ശ്രീനഗര്‍: അമര്‍നാഥ് യാത്ര വെട്ടിക്കുറച്ച് തീര്‍ഥാടകര്‍ എത്രയും വേഗം കശ്മീര്‍ വിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ്. ആഭ്യന്തരമന്ത്രാലയം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു.
‘വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ പറയുന്നത് കശ്മീര്‍ പുറത്തുനിന്നു വരുന്നവര്‍ക്കു സുരക്ഷിതമല്ലെന്നാണ്.’- വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നാണ് കേന്ദ്രവിശദീകരണം. അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെ പാക്കിസ്ഥാന് സൈന്യം ആക്രണം ലക്ഷ്യമിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍ സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അമര്‍നാഥ് തീര്‍ഥാടകര്‍ക്കും മറ്റ് വിനോദസഞ്ചാരികള്‍ക്കും അവരുടെ സന്ദര്‍ശനം ഉടനടി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദേശം ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയവും ഉണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ മറ്റു കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതെന്നും രാഷ്ട്രീയനേതാക്കള്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ സത്യപാല്‍ നായിക് വ്യക്തമാക്കി.
അമര്‍നാഥ് പാതയില്‍ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ മുന്‍നിര്‍ത്തി തീര്‍ഥാടനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം എത്തിയിരിക്കുന്നത്.
അമര്‍നാഥ് യാത്രാപാതയില്‍ നിന്ന് യു.എസ് സ്നൈപര്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തത് അമര്‍നാഥ് തീര്‍ഥയാത്രയ്ക്കു ഭീഷണി ഉണ്ടെന്നുള്ളതിന്റെ തെളിവാണെന്നും സൈന്യം ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.