| Friday, 23rd August 2024, 9:33 pm

തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഇരട്ട നേട്ടവുമായി ഇംഗ്ലണ്ടിന്റെ പടക്കുതിര!

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഓള്‍ഡ് ട്രാള്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്സില്‍ 74 ഓവര്‍ കളിച്ചു 236 റണ്‍സിന് ഔട്ട് ആവുകയായിരുന്നു ലങ്ക. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 358 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാമി സ്മിത്താണ്. ആറാം നമ്പറില്‍ ഇറങ്ങിയ താരം 148 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 111 റണ്‍സ് നേടിയാണ് പുറത്തായത്. കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാതെവന്ന ഇംഗ്ലണ്ടിന് ജാമിയുടെ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടമാണ് തുണയായത്. ടെസ്റ്റില്‍ ജാമിയുടെ ആദ്യ സെഞ്ച്വറിനേട്ടമാണിത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കാന്‍ ജാമിക്ക് സാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന് വേണ്ടി സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറാകാനാണ് ജാമിക്ക് സാധിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍, വയസ്

ജാമി സ്മിത് – 24 വയസ് 42 ദിവസം

ലെസ് അമേസ് – 24 വയസ് 60 ദിവസം

അലന്‍ നോട്ട് – 24 വയസ് – 333 ദിവസം

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ നിഷാന്‍ മധുശങ്കയെ പൂജ്യത്തിന് പറഞ്ഞയച്ചായിരുന്നു ഇംഗ്ലണ്ട് തുടങ്ങിയത്. ക്രിസ് വോക്‌സാണ് ലങ്കയുടെ ആദ്യ ചോര വീഴ്ത്തിയത്.

പിന്നീട് പൂജ്യം റണ്‍സിന് കുശാല്‍ മെന്‍ഡിസിനെ ഗസ് ആറ്റ് കിങ്‌സനും പറഞ്ഞയച്ചതോടെ 27 റണ്‍സ് നേടിയ ദിമുത്ത് കരുണരത്മയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. മാര്‍ക്ക് വുഡാണ് ദിമുത്തിന്റെ വിക്കറ്റ് നേടിയത്. ശേഷം വിക്കറ്റ് കീപ്പര്‍ ദിനേഷ് ചണ്ടിമല്‍ റിട്ടയേഡ് ഔട്ടായതിന് പിറകെ ക്യാപ്റ്റന്‍ ധനഞ്ജയ സില്‍വയെ മാത്യൂ പോട്ട് 11 റണ്‍സിന് കൂടാരം കയറ്റി. നിലവില്‍ ക്രീസില്‍ 54 റണ്‍സ് നേടി ആഞ്ചലോ മാത്യൂസും 14 റണ്‍സ് നേടി കമിന്ദു മെന്‍ഡിസുമാണുള്ളത്.

Content Highlight: Jamie Smith In Record Achievement In Test Cricket

Latest Stories

We use cookies to give you the best possible experience. Learn more