കണ്ണൂര്‍: ഇന്ത്യ ഒരു മുസ്‌ലിം രാഷ്ട്രമായി മാറാതിരിക്കാന്‍ രാജ്യത്തെ ഹിന്ദുക്കള്‍ ജാതിവ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കണമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.ജാമിദ ടീച്ചര്‍. കണ്ണൂരില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിലായിരുന്നു ജാമിദ ടീച്ചറുടെ വിവാദ പരാമര്‍ശം.
സമൂഹത്തെ നവീകരിക്കാന്‍ ശ്രമിച്ചതിനാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. അത് തന്നെയാണ് ചേകന്നൂര്‍ മൗലവിക്കും ദീന്‍ദയാല്‍ ഉപാദ്ധ്യായയ്ക്കും സംഭവിച്ചതെന്നും ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ മരണം ദുരൂഹമാണെന്നും ജാമിദ പറഞ്ഞു.
മുത്തലാഖ് ബില്ലിനെ അനുകൂലിച്ചതിനും ഇസ്ലാമിലെ അനീതികള്‍ക്കെതിരെ പ്രതികരിച്ചതിനും തനിക്കെതിരെ വധശ്രമം വരെയുണ്ടായി. എന്നിട്ടും ഇടതു പുരോഗമ സമൂഹം പിന്തുണച്ചില്ല. എന്നാല്‍ കുരീപ്പുഴയ്ക്ക് എല്ലാവരും പിന്തുണയുമായി എത്തിയെന്നും അവര്‍ പറഞ്ഞു.
“വേദി നോക്കാതെ മതവികാരം വ്രണപ്പെടുത്തിയാണ് കുരീപ്പുഴ സംസാരിച്ചത്. കുരീപ്പുഴയോട് സംഘാടകര്‍ വിയോജിപ്പ് അറിയിക്കുക മാത്രമാണ് ചെയ്തത്. കുരീപ്പുഴയ്ക്ക് അത് മറ്റൊരു വേദിയില്‍ പറയാമായിരുന്നു. എതിര്‍പക്ഷത്ത് മുസ്‌ലിം ഉണ്ടായിരുന്നുവെങ്കില്‍ കുരീപ്പുഴയ്ക്ക് പിന്തുണ ലഭിക്കില്ലായിരുന്നു. തന്നെ കൊല്ലാന്‍ നോക്കിയത് മുസ്‌ലിം നാമധാരിയാണ്. അതുകൊണ്ട് തനിക്ക് പിന്തുണയും ലഭിച്ചില്ലെന്ന്” ജാമിദ ടീച്ചര്‍ പറഞ്ഞു.
മുസ്‌ലിങ്ങള്‍ക്ക് വേണ്ടി മാത്രമാണ് മുസ്‌ലിംലീഗും എസ്.ഡി.പി.ഐയും നിലകൊള്ളുന്നതെന്നും അവര്‍ തന്നെ സംഘപരിവാര്‍ ആയി ചിത്രീകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം ഉണ്ടാവൂ എന്നും മതഭേദമില്ലാതെ ആര്‍ക്കും പ്രസംഗിക്കാവുന്ന സംഘടനകളാണ് ബി.ജെ.പിയും ആര്‍.എസ്. എസ് എന്നും ജാമിദ ടീച്ചര്‍ പറഞ്ഞു.
ഇന്ത്യയിലാദ്യമായി ജുമുഅ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി ജാമിദ ടീച്ചര്‍ അടുത്തിടെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇതിന്റെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു.