| Monday, 2nd December 2024, 8:34 am

മോദിക്കും നിയമപാലക ഏജൻസികൾക്കും എതിരെ മുദ്രാവാക്യം വിളിക്കരുത്; ജാമിയ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി അധികാരികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിയമ നിർവഹണ ഏജൻസികൾക്കെതിരെയും മുദ്രാവാക്യം വിളിക്കുന്നതിനെതിരെ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി ജാമിയ മില്ലിയ ഇസ്‌ലാമിയ. ഭരണഘടനാപരമായ ഉന്നതർക്ക് എതിരായ പ്രതിഷേധങ്ങളും ധർണകളും സർവകലാശാലയിൽ അനുവദനീയമല്ലെന്നും ലംഘനങ്ങൾക്ക് കർശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർ എം.ഡി മഹ്താബ് ആലം ​​റിസ്വി പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിലാണ് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിക്കും മറ്റ് നിയമ നിർവഹണ ഏജൻസികൾക്കും എതിരെ ചില വിദ്യാർത്ഥികൾ സർവ്വകലാശാല അധികാരികളെ അറിയിക്കാതെ മുദ്രാവാക്യം വിളിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. ഇവർക്കെതിരെ കർശന നടപടികൾ എടുക്കുന്നതാണെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു.

നവംബർ 29 ൽ പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ പ്രതിഷേധങ്ങൾക്കും ധർണകൾക്കും മുൻകൂർ അനുമതി ആവശ്യമാണെന്ന് വിദ്യാർത്ഥികളോട് പറയുകയും ചെയ്യുന്നു.

‘സർവകലാശാലാ ക്യാമ്പസിന്റെ ഒരു ഭാഗത്തും ഭരണഘടനാപരമായ വിശിഷ്ട വ്യക്തികൾക്കെതിരെ പ്രതിഷേധങ്ങളോ ധർണകളോ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതോ അനുവദിക്കില്ല. സർവകലാശാലയുടെ നിർദേശത്തിന് വിരുദ്ധമായി അത്തരം തെറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് അച്ചടക്കനടപടി ആരംഭിക്കും’ മെമ്മോറാണ്ടത്തിൽ പറയുന്നു.

മെമ്മോറാണ്ടത്തിനെതിരെ വിദ്യാർത്ഥി സംഘടനകളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. ഇടതുപക്ഷ പിന്തുണയുള്ള ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (AISA) നിർദേശത്തെ അപലപിച്ചു. ഇത് അക്കാദമിക് സ്ഥാപനങ്ങളിലെ സംഘപരിവാറിൻ്റെ സ്വേച്ഛാധിപത്യത്തിന്റെ പ്രതിഫലനമാണെന്ന് അവർ വിമർശിച്ചു.

‘ഈ നിർദ്ദേശം കേവലം വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണം മാത്രമല്ല. മറിച്ച് , ഇത് ഒരു സർവ്വകലാശാലയുടെ സത്തയ്ക്ക് നേരെയുള്ള ആക്രമണമാണ്. വിയോജിപ്പിനെ ക്രമക്കേടുമായി തുലനം ചെയ്യുന്നതിലൂടെ, ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ബി.ജെ.പിയുടെ വലിയ പദ്ധതിയിൽ സർവകലാശാല ഭരണകൂടം പങ്കാളികളാവുകയാണ്. രാജ്യത്തുടനീളമുള്ള ജാമിയ അവിടെയുള്ള വിദ്യാർത്ഥികളുടേതാണ്. അല്ലാതെ ബി.ജെ.പിയുടെയോ സംഘ്പരിവാറിന്റെയോ ആർ.എസ്.എസിന്റെയോ അല്ല,’ A.I.S.A പറഞ്ഞു.

Content Highlight: Jamia warns students against raising slogans against PM Modi, law enforcement agencies

Latest Stories

We use cookies to give you the best possible experience. Learn more