| Thursday, 4th July 2024, 8:20 pm

ബസ് ഇടിച്ച് പശു ചത്തു; ജമ്മു കശ്മീരില്‍ ഡ്രൈവര്‍ക്ക് ഗോസംരക്ഷകരുടെ ക്രൂരമര്‍ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ബസ് ഇടിച്ച് പശു ചത്തതിന്റെ പേരില്‍ ജമ്മു കശ്മീരില്‍ ഡ്രൈവര്‍ക്ക് ഗോസംരക്ഷകരുടെ ക്രൂരമര്‍ദനം. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ ജൂലൈ രണ്ട് ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഡ്രൈവറെ സംഘം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഘാട്ടി മേഖലയില്‍ വെച്ചാണ് രമേഷ് കുമാര്‍ എന്ന ബസ് ഡ്രൈവറെ ഗോ സംരക്ഷകര്‍ മര്‍ദിച്ചത്. ബസ് ഇടിച്ച് പശു ചത്തതിന് പിന്നാലെ ഒരു സംഘം ആളുകള്‍ ഡ്രൈവറെ വലിച്ച് പുറത്തിറക്കി ആക്രമിക്കുകയായിരുന്നു.

മര്‍ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് ഖൗട്ട പൊലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഗോ സരംരക്ഷകരുടെ ആക്രമണം വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ 30ന് പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ രണ്ട് പേരെ ഗോ സംരക്ഷകര്‍ ആക്രമിച്ചിരുന്നു. ഇവര്‍ ട്രക്കില്‍ പശുക്കളെ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

എന്നാല്‍ ട്രക്ക് തുറന്ന് പരിശോധിച്ചപ്പോള്‍ അതില്‍ പശുക്കളല്ല നാരങ്ങയാണ് ഉള്ളതെന്ന് കണ്ടെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ജൂണ്‍ 16ന് ഹരിയാനയില്‍ ഇത്തരത്തില്‍ രണ്ട് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയിലെ ഒരു ഇറച്ചിക്കട ഉടമയെയും ഇറച്ചി വാങ്ങാനെത്തിയ ആളേയുമാണ് പശു സംരക്ഷകര്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചത്.

ജൂണ്‍ 15നും ഹരിയാനയില്‍ പശു സംരക്ഷകരുടെ ആക്രമണം ഉണ്ടായി. ഹരിയാനയിലെ മേവാത്ത് ഗ്രാമത്തില്‍ തോക്കുമായാണ് കശാപ്പ് ആരോപിച്ച് സംഘം മുസ്‌ലിം യുവാക്കളെ മര്‍ദിച്ചത്. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ഗോസംരക്ഷകര്‍ ഒരു ട്രക്ക് ഡ്രൈവറെയും മറ്റൊരു യാത്രക്കാരനെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Content Highlight:  Jammu and Kashmir: Bus driver assaulted by cow vigilantes after calf dies in accident

We use cookies to give you the best possible experience. Learn more