കശ്മീരിലെ ഭീകരാക്രമണം: ദുരന്തമുഖത്തു നിന്നും ആശ്വാസ വാര്‍ത്ത; ഭീകരരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി പ്രസവിച്ചു
Terrorist Attack
കശ്മീരിലെ ഭീകരാക്രമണം: ദുരന്തമുഖത്തു നിന്നും ആശ്വാസ വാര്‍ത്ത; ഭീകരരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി പ്രസവിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th February 2018, 2:57 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുഞ്ജുവാന്‍ സൈനിക ക്യാംപിന് പിന്നിലെ ക്വാര്‍ട്ടേര്‍സില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി പ്രസവിച്ചു. ജമ്മുവിലെ സൈനിക ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം.

റൈഫിള്‍മാന്‍ നസിര്‍ അഹമ്മദിന്റെ ഭാര്യയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞും അമ്മയും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രസവത്തെ കുറിച്ചുളള അധിക വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഭീകരരുടെ വെടിയേറ്റ പതിനൊന്ന് പേരില്‍ ഒരാളാണ് ഇവര്‍.

കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഈ വിവരം അറിയിച്ച് ട്വീറ്റ് ചെയ്യുകയുണ്ടായി. “വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ നിന്ന് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത. ഭീകരരുടെ വെടിയേറ്റ യുവതി പ്രസവിച്ചിരിക്കുന്നു””, ഒമര്‍ അബ്ദുളള ട്വിറ്ററില്‍ പറഞ്ഞു.

അതേസമയം ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇതിനോടകം നാല് ഭീകരരെ സൈന്യം വധിച്ചു. എന്നാല്‍ അഞ്ച് സൈനികരടക്കം ആറ് പേരുടെ ജീവനെടുത്ത ഭീകരരുടെ വെടിയേറ്റ് മറ്റ് 11 പേര്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ പുലര്‍ച്ചെയാണ് സുഞ്ജുവാന്‍ സൈനിക ക്യാംപിന്റെ പിറകിലുളള സൈനിക ക്വാര്‍ട്ടേര്‍സിലേക്ക് ഭീകരര്‍ കടന്നത്. ഇവരോട് ഏറ്റുമുട്ടിയ ജൂനിയര്‍ കമ്മാന്റിംഗ് ഓഫീസര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഒരു ജവാന്റെ പിതാവാണ് മരിച്ച ആറാമത്തെ വ്യക്തി.

ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ദിവസം മുഴുവന്‍ നീണ്ടു നിന്ന ആക്രമണത്തില്‍ മറ്റ് നാല് സൈനികരെയും ഭീകരര്‍ വധിച്ചിരുന്നു.