ന്യൂദല്‍ഹി: ഒരുവര്‍ഷത്തോളമായി നീണ്ടുപോകുന്ന ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാന്‍ സാധ്യത. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പമാകും ഇതും നടക്കുക.
കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാര്‍ത്ത നല്‍കിയത്.
കഴിഞ്ഞവര്‍ഷം ജൂണ്‍ 20-നാണ് സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. ഭരണകക്ഷിയായ പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് സംസ്ഥാനത്ത് മെഹ്ബൂബ മുഫ്തിയുടെ സര്‍ക്കാര്‍ വീണത്. ആറുമാസം ഗവര്‍ണര്‍ ഭരണത്തിലായിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.
നവംബര്‍ 21-നാണ് 87 അംഗ നിയമസഭ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പിരിച്ചുവിട്ടത്. കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിന്തുണയോടെ പി.ഡി.പി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതോടെയായിരുന്നു ഇത്.
അതിനിടെ ചൊവ്വാഴ്ച ബി.ജെ.പി കേന്ദ്ര നേതൃത്വം കശ്മീരിലെ പാര്‍ട്ടി നേതാക്കളുടെ യോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണിത്.