ന്യൂദല്‍ഹി: ജാമിഅ വെടിവെപ്പിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംഭവത്തില്‍ ദല്‍ഹി പൊലീസിനോട് വിശദീകരണം തേടുമെന്നും കുറ്റവാളിയെ വെറുതെ വിടില്ലെന്നും അമിത്ഷാ പറഞ്ഞു.
‘ജാമിഅയിലെ വെടിവെപ്പിനെകുറിച്ച് ദല്‍ഹി പൊലീസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെടും
. സംഭവത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെടും. ഇത്തരം സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ല. സംഭവത്തില്‍ പ്രതിയെ വെറുതെ വിടില്ല.’ അമിത് ഷാ പറഞ്ഞു.
ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു .ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.
പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.
ജാമിഅ മിലിയ വെടിവെപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയും രംഗത്തെത്തിയിരുന്നു.