| Monday, 10th August 2020, 6:20 pm

ഷാ ഫൈസല്‍ രാഷ്ട്രീയം വിട്ടു; സിവില്‍ സര്‍വീസിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: മുന്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ (ജെ.കെ.പി.എം) അധ്യക്ഷ സ്ഥാനം രാജിവെച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്.

താന്‍ രാഷ്ട്രീയചുമതലകളില്‍ നിന്ന് ഒഴിയുന്നതായി ഷാ ഫൈസല്‍ അറിയിച്ചതായി പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.

‘സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളോട് താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിടുന്നുവെന്ന കാര്യം ഷാ ഫൈസല്‍ അറിയിച്ചിട്ടുണ്ട്. സംഘടനാചുമതലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.’

ഷാ ഫൈസലിന്റെ രാജി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവി കാര്യങ്ങള്‍ അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഭാവി എന്താകുമെന്ന് ഷാ സൂചിപ്പിച്ചിട്ടില്ലെങ്കിലും വീണ്ടും സിവില്‍ സര്‍വീസിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2010-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമനായിരുന്നു 37-കാരനായ ഷാ ഫൈസല്‍. കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍, മുസ്ലിംകളോടുള്ള വിവേചനം തുടങ്ങിയവയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് 2019-ല്‍ അദ്ദേഹം സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരെയും അദ്ദേഹം കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ ഷാ ഫൈസല്‍ അടക്കമുള്ള കശ്മീരിലെ നൂറോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jammu And Kashmir Leader Sha  Faesal Quits Politics

We use cookies to give you the best possible experience. Learn more