പാരീസ് സെന്റ് ഷെര്‍മാങ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ക്ലബ്ബ് വിടുന്നതാണ് നല്ലതെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുന്‍ ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ ജാമി കാരഗര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് പിന്നാലെയാണ് കാരഗറിന്റെ പ്രതികരണം.
പി.എസ്.ജി വിടാന്‍ ഇതാണ് ഉചിതമായ സമയമെന്നും ഇപ്പോള്‍ അങ്ങനെയൊരു നീക്കം നടത്തിയാല്‍ താരത്തിന്റെ ഭാവി സുരക്ഷിതമാകുമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.എസ് സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു കാരഗര്‍.
‘കിലിയന്‍ എംബാപ്പെക്ക് പി.എസ്.ജി വിടാന്‍ ഇതാണ് യഥാര്‍ത്ഥ സമയം. ഉടന്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത് താരത്തിന് ഗുണം ചെയ്യും. പി.എസ്.ജിയില്‍ തുടരുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും നേടാന്‍ ഉണ്ടെന്ന് തോന്നുന്നില്ല,’ കാരഗര്‍ പറഞ്ഞു.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഉയര്‍ന്ന വേതനം വാഗ്ദാനം നല്‍കി പി.എസ്.ജി താരത്തിന്റെ ഓഫര്‍ പുതുക്കുകയായിരുന്നു. 2024 വരെയാണ് എംബാപ്പെയുടെ കരാര്‍ പുതുക്കിയിരുന്നത്.
ഈ സീസണില്‍ മികച്ച പ്രകടനമാണ് എംബാപ്പെ പാരീസിയന്‍ ക്ലബ്ബില്‍ കാഴ്ചവെക്കുന്നത്. 30 മത്സരങ്ങളില്‍ നിന്ന് 30 ഗോളും എട്ട് അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്. ഇതുവരെ 201 ഗോളുകള്‍ നേടി പി.എസ്.ജിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും എംബാപ്പെ നേടിയിരുന്നു.
അതേസമയം, ചൊവ്വാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ ഫ്രഞ്ച് വമ്പന്മാരെ പരാജയപ്പെടുത്തുന്നത്.
നിലവില്‍ ലീഗ് വണ്ണില്‍ 26 മത്സരങ്ങളില്‍ നിന്ന് 20 വിജയങ്ങളോടെ 63 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. മാര്‍ച്ച് 12ന് ബ്രെസ്റ്റ് എഫ്.സിക്കെതിരെയാണ് പാരിസ് ക്ലബ്ബിന്റെ അടുത്ത മത്സരം.