ന്യൂദല്‍ഹി: മദ്രസകളുടെ സര്‍വേ സംബന്ധിച്ച വിഷയത്തിലും പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലും ബി.ജെ.പിക്ക് നിശബ്ദ പിന്തുണയുമായി ജംഇയ്യത്തുല്‍ ഉലമ-എ- ഹിന്ദ്. ഔദ്യോഗികമായി ബി.ജെ.പി അനുകൂല നിലപാടുകളോ പ്രഖ്യാപനങ്ങളോ നടത്തിയിട്ടില്ലെങ്കിലും ജംഇയ്യത്തുല്‍ ഉലമ ബി.ജെ.പി അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ റെയ്ഡ് നടന്നപ്പോഴും ജംഇയ്യത്തുല്‍ ഉലമ മൗനം പാലിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സത്യസന്ധവും വ്യക്തവുമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടെങ്കിലും പി.എഫ്.ഐക്ക് ഒപ്പമാണെന്നോ എതിരാണെന്നോ പറയുന്നില്ലെന്നും നിയമം ആ വഴിക്ക് നടക്കട്ടെയെന്നുമായിരുന്നു പ്രതികരണം. അതേസമയം ഉത്തര്‍പ്രദേശിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി സര്‍ക്കാര്‍ നടത്താനിരുന്ന സര്‍വേക്ക് പരിപൂര്‍ണ പിന്തുണയായിരുന്നു സംഘടന പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ മദ്രസകളില്‍ സര്‍വേ നടത്തണമെന്ന ഉത്തരവിറക്കിയപ്പോള്‍ പിന്തുണ നല്‍കിയ ജംഇയ്യത്തുല്‍ ഉലമ, വരുന്ന അധ്യയന വര്‍ഷത്തില്‍ സി.ബി.എസ്.ഇ സ്ഥാപനങ്ങളിലും നിന്നും പഠനം പൂര്‍ത്തിയാക്കിവര്‍ക്ക് മാത്രമേ ദാറുല്‍ ഉലൂം മദ്രസകളില്‍ പ്രവേശന അനുമതി ലഭിക്കൂവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് വരെ സംസ്ഥാനത്ത് നടന്ന സര്‍വേ പ്രകാരം ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സംഘടന പറഞ്ഞിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ ഇരുനൂറോളം മദ്രസകളുടെ അധികൃതര്‍ ചേര്‍ന്ന് നടത്തിയ യോഗത്തില്‍ മദ്രസകളെ സംരക്ഷിക്കുമെന്ന നിലപാടായിരുന്നു സംഘടന സ്വീകരിച്ചത്.
പൗരത്വ ബില്ല് അവതരിപ്പിച്ച സമയത്തും ജംഇയ്യത്തുല്‍ ഉലമ ഇതേ പിന്തുണ നല്‍കിയിരുന്നു. രാജ്യത്ത് മുസ്‌ലിം വിഭാഗങ്ങളെ ഈ നിയമത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ ഈ പ്രസ്താവന പുറത്തുവന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെയായിരുന്നു ഷഹീന്‍ബാഗില്‍ പ്രതിഷേധം നടന്നതും.
ഇതിന് പിന്നാലെ ജംഇയ്യത്ത് അധ്യക്ഷന്‍ അര്‍ഷദ് മദാനി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അന്ന് ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞത് അസമില്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമല്ല ഹിന്ദുക്കള്‍ക്കും വീട് നഷ്ടമായിട്ടുണ്ടെന്നും മതത്തിന് പുറമെ ദുരിതത്തിലായ മനുഷ്യരോടൊപ്പം നില്‍ക്കുന്നു എന്നുമായിരുന്നു.
ജംഇയ്യത്ത് നേരത്തെ കോണ്‍ഗ്രസുമായി അടുത്തിരുന്നു. ഇന്ന് കോണ്‍ഗ്രസിന്റെ നിലനില്‍പ്പില്‍ തന്നെ ആശങ്കകളാണ്. ഈ സാഹചര്യത്തില്‍ സംഘടനയുടെ നിലനില്‍പ്പും ചോദ്യചിഹ്നമാണെന്നായിരുന്നു ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകന്റെ പ്രതികരണം.
‘ജംഇയ്യത്ത് കോണ്‍ഗ്രസുമായി അടുത്തിരുന്നു എന്നത് ശരിയാണ്, പക്ഷേ ഇന്ന് കോണ്‍ഗ്രസ് എവിടെയാണ്? ഇത് അസ്തിത്വപരമായ ഒത്തുതീര്‍പ്പാണ്. ഒരു മത്സ്യത്തിന് വെള്ളത്തില്‍ നില്‍ക്കാന്‍ അതിലുള്ള മുതലയോട് പൊരുതാന്‍ കഴിയില്ല,’ എന്നാണ് ജംഇയ്യത്ത് അംഗത്തിന്റെ പ്രതികരണം.
Content Highlight: jamiat silently supports BJP says reports