ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ വാഴ്സ്റ്റിക്ക് പുറത്ത് സി.എ.എ , എന്‍.ആര്‍.സി വിരുദ്ധ ചിത്രങ്ങള്‍ വരച്ച് ജാമിഅ മിലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികള്‍. സര്‍വ്വകലാശാലക്ക് പുറത്തുള്ള റോഡില്‍ ആണ് വിദ്യാര്‍ഥികള്‍ ചിത്രം വരച്ച് പ്രതിഷേധിച്ചത്.
വായിക്കാനും എഴുതാനും കഴിയാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനായി റോഡിന്റെ വശത്ത് ‘സ്‌കൂള്‍ ഓഫ് റെവലൂഷന്‍’ ആരംഭിച്ചിട്ടുണ്ട്.
ജാമിയ നഗറിലെ നാട്ടുകാര്‍ക്കൊപ്പമാണ് പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍സിക്കുമെതിരെ സര്‍വ്വകലാശാലയ്ക്ക് പുറത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്.
ജീവിക്കാന്‍ അനുവദിക്കുക, എന്റെ രാജ്യം, എന്റെ ഭരണഘടന’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജാമിഅക്ക് പുറത്തുള്ള റോഡില്‍ വരച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കാരിക്കേച്ചറും വരച്ചിട്ടുണ്ട്.
വ്യാഴാഴ്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം നീണ്ടുനിന്ന നിരാഹാര സമരം ആചരിക്കുകയും ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷന്‍ (ജെ.ടി.എ) ‘ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക’ എന്ന പ്രതിജ്ഞയെടുക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ സൊഹൈല്‍ ഹാഷ്മിയും പ്രശസ്ത ചലച്ചിത്ര-നാടക കലാകാരന്‍ എം.കെ റെയ്നയും ചടങ്ങില്‍ സംസാരിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ പൗരത്വ ഭേദഗതി നിമയത്തിനെതിരെ ജാമിഅ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 15ന് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ദല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
പൊലീസ് അക്രമത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ജാമിഅ മിലിയയിലെ മൂന്നു വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പരാതി നല്‍കിയിട്ടുണ്ട്. രാഹുല്‍ കപൂര്‍, ഖ്വാസിം ഉസ്മാനി, അഖ്വിബ് റിസ്വാന്‍ എന്നീ വിദ്യാര്‍ത്ഥികളും ജാമിഅ മിലിയയിലെ അധ്യാപക സംഘടനയുടെ സെക്രട്ടറി പ്രൊഫ. മജീദ് ജാമിലുമാണ് പൊലീസിന്റെ ആക്രമണങ്ങള്‍ ചൂണ്ടിക്കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് തിങ്കളാഴ്ച പരാതി നല്‍കിയത്.