ശ്രീനഗര്‍: ലോകത്തിലെ ആത്മീയതയുടെ ആസ്ഥാനം ഇന്ത്യയാണെന്ന് ജമ്മു കശ്മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍. ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ചേര്‍ത്തത് ഇന്ത്യന്‍ ആത്മീയതയെ ചെറുതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരമാധികാരം, ജനാധിപത്യം, റിപ്പബ്ലിക് എന്നിവയോടൊപ്പം സോഷ്യലിസം, മതേതരത്വം എന്നിവ കൂടി ഭരണഘടനയില്‍ ചേര്‍ത്തത് ആത്മീയതയെ നേര്‍ത്തതാക്കി,’ മിത്തല്‍ പറഞ്ഞു.
സോഷ്യലിസ്റ്റ് സ്വഭാവം ഇന്ത്യയില്‍ അന്തര്‍ലീനമായതിനാല്‍ എല്ലാ പൗരന്‍മാരേയും പരിപാലിക്കാന്‍ രാജ്യം പ്രാപ്തമായിരുന്നു.
‘പാണ്ഡവര്‍ മുതല്‍ മൗര്യന്മാര്‍, ഗുപ്തര്‍, മുഗളര്‍, ബ്രിട്ടീഷുകാര്‍ എന്നിവര്‍ ഇന്ത്യ ഭരിച്ചു, എന്നാല്‍ ഇന്ത്യയെ ഒരിക്കലും മുസ്‌ലീം രാഷ്ട്രമായോ ക്രിസ്ത്യന്‍ രാഷ്ട്രമായോ ഹിന്ദു രാഷ്ട്രമായോ നിര്‍വചിച്ചിട്ടില്ല, കാരണം ഇന്ത്യ ഒരു ആത്മീയ രാജ്യമായി അംഗീകരിക്കപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.
ഭരണഘടന ഭേദഗതികള്‍ നല്ലതാണെന്നും എന്നാല്‍ ദേശീയ താല്‍പര്യത്തെ മുന്‍നിര്‍ത്തിയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടന ഭേദഗതി മൂലം വന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവ ഭരണഘടനയിലെ ആമുഖത്തില്‍ ശരിയായ സ്ഥലത്താണോ ഉപയോഗിച്ചതെന്നും ഈ ഭേദഗതി ആവശ്യമുണ്ടോയെന്നും നമ്മള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മിത്തല്‍ പറഞ്ഞു.