങ്ങ് ബൂത്തിലേക്കെത്തുക.

കേന്ദ്ര സായുധ അര്‍ദ്ധസൈനിക വിഭാഗം (സി.എ.പി.എഫ്), ജമ്മു കശ്മീര്‍ സായുധ പൊലീസ്, ജമ്മു കശ്മീര്‍ പൊലീസ് ഉള്‍പ്പെടെയുള്ള സേനകളുടെ ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

18നും 19നും ഇടയില്‍ പ്രായമുള്ള 1.23 ലക്ഷം യുവാക്കള്‍ക്കും 28,309 ഭിന്നശേഷിക്കാര്‍ക്കും 85 വയസിന് മുകളിലുള്ള 15774 ആളുകള്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുക.

ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യവും പി.ഡി.പിയും ബി.ജെ.പിയും ഉള്‍പ്പെടെ മത്സരിക്കുന്നതിനാല്‍ തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

പി.ഡി.പിയുടെ ഇല്‍തിജ മുഫ്തി, സിപി.ഐ.എം ലെ മുഹമ്മദ് യൂസുഫ് തരിഗാമി, കോണ്‍ഗ്രസിന്റെ ഗുലാം അഹമ്മദ് മീര്‍ എന്നിങ്ങനെ പ്രമുഖ സ്ഥാനാര്‍ത്ഥി നിര തന്നെ ഇന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖാകരിക്കും.

ജമ്മു കശ്മീരില്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നതായിരുന്നു കോണ്‍ഗ്രസ് എന്‍.സി സഖ്യത്തിന്റെയും പി.ഡി.പിയുടെയും പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ജമ്മു കശ്മീരില്‍ തീവ്രവാദത്തിന് പകരം വിനോദസഞ്ചാരവും സമാധാനവും നടപ്പാക്കുമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നത്. അതേസമയം ഈ തെരഞ്ഞെടുപ്പ് ജമ്മുകശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് കേന്ദ്ര സര്‍ക്കാരിനുള്ള തിരിച്ചടിയാവുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിലെ മറ്റ് രണ്ട് ഘട്ടങ്ങള്‍ സെപ്റ്റംബര്‍ 25നും ഒക്ടോബര്‍ ഒന്നിനും നടക്കുമെന്നും വോട്ടെണ്ണല്‍ ഒക്ടോബര്‍ എട്ടിനുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: JAMMU KASHMIR ASSEMBLY ELECTION; TODAY IS FIRST FACE

We use cookies to give you the best possible experience. Learn more