ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് കശ്മീരി പണ്ഡിറ്റ് സംഘടനകള്‍. കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ വംശഹത്യ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് സംഘടനകള്‍ ബഹിഷ്‌കരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏതാനും കശ്മീരി പണ്ഡിറ്റ് നേതാക്കള്‍ ചേര്‍ന്ന യോഗത്തിലാണ് പ്രസ്തുത തീരുമാനമുണ്ടായത്.
മാറിമാറി വന്ന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ പ്രശ്‌നങ്ങളെ അധികാരത്തിനായുള്ള ആയുധമാക്കി മാറ്റുന്നത് കണ്ടിട്ടുണ്ടെന്ന് സംഘടനാ നേതാക്കള്‍ പ്രതികരിച്ചു. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തങ്ങളെ പ്രതിനിധീകരിക്കുന്നില്ല. തങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ഒരു പ്രക്രിയക്ക് വിശ്വാസ്യത നല്‍കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്ന് അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ടിറ്റോ ഗഞ്ചു പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും നിര്‍ബന്ധിത കുടിയിറക്കലും പരിഹരിക്കാതെയുള്ള തെരഞ്ഞെടുപ്പ് തങ്ങളുടെ സമൂഹത്തിന്റെ തുടച്ചുനീക്കലിന് അന്തിമരൂപം നല്‍കുമെന്ന് പനുന്‍ കശ്മീര്‍ ചെയര്‍മാന്‍ അജയ് ച്രുങ്കൂ ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്കെതിരെ നടന്ന അനീതികളെ അഭിസംബോധന ചെയ്യാത്ത ഒരു പ്രദേശത്ത് ഒട്ടനവധി മിഥ്യാധാരണകള്‍ സൃഷ്ടിക്കാനുള്ള ജനാധിപത്യത്തിന്റെ ഒരു നീക്കമാണ് ഈ തെരഞ്ഞെടുപ്പെന്നും പ്യാരെ ലാല്‍ കൗള്‍ ബുദ്ഗാമി പറഞ്ഞു.
അതേസമയം കശ്മീരി പണ്ഡിറ്റ് സമൂഹത്തിനെതിരായ വംശഹത്യ അംഗീകരിക്കുക, ജന്മനാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കുക, തങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും നേതാക്കള്‍ മുന്നോട്ടുവെക്കുന്നുണ്ട്.
വംശഹത്യ ഔദ്യോഗികമായി അംഗീകരിക്കാത്ത പക്ഷം നടക്കാനിരിക്കുന്ന മുഴുവന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും കാശ്മീരി പണ്ഡിറ്റുകള്‍ വിട്ടുനില്‍ക്കണമെന്ന് നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കശ്മീരി താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് 1990ല്‍ കശ്മീരി പണ്ഡിറ്റുകള്‍ ഈ മേഖലയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നിരുന്നു. കശ്മീരി പണ്ഡിറ്റുകളും മുസ്‌ലിങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നതിനാല്‍ പലായനം ചെയ്തവര്‍ക്ക് തിരികെ
താഴ്‌വരയിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നുമില്ല.
അതേസമയം ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായി 2024 സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്ന് വോട്ടെടുപ്പ് നടക്കും. 2024 ഒക്ടോബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. 90 നിയമസഭാ അംഗങ്ങള്‍ക്കായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് ജമ്മുവില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം ചേര്‍ന്നിരുന്നു. എന്നാല്‍ ഐ.എന്‍.സി-എന്‍.സി സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജമ്മു കശ്മീരിലെത്തിയ അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 ഒരു കാരണവശാലും പുനഃസ്ഥാപിക്കപ്പെടില്ലെന്നും പറഞ്ഞിരുന്നു.
Content Highlight: Jammu and Kashmir Elections; Kashmiri Pandit organizations decided to stay away