| Saturday, 11th February 2023, 4:18 pm

ഇന്ത്യ മുസ്‌ലിങ്ങളുടെ ആദ്യ ജന്മനാട്; മോദിക്കും മോഹന്‍ ഭാഗവതിനുമുള്ള അതേ അവകാശം മഹ്മൂദിനുമുണ്ട്; ജമാഅത്ത് ഉലമെ ഹിന്ദ് അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിനും ഇന്ത്യക്ക് മേല്‍ എത്രമാത്രം അവകാശമുണ്ടോ അത്രയും അവകാശം തനിക്കുമുണ്ടെന്ന് ജമാഅത്ത് ഉലമെ ഹിന്ദ് അധ്യക്ഷന്‍ മഹ്മൂദ് മദനി.

ന്യൂദല്‍ഹിയിലെ രാം ലീല മൈതാനത്ത് വെച്ച് നടന്ന ജമാഅത്ത് ഉലമെ ഹിന്ദിന്റെ 34ാം പൊതു സമ്മേളനത്തില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യ നമ്മുടെ രാജ്യമാണ്. ഈ രാജ്യം എത്രമാത്രം നരേന്ദ്ര മോദിക്കും മോഹന്‍ ഭാഗവതിനും സ്വന്തമാണോ അത്രത്തോളം തന്നെ മഹ്മൂദിനും സ്വന്തമാണ്. മഹ്മൂദ് അവരേക്കാള്‍ ഒരിഞ്ച് മുകളില്ല, അതുപോലെ അവരും മഹ് മൂദിനേക്കാള്‍ ഒരു പടി മുന്നിലല്ല. തുല്യ അവകാശമാണ് എല്ലാവര്‍ക്കുമുള്ളത്,’ മഹ്മൂദ് മദനി പറഞ്ഞു.

ഇസ്‌ലാം പുറത്ത് നിന്നും വന്ന മതമാണെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മഹ്മൂദ് മദനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയാണ് മുസ്‌ലിങ്ങളുടെ ആദ്യ ജന്മനാടെന്നും അദ്ദേഹം പറഞ്ഞു. എ.എന്‍.ഐയാണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്.

‘ഇതാണ് മുസ്‌ലിങ്ങളുടെ ആദ്യ ജന്മനാട്. ഇസ്‌ലാം ഇവിടെയുള്ള മതമല്ലെന്നും പുറത്ത് നിന്നും ഈ നാട്ടിലേക്ക് വന്നതാണെന്നുമുള്ള വാദങ്ങളെല്ലാം പൂര്‍ണമായും തെറ്റാണ്. അടിസ്ഥാനരഹിതമായ ജല്‍പനങ്ങളാണ് അവ. എല്ലാ മതങ്ങളിലും വെച്ച് ഏറ്റവും പുരാതനമായ മതമാണ് ഇസ്‌ലാം,’ മഹ്മൂദ് മദനി പറഞ്ഞു.

രാജ്യത്ത് ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രസംഗങ്ങളും വ്യാപകമാകുന്നതിലെ ആശങ്കയും അദ്ദേഹം പ്രസംഗത്തില്‍ പ്രകടിപ്പിച്ചു. അടുത്ത കാലത്തായി മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളൊടൊപ്പം ഇസ്‌ലാമോ ഫോബിയയും രാജ്യത്ത് ശക്തമാവുകയാണെന്ന് അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളുണ്ടാകണമെന്നും മഹ്മൂദ് മദനി ആവശ്യപ്പെട്ടു.

മുസ് ലിങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവും മതപരവും പൗരവകാശപരവുമായ അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ജമാഅത്ത് ഉലമെ ഹിന്ദ്.

ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ്, മതസ്വാതന്ത്ര്യം, മുസ്‌ലിം വ്യക്തി നിയമം, മദ്രസകളുടെ സ്വയംഭരണാവകാശം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight:  Jamiat Ulema-e-Hind Chief says India belongs to Mahmood as much as it belongs to PM Modi, Mohan Bhagwat

We use cookies to give you the best possible experience. Learn more