| Monday, 29th July 2019, 10:47 pm

കശ്മീരില്‍ പിടിമുറുക്കാന്‍ ബി.ജെ.പി; മൂന്നുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പുണ്ടായേക്കും; കരുക്കള്‍ നീക്കാന്‍ നാളെ പാര്‍ട്ടി യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരുവര്‍ഷത്തോളമായി നീണ്ടുപോകുന്ന ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാന്‍ സാധ്യത. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പമാകും ഇതും നടക്കുക.

കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാര്‍ത്ത നല്‍കിയത്.

കഴിഞ്ഞവര്‍ഷം ജൂണ്‍ 20-നാണ് സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. ഭരണകക്ഷിയായ പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് സംസ്ഥാനത്ത് മെഹ്ബൂബ മുഫ്തിയുടെ സര്‍ക്കാര്‍ വീണത്. ആറുമാസം ഗവര്‍ണര്‍ ഭരണത്തിലായിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.

നവംബര്‍ 21-നാണ് 87 അംഗ നിയമസഭ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പിരിച്ചുവിട്ടത്. കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിന്തുണയോടെ പി.ഡി.പി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതോടെയായിരുന്നു ഇത്.

അതിനിടെ ചൊവ്വാഴ്ച ബി.ജെ.പി കേന്ദ്ര നേതൃത്വം കശ്മീരിലെ പാര്‍ട്ടി നേതാക്കളുടെ യോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണിത്.

അടുത്തമാസം അവസാനിക്കുന്ന അമര്‍നാഥ് തീര്‍ഥാടനത്തിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

നാളെ നടക്കുന്ന യോഗത്തില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്, സംസ്ഥാനാധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന തുടങ്ങിയവര്‍ പങ്കെടുക്കും. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ യോഗത്തില്‍ അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പാര്‍ട്ടി സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും പങ്കെടുത്തേക്കും.

നേരത്തേ രാം മാധവ് ഈവര്‍ഷം തന്നെ സംസ്ഥാനത്തു തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം പാര്‍ലമെന്റിലും ഉന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more