ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഇഖ്ബാല്‍ മാലിക് രാജിവെച്ചു. കശ്മീര്‍ പി.സി.സി പ്രസിഡന്റ് ഗുലാം അഹമദ് മിറിനാണ് ഇഖ്ബാല്‍ മാലിക് രാജി സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികൂലമായ ചില സാഹചര്യങ്ങളെ തുടര്‍ന്നാണ് താന്‍ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജി വെക്കുന്നതെന്നാണ് മുഹമ്മദ് ഇഖ്ബാല്‍ മാലിക് പറഞ്ഞത്.
‘പാര്‍ട്ടി നേതൃത്വം കോമയിലാണ്. ഞങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ഇവിടെ ആരുമില്ല. ഒരു പതിറ്റാണ്ട് മുമ്പ് താന്‍ പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയല്ല ഇപ്പോഴത്തേത്. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ ലോബിയാണ് അതില്‍ പ്രധാനമെന്നും’ ഇഖ്ബാല്‍ മാലിക് ചൂണ്ടിക്കാട്ടി.
ഗുജറാത്ത് നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാരായ അല്‍പേഷ് താക്കൂറും ദല്‍വാല്‍ സിങ് സലയും രാജിവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍ രാഹുല്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും അല്‍പേഷ് കുറ്റപ്പെടുത്തി.
‘ഞങ്ങള്‍ വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണ്’- അല്‍പേഷ് പറഞ്ഞിരുന്നു.
അതേസമയം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും മുംബൈ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മിലിന്ദ് ദിയോറയും ഇന്ന് രാജി വെച്ചിരുന്നു.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് മിലിന്ദ് ദിയോറ രാജിവെച്ചതെന്ന് വ്യക്തമാക്കിയിരുന്നു. രാജി വക്കുന്ന കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും കെ.സി വേണുഗോപാലിനെയും അറിയിച്ചതായും മിലിന്ദ് വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ.