വിവാഹം ജീവശാസ്ത്രപരമായ പുരുഷനും സ്ത്രീയും തമ്മിലുള്ളത്; സ്വവര്‍ഗ വിവാഹത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ജംഇയത്തുല്‍ ഉലമ ഐ ഹിന്ദ്
national news
വിവാഹം ജീവശാസ്ത്രപരമായ പുരുഷനും സ്ത്രീയും തമ്മിലുള്ളത്; സ്വവര്‍ഗ വിവാഹത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ജംഇയത്തുല്‍ ഉലമ ഐ ഹിന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 11:45 pm

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം കുടുംബ വ്യവസ്ഥക്കെതിരാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ വിശ്വസിക്കുന്ന പല മതങ്ങളിലെയും വ്യക്തി നിയമങ്ങള്‍ക്ക് എതിരാണിതെന്നും ജംഇയത്തുല്‍ ഉലമ ഐ ഹിന്ദ്. സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കുന്നതിനെതിരെ ജംഇയത്തുല്‍ ഉലമ ഐ ഹിന്ദ് സുപ്രീം കോടതിയില്‍ ഹരജി നല്‍കി.

മൗലാന മഹ്‌മുദ് മദനി മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.

‘എല്ലാ വ്യക്തിനിയമങ്ങളിലും വിവാഹം എന്ന് പറയുന്നത് ജീവശാസ്ത്രപരമായ പുരുഷനും സ്ത്രീയും തമ്മിലാണ്. എന്നാല്‍ സ്വവര്‍ഗ വിവാഹം കുടംബം ഉണ്ടാക്കുന്നതിന് പകരം കുടുംബവ്യവസ്ഥയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇസ്‌ലാം നിയമത്തില്‍ സ്വവര്‍ഗ രതി നിഷിദ്ധമാണ്. ഇത് വിവാഹ വ്യവസ്ഥയ്ക്കുമെതിരാണ്.

പുതുതായി വരുന്ന വ്യവസ്ഥകളെ അടിസ്ഥാനമാക്കി വിവാഹത്തെ മാറ്റാന്‍ പാടില്ല. വിവാഹം എന്ന വ്യവസ്ഥയില്‍ സ്വവര്‍ഗ വിവാഹത്തെ ഉള്‍പ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളില്‍ നിയമ വിധേയമാക്കിയത് പോലെ ഇന്ത്യയില്‍ സാധിക്കില്ല. പല കിഴക്കന്‍ രാജ്യങ്ങളും ഇപ്പോഴും ഒരേ ലിംഗത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തെ അംഗീകരിച്ചിട്ടുമില്ല,’ ഹരജിയില്‍ പറയുന്നു.

നേരത്തെ സ്വവര്‍ഗ വിവാഹത്തിനെതിരെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരും സത്യവാങ്മൂലം നല്‍കിയിരുന്നു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.

ഇന്ത്യന്‍ സംസ്‌കാരത്തിനും ജീവിതരീതിക്കും സ്വവര്‍ഗ വിവാഹം എതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ഇത് വ്യത്യസ്ത ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവരുടെ വിവാഹത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ വരില്ലെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.

സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെതിരെ സുപ്രീം കോടതിക്ക് മുന്നില്‍ ഹിന്ദുത്വവാദികളും പ്രതിഷേധവുമായി വന്നിരുന്നു.

സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നും സുപ്രീം കോടതി ഹരജികള്‍ കേള്‍ക്കരുതെന്നുമാവശ്യപ്പെയിരുന്നു ഹിന്ദു ഐക്യമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

content highlight: Jamiat Ulama-i-Hind against same sex marraiage