| Tuesday, 13th July 2021, 8:26 am

മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകണമെന്ന് ആഹ്വാനം; സി.എ.എ. സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത യുവാവ് വീണ്ടും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാമിഅ സര്‍വകലാശാലയില്‍ പൗരത്വഭേദഗതി വിരുദ്ധ സമരക്കാര്‍ക്ക് നേരെ വെടിവെച്ച യുവാവ് മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റില്‍. പട്ടൗഡിയിലെ മഹാപഞ്ചായത്തില്‍ വെച്ചായിരുന്നു പ്രസംഗം. മുസ്‌ലിങ്ങളെ ആക്രമിക്കണമെന്നും മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്.

സി.എ.എ. സമരക്കാര്‍ക്കെതിരായ വെടിവെയ്പ്പിന് ശേഷം ‘ഗോഡ്‌സെ രണ്ടാമന്‍’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. മതപരിവര്‍ത്തനം, ലൗ ജിഹാദ്, ജനസംഖ്യാ നിയന്ത്രണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. വിശ്വഹിന്ദു പരിക്ഷത്ത്, ബജ്‌റംഗ് ദള്‍, ഗ്രാമമുഖ്യന്മാര്‍, വിവിധ ഗോരക്ഷാ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി നടന്നത്.

ഇതേ ചടങ്ങില്‍ വെച്ചുതന്നെ ബി.ജെ.പി. ഹരിയാന സംസ്ഥാന ഘടകം വക്താവും കര്‍ണി സേനാ തലവനുമായ സുരാജ് പാല്‍ അമുവും മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. നൂറോളം പൊലീസുകാരെ സാക്ഷിനിര്‍ത്തിയായിരുന്നു ഇത്. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജാമിഅ വരെ പോയിട്ടുണ്ടെങ്കില്‍ പട്ടൗഡി അത്ര അകലെയല്ലെന്നും മുസ്‌ലിംങ്ങളെ ആക്രമിച്ച് റാം റാം എന്ന് വിളിപ്പിക്കണമെന്നുമെല്ലാമായിരുന്നു പ്രസംഗത്തില്‍ യുവാവ് പറഞ്ഞത്.

സി.എ.എ. വിരുദ്ധ സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ക്കുന്ന യുവാവ് (ഫയല്‍ ചിത്രം)

2020 ജനുവരി 30നായിരുന്നു ജാമിഅമില്ലിയ സര്‍വകലാശാലയില്‍ സി.എ.എ. വിരുദ്ധ സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. 17 വയസ്സായിരുന്നു അറസ്റ്റിലാവുമ്പോള്‍ ഇയാളുടെ പ്രായം. പിന്നീട് ഒരു മാസം ജുവനൈല്‍ തടവില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഇയാള്‍ക്കൊപ്പം തന്നെ മുസ്‌ലിം വിദ്വേഷപ്രസംഗം നടത്തിയ സുരാജ് പാല്‍ അമുവിനെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല. നിങ്ങള്‍ക്ക് ഈ രാജ്യത്ത് ചരിത്രം സൃഷ്ടിക്കണമെങ്കില്‍, ചരിത്രമായിത്തീരണമെന്ന് കൊതിയില്ലെങ്കില്‍ ഇനിയിവിടെ തൈമൂറോ ഔറംഗസേബോ ബാബറോ ഹൂമയൂണോ ജനിക്കരുതെന്നും മുസ്‌ലിങ്ങളെ രാജ്യത്ത് ജീവിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു സുരാജ് പാല്‍ അമുവിന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jamia shooter arrested for pataudi speech against muslims

We use cookies to give you the best possible experience. Learn more