| Thursday, 14th November 2024, 8:44 am

ബുള്‍ഡോസ് രാജിലേത് ചരിത്രപരമായ വിധിയെന്ന് ജംഇയ്യത്ത് ഉലമ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബുള്‍ഡോസ് രാജില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് പ്രധാന ഹര്‍ജിക്കാരായ ജംഇയ്യത്ത് ഉലമ ഐ ഹിന്ദ്. ചരിത്രപരമായ വിധിയെന്ന് വിശേഷിപ്പിച്ച ഹരജിക്കാര്‍ ഈ വിധി ഭാവിയില്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടു.

കോടതി തങ്ങളുടെ വാദങ്ങളെയെല്ലാം അംഗീകരിച്ചെന്നും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഒരാളുടെ വീടു തകര്‍ക്കുന്നത് കേവലം ശിക്ഷയല്ലെന്നും മറിച്ച് കുറ്റകൃത്യമാണെന്നും ജംഇയ്യത്ത് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന് ഇത്തരം വിഷയങ്ങളില്‍ ഒരിക്കലും ജഡ്ജിനെപ്പോലെ ശിക്ഷകള്‍ വിധിക്കാന്‍ കഴിയില്ലെന്നും ശരിയും തെറ്റും എതാണെന്ന് വിധിക്കാനുള്ള അധികാരം നീതിപീഠത്തിന് മാത്രമാണുള്ളതെന്നും വിധിയെ സ്വാഗതം ചെയ്ത് ജംഇയ്യത്ത് നേതാക്കള്‍ പറഞ്ഞു.

‘ബുള്‍ഡോസ് രാജിന്റെ തുടക്കത്തില്‍ തന്നെ ഏതെങ്കിലും ഒരു വ്യക്തി കുറ്റം ചെയ്താല്‍ അവരുടെ കുടുംബങ്ങള്‍ക്ക് അതിന്റെ ശിക്ഷ നല്‍കേണ്ടതില്ലെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ആ കാര്യം ഇപ്പോള്‍ കോടതി വിധിയിലും പ്രതിഫലിക്കുകയുണ്ടായി,’ ജംഇയ്യത്തിന്റെ ഒരു വിഭാഗം പ്രസിഡന്റ് അര്‍ഷദ് മദനി പ്രതികരിച്ചു.

അതേസമയം ബുള്‍ഡോസ്‌ രാജില്‍ വീട് നഷ്ടപ്പെട്ട ഹരജിക്കാരും തങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദയ്പൂരിലെ റാഷിദ് ഖാനും രത്ലമിലെ മുഹമ്മദ് ഹുസൈനും സുപ്രീം കോടതിയുടെ വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി. തങ്ങളുടെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്നും പൊളിക്കലിന്റെ ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

‘വിജയത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പക്ഷേ അത് പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ല. നഷ്ടപരിഹാരത്തിനായി ഞങ്ങള്‍ പോരാടും. ഇതൊരു അപൂര്‍ണ്ണ വിജയമാണ്. ആഘോഷിക്കാന്‍ എന്താണ് ഉള്ളത്? ഞാന്‍ ഇപ്പോഴും ടാര്‍പോളിന്‍ വിരിച്ച വീട്ടിലാണ് ജീവിക്കുന്നത്. എനിക്ക് വാടകയ്ക്ക് വീട് തരാന്‍ ആരും തയ്യാറല്ല,’ ഹുസൈന്‍ ദി ഹിന്ദുവിനോട് പറഞ്ഞു.

”ഞങ്ങള്‍ കോടതിയില്‍ വലിയ പ്രതീക്ഷകള്‍ വച്ചിരുന്നു. ഇപ്പോള്‍ പൊളിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചെങ്കിലും ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് വിധിയില്‍ പറഞ്ഞിട്ടില്ല. നഷ്ടപരിഹാരത്തിനായി ഞാന്‍ എവിടെയാണ് പോവുക? പൊളിക്കുന്ന സമയത്ത് വീട്ടില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ അധികാരികള്‍ എനിക്ക് ഒരു ദിവസത്തെ സമയം പോലും നല്‍കിയില്ല. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലാകട്ടെ മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലും ഒന്നും ലഭിച്ചില്ല,’ ഹുസൈന്‍ പറഞ്ഞു. മധ്യപ്രദേശ് സ്വദേശിയാണ് ഇയാള്‍

‘വാടകക്കാരന്റെ മകന്‍ ഹിന്ദു സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി എന്നാരോപിച്ചാണ് എന്റെ വീട് തകര്‍ത്തത്. വിധിയില്‍ ഞാന്‍ സന്തുഷ്ടനാണ്, പക്ഷേ അത് ഭാഗിക വിജയം മാത്രമാണ്. ബുള്‍ഡോസര്‍രാജിലൂടെ വീടുകള്‍ പൊളിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചെങ്കിലും എനിക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഞാനൊരു ടെമ്പോ ഡ്രൈവറാണ്. നഷ്ടപരിഹാരം ലഭിക്കാത്തപ്പോള്‍ വീട് എങ്ങനെയാണ് പുനര്‍നിര്‍മിക്കുക? എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്?,’ ഉദയ്പൂര്‍ സ്വദേശിയായ റാഷിദ് ഖാന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ബുള്‍ഡോസര്‍ രാജില്‍ സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. വസ്തുവിന്റെ ഉടമയ്ക്ക് 15 ദിവസത്തെ മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെയും നിയമപരമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും കെട്ടിടങ്ങള്‍ പൊളിക്കരുതെന്നാണ് സുപ്രീം കോടതി നിര്‍ദേശം.

രജിസ്ട്രേഡ് തപാല്‍ മുഖേന ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും നിര്‍ദിഷ്ട നോട്ടീസ് കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നോട്ടീസില്‍ അനധികൃത നിര്‍മാണത്തിന്റെ സ്വഭാവം, നിയമ ലംഘനത്തിന്റെ വിശദാംശങ്ങള്‍, പൊളിക്കുന്നതിനുള്ള അടിസ്ഥാന കാരണം എന്നിവ അടങ്ങിയിരിക്കണം.

പൊളിക്കുന്നത് വീഡിയോഗ്രാഫ് ചെയ്യണം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് കോടതി അവഹേളനത്തിന് കാരണമാകും എന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ജസ്റ്റിസ് ബി.ആര്‍. ഗവായ് , ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Content Highlight: Jamiat Ulama said that the verdict in Bulldozer Raj is historic; Victims seeking compensation

We use cookies to give you the best possible experience. Learn more