ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ വിജയത്തിന് പിന്നാലെ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലായെ പുകഴ്ത്തി ലിവര്‍പൂള്‍ ഇതിഹാസ താരം ജെയ്മി കാരഗര്‍. സലയെ റൊണാള്‍ഡോയുമായി താരതമ്യം ചെയ്താണ് കാരഗര്‍ താരത്തെ പ്രശംസിച്ചത്.
‘സലായുടെ റെക്കോഡുകളും കളിക്കളത്തില്‍ തുടരുന്നതും കണക്കിലെടുക്കുമ്പോള്‍ അവന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലെവലിവാണ്. 35ാം വയസെത്തുമ്പോള്‍ മിക്ക താരങ്ങളും കരിയര്‍ അവസാനിച്ചതായി സ്വയം സമ്മതിക്കും.
എന്നാല്‍ (പ്രാക്ടീസിലൂടെ) അവന്‍ സ്വയം പരിപാലിക്കുന്നത് കാണുമ്പോള്‍ അവന്‍ 40 വയസുവരെയോ 30കളുടെ അവസാനം വരെയോ കളത്തില്‍ തുടരുമെന്നാണ് എനിക്ക് തോന്നുന്നത്,’ കാരഗര്‍ പറഞ്ഞു.
അതേസമയം, മാഞ്ചസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടെന്‍ ഹാഗിന്റെ ചെകുത്താന്‍മാര്‍ പരാജയപ്പെട്ടത്. ലിവര്‍പൂളിനായി ലൂയീസ് ഡയസ് ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ 32കാരന്‍ സലയുടെ ബൂട്ടില്‍ നിന്നുമാണ് മൂന്നാം ഗോള്‍ പിറന്നത്.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ചാണ് ദി റെഡ്‌സ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.
മൂന്ന് മത്സരത്തില്‍ നിന്നും ഒമ്പത് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. നേടിയ ഗോളിന്റെ എണ്ണമാണ് ഒന്ന്, രണ്ട് സ്ഥാനക്കാരെ തമ്മില്‍ വേര്‍തിരിക്കുന്നത്.