| Friday, 15th April 2022, 8:42 pm

കശ്മീരില്‍ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദ് വെടിയേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റിന്റെ വെടിവെച്ചുകൊന്നു. മന്‍സൂര്‍ അഹമ്മദ് എന്നയാളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയേറ്റതിനെതുടര്‍ന്ന് ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാരാമുള്ള ജില്ലയിലെ പഠാനില്‍വെച്ചാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്താനായി പ്രദേശം വളഞ്ഞിരിക്കുകയാണെന്നും അക്രമികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ജമ്മു കശ്മീരില്‍ നാല് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഷോപ്പിയാന്‍ ജില്ലയിലെ സൈനാപോര മേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന എത്തിയത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഏറ്റുമുട്ടല്‍ സ്ഥലത്തേക്കുള്ള യാത്രാമധ്യേ കണിപ്പോര ഗ്രാമത്തിന് സമീപം സൈനികവാഹനം മറിഞ്ഞ് രണ്ട് സൈനികരും മരിച്ചിരുന്നു. പരിക്കേറ്റ രണ്ട് സൈനികരെ ശ്രീനഗറിലെ സൈനികാശുപത്രിയിലേക്ക് മാറ്റി. അതിനിടെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

Content Highlights: Jammu and Kashmir BJP Sarpanch Manzoor Ahmed Bangroo killed by unidentified gunmen in Goshbugh area

We use cookies to give you the best possible experience. Learn more