ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഏറ്റുമുട്ടലില്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണവും ആരംഭിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ച ലെഫ്റ്റ് ജനറല്‍ കെ.ജെ.എസ് ദില്ലന്‍ അറിയിച്ചത് ഫെബ്രുവരി 14 ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ സൈന്യം ജെയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളെ ഇല്ലാതാക്കിയിരുന്നു എന്നായിരുന്നു.
2019 ല്‍ സൈന്യം 69 ഭീകരവാദികളെ വധിച്ചിരുന്നെന്നും ദില്ലന്‍ അറിയിച്ചു. സൈന്യം 41 തീവ്രവാദികളെ വധിച്ചെന്നും അതില്‍ 25 പേരും ജെയ്ഷ് സംഘടനയില്‍പ്പെട്ടവരാണ് എന്നും പുല്‍വാമ ആക്രമത്തിന് ശേഷം അദ്ദേഹം അറിയിച്ചിരുന്നു.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ഫെബ്രുവരി 14 ന് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ ചാവേറായ ആദില്‍ അഹമ്മദ് എന്നയാളാണ് ആക്രമണം നടത്തിയത്.