| Monday, 16th December 2024, 11:07 am

വിദ്യാർത്ഥികൾ സി.എ.എ വിരുദ്ധ സമര വാർഷികം ആഘോഷിക്കാതിരിക്കാൻ ക്ലാസ്സുകളും ലൈബ്രറിയും പൂട്ടി ജാമിയ മില്ലിയ ഇസ്‌ലാമിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വിദ്യാർത്ഥികൾ സി.എ.എ വിരുദ്ധ സമര വാർഷികം ആഘോഷിക്കാതിരിക്കാൻ ക്ലാസ്സുകളും ലൈബ്രറിയും പൂട്ടി ജാമിയ മില്ലിയ ഇസ്‌ലാമിയ. 2019 ലെ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളുടെയും കാമ്പസിലെ പൊലീസ് ക്രൂരതയുടെയും വാർഷിക അനുസ്മരണ പരിപാടി നടത്താൻ വിദ്യാർത്ഥി സംഘടന പദ്ധതിയിട്ടിരുന്നു. എന്നാൽ അന്നേദിവസം ജാമിയ മില്ലിയ ഇസ്‌ലാമിയ ക്ലാസുകൾ നിർത്തിവച്ച് ലൈബ്രറിയും കാൻ്റീനും അടച്ചുപൂട്ടി.

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ക്ലാസുകളും കാൻ്റീനും ലൈബ്രറിയും ഉച്ചയ്ക്ക് 1 മണി മുതൽ അടഞ്ഞുകിടക്കുമെന്ന് കാണിച്ച് ക്യാമ്പസ് ഭരണകൂടം ശനിയാഴ്ച രാത്രി മൂന്ന് സർക്കുലറുകൾ പുറപ്പെടുവിച്ചു.

ഒരു വിഭാഗം വിദ്യാർത്ഥികൾ സർക്കുലർ പുറത്തിറക്കിയ സമയത്തെ ചോദ്യം ചെയ്തു. സമാധാനപരമായ പ്രതിഷേധത്തിനുള്ള തങ്ങളുടെ അവകാശത്തെ അടിച്ചമർത്താനുള്ള ശ്രമമാണിതെന്ന് അവർ ആരോപിച്ചു.

വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കുന്നത് തടയാൻ വേണ്ടിയാണ് സർവകലാശാലാ ഭരണകൂടത്തിൻ്റെ ഈ തീരുമാനമെന്ന് ഇടതുപക്ഷ പിന്തുണയുള്ള ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ ) ആരോപിച്ചു.

‘യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷൻ ക്യാമ്പസ് പൂർണ്ണമായും അടച്ചുപൂട്ടുകയും പ്രദേശത്തിന് ചുറ്റുമുള്ള എല്ലാ പ്രവർത്തനങ്ങളും തടയാൻ പൊലീസിനെ ക്യാമ്പസിന്റെ അകത്തും പുറത്തും നിലയുറപ്പിക്കുകയും ചെയ്തു. 2019 ഡിസംബർ 15 ന്, ദൽഹി പൊലീസ് ഞങ്ങളുടെ സുഹൃത്തുക്കളെ പരിക്കേൽപ്പിച്ചു. ഞങ്ങളുടെ ക്യാമ്പസ് നശിപ്പിച്ചു. ഇന്ന്, ആ ഭീകരദിനം ഓർക്കാൻ പോലും അവർ വിസമ്മതിക്കുന്നു,’ എ.ഐ.എസ്.എ പറഞ്ഞു.

ക്യാമ്പസിനുള്ളിൽ നിന്നുള്ള പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിച്ചിരിന്നുവെന്നും ഉള്ളിലുള്ളവരെ പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം വിലക്കിയിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

എ.ഐ.എസ്.എയുടെ ആരോപണത്തിൽ സർവകലാശാലാ ഭരണകൂടത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് 2019 ഡിസംബർ 15 ന് ദൽഹി പൊലീസ് ജാമിയ കാമ്പസിൽ പ്രവേശിച്ചിരുന്നു. തുടർന്ന് അക്രമം ഉണ്ടാവുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ മർദിക്കുകയും ലൈബ്രറി നശിപ്പിക്കുകയും ചെയ്യുന്ന വീഡിയോകൾ രാജ്യവ്യാപകമായി രോഷം സൃഷ്ടിച്ചു.

ക്യാമ്പസിന് പുറത്ത് സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെ തീവെപ്പിലും അക്രമത്തിലും ഏർപ്പെട്ട വിദ്യാർത്ഥികളല്ലാത്തവരെ അന്വേഷിക്കുന്നതിനാണ് തങ്ങൾ ക്യാമ്പസിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് വാദിച്ചു.

Content Highlight: Jamia shuts classes, library on anti-CAA protest anniversary; student body hits out

We use cookies to give you the best possible experience. Learn more