ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിന്റെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ച് ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസ്. ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങാണ് ഇക്കാര്യം അറിയിച്ചത്.
‘ഇനിയും ഗൗരവമുള്ള കാര്യങ്ങള്‍ പുറത്തുവരാനുള്ളതിനാല്‍ ഈ കേസ് എന്‍.ഐ.എക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നു,’ ദില്‍ബാഗ് ബുധനാഴ്ച പറഞ്ഞു.
നിലവില്‍ ദവീന്ദര്‍ സിങ് സസ്‌പെന്‍ഷനിലാണ്. എന്നാല്‍ ദവീന്ദറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ഡി.ജി.പി അറിയിച്ചു. 2018ല്‍ ജമ്മു ആന്‍ഡ് കശ്മീര്‍ സര്‍ക്കാര്‍ ദവീന്ദറിന് നല്‍കിയ ധീരതയ്ക്കുള്ള മെഡല്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുമ്പ് ദവീന്ദര്‍ സിങ് ഏര്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും വ്യക്തമായ അന്വേഷണം ഉണ്ടാവണമെന്നും ഡി.ജി.പി പറഞ്ഞു.
‘ആരെയും പ്രത്യേക താത്പര്യത്തിന് പുറത്ത് സംരക്ഷിക്കില്ല. അത്തരം കുറ്റകൃത്യങ്ങളില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിലവരുടെ റാങ്കോ ഉദ്യോഗമോ ഒന്നും തന്നെ പരിഗണിക്കുന്നതല്ല,’ ഡി.ജി.പി വ്യക്തമാക്കി.
ഡി.ജി.പിയുടെ വാക്കുകള്‍ക്ക് പിന്നാലെ ബുധനാഴ്ച അര്‍ധ രാത്രിയോടെ ദവീന്ദര്‍ സിങിന് നല്‍കിയ ധീരതയ്ക്കുള്ള ശേര്‍-ഇ-കശ്മീര്‍ പുരസ്‌കാരം ജമ്മു ആന്‍ഡ് കശ്മീര്‍ ഗവണ്‍മെന്റ് തിരിച്ചെടുത്തു.
2013 ഫെബ്രുവരി 9ന് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു, അന്ന് കശ്മീര്‍ പൊലീസിലെ സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥനായിരുന്ന ദവീന്ദര്‍ സിങാണ് തന്നെ കേസില്‍ കുരുക്കിയതെന്ന് പറഞ്ഞിരുന്നു.
തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് അഫ്സുല്‍ ഗുരു 2004ല്‍ എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.
ജമ്മു-കശ്മീര്‍ ഹൈവേയിലൂടെ ദല്‍ഹിയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് ദവീന്ദര്‍ സിങ് തീവ്രവാദികളോടൊപ്പം പിടിയിലായത്. ശനിയാഴ്ച പിടിയിലാകുന്നതിന് മുന്‍പ് ദവീന്ദര്‍ സിങിന്റെ ഔദ്യോഗിക വസതിയിലാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച രാത്രി തങ്ങിയതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.