| Friday, 14th January 2022, 10:47 am

ഈദും റംസാനും അമുസ്‌ലിങ്ങള്‍ ആഘോഷിക്കണമെന്ന് ഉത്തരവിട്ടാല്‍ ബി.ജെ.പി എങ്ങനെ പ്രതികരിക്കും?; മകരസംക്രാന്തി ദിവസത്തെ സൂര്യനമസ്‌കാരത്തിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: മകരസംക്രാന്തി ദിവസം സൂര്യനമസ്‌കാരം നടത്തണമെന്ന് ജമ്മു കശ്മീരില്‍ കോളേജ് വിദ്യാര്‍ത്ഥികളോടും ഫാകല്‍റ്റിമാരോടും ആഹ്വാനം ചെയ്തത് വിവാദമാവുന്നു.

ജമ്മു കശ്മീര്‍ ഭരണകൂടമാണ് എല്ലാ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ മകരസംക്രാന്തി ദിവസം സൂര്യനമസ്‌കാരം ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നത്. മുസ്‌ലിം ഭൂരിപക്ഷമുള്ള കശ്മീരില്‍ ആദ്യമായാണ് വിദ്യാര്‍ത്ഥികളോട് ഇത്തരത്തില്‍ സൂര്യനമസ്‌കാരം ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഇത് തങ്ങളുടെ വിശ്വാസത്തിനെതിരാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് ആളുകള്‍ പ്രതികരിക്കുന്നത്.

”2022 ജനുവരി 14ന് മകരസംക്രാന്തി എന്ന പുണ്യാവസരത്തില്‍, ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി വലിയ തോതില്‍ വിര്‍ച്വല്‍ സൂര്യനമസ്‌കാരം സംഘടിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്,” ജമ്മു കശ്മീര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ, കോളേജ് വിഭാഗം ഡയറക്ടര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

ഊര്‍ജസ്വലതക്കായി സൂര്യനമസ്‌കാരം (Surya Namaskar for vitaltiy) എന്ന ടാഗ്‌ലൈനോട് കൂടി ജനങ്ങളെ കേന്ദ്രീകരിച്ച് പ്രോഗ്രാം നടത്താനാണ് ഉത്തരവ് പറയുന്നത്.

”എല്ലാ വിദ്യാര്‍ത്ഥികളും ഫാകല്‍റ്റി അംഗങ്ങളും ഇതില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം,” ഉത്തരവില്‍ പറയുന്നു.

സംഭവത്തെ ‘കേന്ദ്രസര്‍ക്കാരിന്റെ പി.ആര്‍ വര്‍ക്ക്’ എന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിശേഷിപ്പിച്ചത്. സൂര്യനമസ്‌കാരം ചെയ്യാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നത് വര്‍ഗീയമായ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും മുഫ്തി പ്രതികരിച്ചു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവുമായ ഒമര്‍ അബ്ദുല്ലയും സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

”മകരസംക്രാന്തി ആഘോഷിക്കാന്‍ വേണ്ടി എന്തിനാണ് യോഗയടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നത്. മകരസംക്രാന്തി ആഘോഷിക്കണമോ വേണ്ടയോ എന്നുള്ളത് ഓരോ വ്യക്തിയുടെയും ചോയ്‌സ് ആണ്.

ഈദ് ആഘോഷിക്കണമെന്ന് പറഞ്ഞ് മുസ്‌ലിങ്ങളല്ലാത്ത വിദ്യാര്‍ത്ഥികളോട് ഇതേ രീതിയില്‍ ഉത്തരവിട്ടാല്‍ ബി.ജെ.പിക്ക് സന്തോഷമാകുമോ,” ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

നാഷണല്‍ കോണ്‍ഫറന്‍സിന്റെ യൂത്ത് ലീഡര്‍ ഉമേഷ് തലാഷി, റുഹുല്ല മെഹ്ദി എന്നിവരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jammu and Kashmir government order to students of all colleges to perform Surya Namaskar on Makar Sankranti has triggered a controversy

We use cookies to give you the best possible experience. Learn more